harikumar

തിരുവനന്തപുരം: ഇന്ന് ലോക മനുഷ്യാവകാശ ദിനമാണ്. ഐക്യരാഷ്‌ട്രസഭ സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം അംഗീകരിച്ചതിന്റെ ഓർമ്മപുതുക്കൽ എന്നതിലുപരി, തങ്ങളുടെ അവകാശങ്ങളെകുറിച്ച് ലോകത്തിലെ ഓരോ മനുഷ്യനും ബോധവാന്മാരാകേണ്ടതിന്റെ ആവശ്യകത കൂടിയാണ് ഡിസംബർ 10 ഓർമ്മിപ്പിക്കുന്നത്. ഒരാൾക്ക് നിഷേധിക്കപ്പെടുന്ന അവകാശം പൊതുസമൂഹത്തിന്റെ കൂടി അവകാശങ്ങളുടെ ലംഘനമാണെന്ന് വിലയിരുത്തപ്പെടുന്നു. ആ വിശ്വാസത്തിലൂന്നിയ പ്രവർത്തനങ്ങളിലൂടെ മനുഷ്യാവകാശങ്ങളുടെ കാവലാളായി മാറിയ ജീവിതമാണ് ഹരികുമാറിന്റെത്.

ചുറ്റുമുളളവർക്ക് സംഭവിക്കുന്ന നിഷേധങ്ങൾ കണ്ടുനിൽക്കാൻ കഴിയാത്തതുകൊണ്ടുതന്നെ മനുഷ്യാവകാശ സംരക്ഷണത്തിനായി ഏതറ്റംവരെയും പോകാൻ ഈ തിരുവനന്തപുരം സ്വദേശി സദാസജ്ജനാണ്. മനുഷ്യ മസ്‌തിഷ്‌കത്തെ കാർന്നുതിന്നുന്ന മെനിഞ്ചൈറ്റിസ് എന്ന മാരക രോഗം പരത്തുന്ന ആഫ്രിക്കൻ ഒച്ച് മുതൽ അമേരിക്കൻ മാവ് എന്നറിയപ്പെടുന്ന മൈദയ്‌ക്കെതിരായ പോരാട്ടം വരെ നീളുന്നതാണ് ഹരികുമാറിന്റെ മനുഷ്യാവകാശ പ്രവർത്തനങ്ങൾ.

ആഫ്രിക്കൻ ഒച്ചുകളിൽ നിന്ന് മനുഷ്യരിൽ തലച്ചോറിനെ ബാധിക്കുന്ന മാരക രോഗങ്ങൾ ഉണ്ടാകുമെന്ന പഠനറിപ്പോർട്ട് ഞെട്ടിക്കുന്നതായിരുന്നു. ഇസ്‌നോഫില്ലിക് മെനിഞ്ചൈറ്റിസ് എന്ന രോഗമാണ് ഇവ പരത്തുക. തിരുവനന്തപുരത്ത് ഒരു വീട്ടമ്മ മരിക്കാനിടയായ സാഹചര്യം ആഫ്രിക്കൻ ഒച്ചിന്റെശരീരദ്രവം തലച്ചോറിൽ എത്തിയതിനെ തുടർന്നാണെന്ന് കണ്ടെത്തുകയുണ്ടായി. ഇതിനെ തുടർന്നാണ് ആഫ്രിക്കൻ ഒച്ചിനെ പൂർണമായും കേരളത്തിൽ നിന്ന് നിർമാർജ്ജനം ചെയ്യണമെന്ന ആവശ്യവുമായി 2015ൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനെ താൻ സമീപിക്കാൻ ഇടയാക്കിയതെന്ന് ഹരികുമാർ പറയുന്നു. തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എത്രയും വേഗം തന്നെ ആഫ്രിക്കൻ ഒച്ചിനെ നിർമാർ‌ജനം ചെയ്യണമെന്നും, ജനങ്ങൾക്കിടയിൽ ഇതിന്റെ ദൂഷ്യവശം സംബന്ധിച്ച് ബോധവൽകരണം നടത്താനുളള നടപടികൾ സ്വീകരിക്കണമെന്നും കമ്മിഷൻ ഉത്തരവിട്ടു.

