manju-warrier

തൃശൂർ: വോട്ടെടുപ്പ് തുടങ്ങി കൃത്യം ഏഴ് ‌മണിയ്‌ക്ക് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യർ വോട്ട് ചെയ്യാൻ ഹാജർ. അമ്മയ്‌ക്കൊപ്പമാണ് മഞ്ജു വോട്ട് ചെയ്യാനായി എത്തിയത്. തൃശൂർ പുളള് എ എൽ പി സ്‌കൂളിലായിരുന്നു മഞ്ജവിന്റെ വോട്ട്. കൈയിൽ പേനയും സാനിറ്റൈസറുമായാണ് താരം എത്തിയത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ സഹോദരൻ മധു വാര്യർക്ക് ഒപ്പമായിരുന്നു മഞ്ജു വോട്ട് ചെയ്യാനെത്തിയത്.

അതേസമയം, വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തതിനാൽ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല. ഇന്നലെ വോട്ടർ പട്ടിക പരിശോധിച്ചപ്പോഴാണ് തനിക്ക് വോട്ടില്ല എന്ന കാര്യം മമ്മൂട്ടി അറിഞ്ഞത്. സാധാരണ പനമ്പിളളി നഗറിലെ ബൂത്തിലാണ് മമ്മൂട്ടി വോട്ട് ചെയ്യാറുളളത്.

മമ്മൂട്ടിയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ടാണെന്നത് സംബന്ധിച്ച കാര്യങ്ങൾ വ്യക്തമല്ല. ഇതു സംബന്ധിച്ച് വിശദീകരണങ്ങളൊന്നും അധികൃതരിൽ നിന്ന് അദ്ദേഹത്തിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം. സാധാരണ എല്ലാ തിരഞ്ഞെടുപ്പിലും ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും മമ്മൂട്ടി നാട്ടിലെത്തി വോട്ട് രേഖപ്പെടുത്താറുണ്ട്.