ministers

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി മികച്ച ഭൂരിപക്ഷം നേടുമെന്ന് മന്ത്രി എ സി മൊയ്‌തീൻ. ഇടതുസർക്കാർ തുടരണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. ഇത് വോട്ടായി മാറുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. എൽ ഡി എഫിന് മികച്ച ഭൂരിപക്ഷം ഉണ്ടാകും. യു ഡി എഫിൽ കലാപമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കൂട്ടായ്‌മ ഇല്ലാത്ത മുന്നണികൾക്ക് ജനം എങ്ങനെ വോട്ട് ചെയ്യുമെന്ന് ചോദിച്ച അദ്ദേഹം ഇടതു സർക്കാരിന്റെ നേട്ടങ്ങൾ വോട്ടായി മാറുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. കോൺഗ്രസിന്റെ ജമാ അത്തെ ഇസ്ലാമി, ബി ജെ പി അവിശുദ്ധ സഖ്യത്തെ മതേതരത്വം ആഗ്രഹിക്കുന്ന ജനങ്ങൾ തളളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ വിവാദങ്ങളെല്ലാം യു ഡി എഫും മാദ്ധ്യമങ്ങളും ഉണ്ടാക്കിയെടുത്തതാണ്. ഇതിന് തെളിവുകളില്ല. വീട് മുടക്കുന്നവർക്കല്ല വീട് നൽകുന്നവർക്കാണ് ജനം വോട്ട് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിലെ തെക്കുംകര പനങ്ങാട്ടുകരയിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

തൃശൂരിൽ എൽ ഡി എഫ് മികച്ച വിജയം നേടുമെന്ന് മന്ത്രി സി രവീന്ദ്രനാഥും പറഞ്ഞു. സംസ്ഥാനമൊട്ടാകെ എൽ ഡി എഫ് മുന്നേറ്റമുണ്ടാകും. കോർപ്പറേഷനിൽ ബി ജെ പി സാന്നിദ്ധ്യമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.