തിരുവനന്തപുരം നഗരത്തിലെ മാലിന്യ നിർമാർജ്ജനത്തിലെ അപാകതയായിരുന്നു മറ്റൊരു പ്രശ്‌നം. ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും ഒരുസമയത്ത് തിരുവനന്തപുരത്തെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ച ഒന്നായിരുന്നു മാലിന്യ നിർമാർജനത്തിന്റെ അഭാവം. 2012ൽ ഇത് ശ്രദ്ധയിൽപെട്ടപ്പോൾ, മാലിന്യ സംസ്‌കരണ പ്ളാന്റ് എത്രയും വേഗം യാഥാർത്ഥ്യമാക്കേണ്ടതിന്റെ വസ്‌തുതകൾ ചൂണ്ടിക്കാട്ടി ദേശീയ മനുഷ്യാവകാശ കമ്മിഷന് ഹരികുമാർ അപേക്ഷ നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കമ്മിഷൻ, തിരുവനന്തപുരം നഗരസഭയോടും ചീഫ് സെക്രട്ടറിയോടും വിശദീകരണം തേടി. പിന്നെയും നാലു വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ വിളപ്പിൽശാലയിലെ മാലിന്യനിർമാർജന പ്ളാന്റ് എല്ലാ മുൻകരുതലുകളും സ്വീകരിച്ച് സുഗമമായി പ്രവർത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിടുകയായിരുന്നു.

എന്നാൽ, തന്നെ ഏറ്റവും വേദനിപ്പിച്ച സംഭവങ്ങളിലൊന്ന് ആലപ്പുഴ സ്വദേശിയായ ഒരു സിആർപിഎഫ് ജവാന്റെ മരണമായിരുന്നുവെന്ന് ഹരികമാർ‌ ഓർമ്മിക്കുന്നു. കിണറ്റിൽ വീണ് മരിച്ചു എന്നായിരുന്നു വാർത്ത. മരണത്തേക്കാൾ വേദന നൽകിയത് അദ്ദേഹത്തിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവായിരുന്നു. പ്ളാസ്‌റ്റിക് കവറിൽ അഴുകിയ നിലയിലാണ് ഭൗതികദേഹം നാട്ടിലെത്തിച്ചത്. ഇതിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷനെ ഞാൻ സമീപിച്ചു. വാട്ടർടാങ്കിൽ വീണുമരിക്കാനിടയായ സാഹചര്യം, മൃതദേഹം അഴുകാനുണ്ടായ സാഹചര്യം എന്നിവയിൽ വിശദമായ അന്വേഷണം വേണമെന്ന് കാണിച്ചായിരുന്നു അപേക്ഷ നൽകിയത്.

പരാതി അടിയന്തരമായി പരിശോധിച്ച കമ്മിഷൻ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സിആർപിഎഫ് ഡയറക്‌ടർ എന്നിവർക്ക് കത്ത് നൽകി. ഛത്തീസ്ഗഡിൽ വച്ചാണ് സംഭവം നടന്നതെന്ന് അന്വേഷണത്തിനൊടുവിൽ കണ്ടെത്തി. മൃതദേഹം സൂക്ഷിക്കാനുള്ള ശീതികരണ സംവിധാനത്തിന്റെ അഭാവവും ഹെലികോപ‌്‌ടറിന്റെ ലഭ്യതക്കുറവുമാണ് കാരണമായി പറഞ്ഞത്. ഒടുവിൽ ഛത്തിസ്ഗഡ് ജില്ലാ മെഡിക്കൽ ഓഫീസറെ സസ്‌പെൻഡ് ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തി. തുടർന്ന് ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തു നിന്നുണ്ടായ വീഴ്‌ചയാണ് ജവാന്റെ മരണത്തിനും, മൃതദേഹത്തിന്റെ അവസ്ഥയ‌്ക്കും കാരണമെന്ന് കണ്ടെത്തിയതോടെ സി ആർ പി എഫിന് എവിടെയെല്ലാം വാട്ടർ ടാങ്കുകളുണ്ടോ അവിടെയെല്ലാം അവ സുരക്ഷിതമായി മൂടിയിരിക്കണമെന്ന് സി ആർ പി എഫ് ഡയറക്‌ടർക്ക് കമ്മിഷൻ ഉത്തരവ് നൽകി.

