swapna-suresh

തിരുവനന്തപുരം: ഉന്നതർക്കെതിരെ മൊഴി നൽകാതിരിക്കാൻ ഭീഷണിപ്പെടുത്തിയെന്ന സ്വപ്‌ന സുരേഷിന്റെ ആരോപണം അന്വേഷിച്ച ജയിൽ ഡി ഐ ജി ഇന്ന് റിപ്പോർട്ട് കൈമാറും. ജയിൽ മേധാവി ഋഷിരാജ് സിംഗിനാണ് റിപ്പോർട്ട് നൽകുന്നത്. സ്വപ്‌നയുടെ ആരോപണങ്ങൾ തളളുന്നതാണ് റിപ്പോർട്ടെന്നാണ് സൂചന. സ്വർണക്കടത്ത് കേസിൽ ഉന്നതർക്കെതിരെ രഹസ്യമൊഴി നൽകിയതിനാൽ തന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് സ്വപ്‌ന സുരേഷ് കോടതിയെ അറിയിച്ചത്.

സ്വപ്‌നയുടെ ആരോപണങ്ങൾ തെളിയിക്കുന്ന തെളിവുകളൊന്നും ഇതുവരെ ജയിൽ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്നാണ് ജയിൽ വൃത്തങ്ങളിൽ നിന്നും അറിയുന്നത്. ഒക്ടോബർ 14ന് സ്വപ്‌നയെ ജയിലിൽ എത്തിച്ചത് മുതലുളള സി സി ടി വി ദൃശ്യങ്ങൾ ജയിൽ ഡി ഐ ജി അജയ് കുമാർ പരിശോധിച്ചു. സന്ദർശക രജിസ്റ്ററും അദ്ദേഹം പരിശോധിച്ചു.

കേന്ദ്ര അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥരും വിജിലൻസ് ഉദ്യോഗസ്ഥരും അഞ്ച് ബന്ധുക്കളുമാണ് സ്വപ്‌നയെ ജയിലിൽ കണ്ടിരിക്കുന്നതെന്നാണ് ജയിൽ ഉദ്യോഗസ്ഥർ പറയുന്നത്. ചോദ്യം ചെയ്യലും കൂടിക്കാഴ്‌ചയുമെല്ലാം ജയിൽ ഉദ്യോഗസ്ഥരുടെ സാനിദ്ധ്യത്തിലായിരുന്നുവെന്നാണ് സൂപ്രണ്ടിന്റെ മൊഴി.

അഭിഭാഷകൻ എഴുതി തയ്യാറാക്കിയ അപേക്ഷയിൽ ഒപ്പിടുക മാത്രമേ ചെയ്‌തുളളൂ എന്നും ജയിലിൽ ഭീഷണിയില്ലന്നും സ്വപ്‌ന ഡി ഐ ജിക്ക് മൊഴി നൽകിയെന്നാണ് സൂചന. ഈ മൊഴി ഡി ഐ ജി ജയിൽ മേധാവിക്ക് നൽകുന്ന റിപ്പോർട്ടിൽ ഉണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്.