
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് , വയനാട് ജില്ലകളാണ് ഇന്ന് തിരഞ്ഞെടുപ്പ്. ആദ്യ ഘട്ട തിരഞ്ഞെടുപ്പിലെ ഉയർന്ന പോളിംഗ് മുന്നണികൾക്ക് ഒരേ സമയം പ്രതീക്ഷയും ആശങ്കയും സമ്മാനിക്കുന്നുണ്ട്. രണ്ടാംഘട്ടത്തിലും പോളിംഗ് ഉയരുമെന്നാണ് മുന്നണികളുടെ കണക്കുകൂട്ടൽ.
അഞ്ച് ജില്ലകളിലായി 99 ലക്ഷത്തോളം വോട്ടർമാരാണുളളത്. 457 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ്. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറുവരെയാണ് പോളിംഗ്. ഇന്നലെ മൂന്ന് മണിക്ക് ശേഷം കൊവിഡ് സ്ഥിരീകരിച്ചവർക്ക് പി പി ഇ കിറ്റണിഞ്ഞ് പോളിംഗിന്റെ അവസാന മണിക്കൂറിൽ വോട്ട് ചെയ്യാം.
കോട്ടയത്ത് കേരള കോൺഗ്രസിന്റെ കൂടുമാറ്റം എങ്ങനെ പ്രതിഫലിക്കുമെന്ന് ഇന്നത്തെ തിരഞ്ഞെടുപ്പിൽ വ്യക്തമാകും. കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശനം നേട്ടമാകുമെന്ന് കരുതുന്ന ഇടതുമുന്നണിക്കും, കേരള കോൺഗ്രസ് എം പോയത് തങ്ങളെ ബാധിക്കില്ലെന്ന് അവകാശപ്പെടുന്ന യു ഡി എഫിനും അഭിമാന പോരാട്ടമാണ് ഇന്ന്.
രണ്ട് തവണ തുടർച്ചയായി കൊച്ചി കോർപറേഷൻ ഭരണം പിടിച്ച യു ഡി എഫ് ഭരണം നിലനിർത്താനുളള കഠിന പരിശ്രമത്തിലാണ്. എന്നാൽ ജനപിന്തുണ തങ്ങൾക്കാണെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. ഇന്നത്തെ വോട്ടെടുപ്പിൽ ബി ജെ പിക്ക് വലിയ പ്രതീക്ഷകളുളള രണ്ട് ജില്ലകളാണ് തൃശൂരും പാലക്കാടും. തൃശൂർ കോർപ്പറേഷനിലേക്ക് കൂടുതൽ മുന്നേറ്റം ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. പാലക്കാട് നഗരസഭ ഭരണം തിരികെ പിടിക്കാനാണ് ഇടതുമുന്നണിയുടെ ശ്രമം.