covid

കൊവിഡ് വൈറസിന്റെ ആഗോള വ്യാപനത്തിനു ശേഷം പല രാജ്യങ്ങളിലും ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. അത് ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികളും സ്വീകരിച്ചിരുന്നു. നിരവധി രാജ്യങ്ങൾ കൊവിഡ് പ്രതിരോധാർത്ഥം കർഫ്യൂ, ഗാർഹിക ലോക്ക്ഡൗൺ, കനത്ത പിഴ എന്നിവ ചുമത്തിയിരുന്നു. 14 ദിവസത്തെ ക്വാറന്റൈനിൽ നിന്ന് കേവലം സെക്കൻഡുകൾ മാറി നിന്ന നിർഭാഗ്യവാനായ ഒരു തൊഴിലാളിക്ക് തായ്‌വാനിൽ വലിയ വില കൊടുക്കേണ്ടി വന്നു. ഒരു ഫിലിപ്പിനോ തൊഴിലാളി എട്ടു സെക്കന്റ് നേരം തായ്‌വാനിൽ ക്വാറന്റൈൻ ലംഘിച്ചതിന് 1,00,000 തായ്‌വാനീസ് ഡോളറാണ് (ഏകദേശം 2,61,036 രൂപ) പിഴ ചുമത്തിയതിയത്. ഇയാൾ ഒരു ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. മുറിക്കു പുറത്തിറങ്ങി ഏതാനും സെക്കൻഡുകൾ ഹോട്ടലിന്റെ വഴിത്താരയിൽ നിന്നതിനാണ് വൻതുക പിഴ നൽകേണ്ടി വന്നത്. സംഭവം സിസി. ടിവി. കാമറയിൽ പതിഞ്ഞതാണ് വിനയായത്. അടുത്ത മുറിയിൽ ക്വറന്റൈനിൽ കഴിയുന്ന സുഹൃത്തിന് ഒരു വസ്തു കൈമാറാൻ വേണ്ടിയാണ് ഇയാൾ പുറത്തിറങ്ങിയത്. സാമൂഹിക അകലം പാലിച്ച് ഒരു മേശയുടെ മുകളിലാണ് കൈമാറ്റം ചെയ്യേണ്ട വസ്തു ഇദ്ദേഹം വച്ചതെങ്കിലും അത് ന്യായീകരണമായില്ല.