
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 6,92,05,721 ആയി. അഞ്ച് ലക്ഷത്തിലധികം പുതിയേ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. 15,74,705 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം നാല് കോടി എഴുപത്തിയൊമ്പത് ലക്ഷം കടന്നു. അമേരിക്ക, ഇന്ത്യ,ബ്രസീൽ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്.
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുളള അമേരിക്കയിൽ 2,20,271 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി അമ്പത്തിയെട്ട് ലക്ഷം കടന്നു. മരണസംഖ്യ 2,96,620 ആയി ഉയർന്നു. തൊണ്ണൂറ്റി രണ്ട് ലക്ഷം പേരാണ് രോഗമുക്തി നേടിയത്.
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 98 ലക്ഷത്തിലേക്ക് അടുക്കുകയാണ്. മരണം 1,41,735 ആയി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം നാല് ലക്ഷത്തിൽ താഴെയായി. ഇത് ആകെ രോഗബാധിതരുടെ 4.1 ശതമാനം മാത്രമാണ്. രോഗമുക്തി നിരക്ക് 94 ശതമാനമായി ഉയർന്നു.
ബ്രസീലിലും രോഗവ്യാപനം രൂക്ഷമാകുകയാണ്. അറുപത്തിയേഴ് ലക്ഷത്തിലധികം കൊവിഡ് ബാധിതരാണ് ബ്രസീലിലുളളത്. 1,79,032 പേർ മരിച്ചു. അമ്പത്തിയെമ്പത് ലക്ഷം പേർ രോഗമുക്തി നേടി എന്നത് ആശ്വാസം നൽകുന്നു. രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് നാലാം സ്ഥാനത്ത് റഷ്യയാണ്. രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 25,41,199 ആയി.