ഹരികുമാറിന്റെ നിരന്തരമായ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കിഴക്കേകോട്ടയിലടക്കം തലസ്ഥാനത്തെ മേൽപ്പാലങ്ങളുടെ നിർമ്മാണത്തിന് അധികാരികൾ പച്ചക്കൊടി വീശിയത്. ഇതിനും സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് വേണ്ടി വന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഏറ്റവും വലിയ ശത്രു ആരെന്ന് ചോദിച്ചാൽ ഹരികുമാറിന് ഉത്തരം ഒന്നേയുളളൂ; മൈദ. 'അമേരിക്കൻ മാവ്' എന്നാണ് മൈദയെ ഇദ്ദേഹം വിശേഷിപ്പിക്കുന്നത്. അമേരിക്ക, ചൈന പോലുള്ള രാജ്യങ്ങൾ പടിക്ക് പുറത്തു നിറുത്തുന്ന മൈദയെ മലയാളികൾ ഇരുംകൈയും നീട്ടിയാണ് സ്വീകരിക്കുന്നതെന്ന പരാതിയാണ് ഹരികുമാറിനുളളത്. ഭക്ഷ്യസുരക്ഷയുടെ നഗ്നമായ ലംഘനമാണ് മൈദയുടെ ഇറക്കുമതിയിലൂടെ നടക്കുന്നത്. നല്ല ഭക്ഷണം കഴിക്കാനുള്ള അവകാശത്തെ സ്വയം നിഷേധിക്കുകയോ, അല്ലെങ്കിൽ കച്ചവടതാൽപര്യങ്ങൾക്ക് വിധേയരാകുകയോ ആണ് ഇതിലൂടെ നടക്കുന്നെന്ന് ഹരികുമാർ വ്യക്തമാക്കുന്നു. 2006ലെ ഭക്ഷ്യ സുരക്ഷ ആക്‌ടിൽ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്‌തുക്കളുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് പ്രത്യേകം പറയുന്നുണ്ട്. ഇത് കേരളത്തിൽ നടപ്പാക്കുന്നില്ല. ഇതാവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ഹരി നൽകിയ പരാതിയിൽ നടപടികൾ പുരോഗമിക്കുകയാണ്.

മനുഷ്യാവകാശദിനം ഒരു ദിവസത്തെ ആചാരമായി മാറേണ്ടെ ഒന്നല്ലെന്നും, ഒരാൾ നേടിയെടുക്കുന്ന അവകാശത്തിന്റെ ഗുണം അനുഭവിക്കുന്നത് അയാൾക്ക് ചുറ്റുമുള്ള സമൂഹം ആണെന്ന് ഹരികുമാർ ഓർമ്മിപ്പിക്കുന്നു. നിഷേധിക്കപ്പെടുന്ന അവകാശങ്ങൾ പുനസ്ഥാപിച്ചെടുക്കാൻ ഏതൊരാൾക്കും സാധിക്കും. ഒരു അഭിഭാഷകന്റെ സഹായം പോലും ഇതിന് ആവശ്യമില്ല. ദേശീയ- സംസ്ഥാന മനുഷ്യാവകാശ കമ്മിഷനുകളെ ജനങ്ങൾ വേണ്ടവിധത്തിൽ ഉപയോഗിക്കണമെന്നാണ് സ്വന്തം ജീവിതത്തിലൂടെ ഹരി പറയുന്നതും കാണിച്ചുതരുന്നതും.