election

കൊച്ചി: സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പിൽ ഇന്ന് അഞ്ചുജില്ലകൾ വിധിയെഴുതും. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലെ 451 തദ്ദേശസ്ഥാപനങ്ങളിലെ 8116 വാർഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.

ഇന്നലെ വൈകിട്ട് മൂന്നുമണിക്കുശേഷം കൊവിഡ് പോസിറ്റീവായവർക്കും ക്വാറന്റീനിലായവർക്കും അവസാന ഒരു മണിക്കൂറിൽ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താൻ ക്രമീകരണമൊരുക്കും. പി ജെ ജോസഫ്– ജോസ് കെ മാണി വിഭാഗങ്ങളുടെ പിളർപ്പിനുശേഷം തിരഞ്ഞെടുപ്പിനെ നേരിടുന്ന കേരള കോൺഗ്രസിന് നിർണായകമായ വിധിയെഴുത്താണ് ഇന്ന്.

കൊച്ചി, തൃശൂർ കോർപ്പറേഷനുകളിലേക്കും തീപാറും പോരാട്ടമാണ് നടക്കുന്നത്. 98,57, 208 വോട്ടർമാരാണ് രണ്ടാംഘട്ടത്തിൽ വോട്ടു രേഖപ്പെടുത്തേണ്ടത്. 12, 643 പോളിംഗ് ബൂത്തുകളിൽ 473 എണ്ണം പ്രശ്‌നബാധിത ബൂത്തുകളുടെ വിഭാഗത്തിലുളളവയാണ്.