shoes

തണുപ്പുകാലത്ത് കൊവിഡ് വൈറസിന്റെ രണ്ടാംഘട്ട വ്യാപനമുണ്ടാവുമെന്ന ആശങ്കയിലാണ്‌ റൊമാനിയക്കാർ. വൈറസിനെ പ്രതിരോധിക്കാനുള്ള ചർച്ചകൾ രാജ്യമെമ്പാടും നടക്കുന്നുണ്ട്‌. പ്രതിരോധ മാർഗങ്ങൾ നിർദ്ദേശിച്ച് ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ രംഗത്തുണ്ട്.

അതിനിടയിലാണ് 75 സൈസിലുള്ള നീണ്ട വിന്റർ ഷൂ കൊവിഡിനെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന പ്രഖ്യാപനവുമായി ഷൂ നിർമ്മാതാക്കൾ രംഗത്തെത്തിയത്. സാമൂഹിക അകലം പാലിക്കാതെ ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് നീളമേറിയ ഷൂ നിർമ്മിക്കാൻ തീരുമാനിച്ചതെന്ന് ട്രാൻസിൽവാനിയൻ നഗരമായ ക്ലജിലെ ഷൂ നിർമ്മാതാവായ ഗ്രിഗോർ ലപ്പ് പറയുന്നു. ഈ സൈസിലുള്ള സാധാരണ ഷൂ മെയ് മുതൽ ലോകമെമ്പാടും വി​ൽപ്പനയ്ക്കെത്തിച്ചിരുന്നു. ഈ ഷൂ ധരിച്ചതിലൂടെ സാമൂഹിക അകലം ഉറപ്പുവരുത്താൻ കഴിഞ്ഞെന്നാണ് വാങ്ങിയവരുടെയെല്ലാം അഭിപ്രായം. ഈ ഷൂ ധരിക്കുന്നവർക്ക് നിർബന്ധമായും രണ്ടു മീ​റ്ററെങ്കിലും ദൂരം പാലിക്കേണ്ടി വരും.

അമേരിക്കയിലും ബെൽജിയത്തിലുമുള്ള വിവിധ ഡാൻസ് ഗ്രൂപ്പുകളും വലിയ പാദങ്ങളുമുള്ളവരാണ് പ്രധാനമായും ഈ ഷൂസിന്റെ ഉപഭോക്താക്കൾ. തണുപ്പുകാലത്തെ പ്രതിരോധിക്കാനുള്ള വിന്റർ ഷൂവാണ് ഇപ്പോൾ ഗ്രിഗോർ ഇറക്കുന്നത്. സാധാരണരീതിയിലുള്ള മൂന്നു ഷൂസിന് നിർമ്മിക്കുന്നതിന് ആവശ്യമായ തുകൽ കൊണ്ടാണ് ഈ വിന്റർ ഷൂസ് നിർമ്മിക്കുന്നത്. വിന്റർ ഷൂസിന്റെ സോളിന് കനം കൂടുതലാണ്.

ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം ഷൂ നിർമ്മിച്ചു നൽകുന്ന തൊഴിൽ ഗ്രിഗോർ ആരംഭിക്കുന്നത് 40 വർഷം മുമ്പാണ്. കൊവിഡ് കാലത്തിന് മുമ്പ് നാടകത്തിനും പരമ്പരാഗത നൃത്ത ഗ്രൂപ്പുകൾക്കുമാണ് പ്രധാനമായും ഷൂസും ചെരിപ്പും നിർമിച്ചു നൽകിയിരുന്നത്‌.