bjp

മട്ടന്നൂർ: വോട്ടെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം. അവസാന വട്ടം വീട് കയറണം, സ്ലിപ്പ് നൽകണം, നാട്ടിലില്ലാത്ത വോട്ടർമാരെ ബൂത്തിലെത്തിക്കാൻ ഏർപ്പാട് ചെയ്യണം. അങ്ങനെ നൂറുകൂട്ടം തിരക്കുകൾക്കിടയിലാണ് പ്രവർത്തകർക്ക് ഇടിവെട്ടേറ്റത് പോലെ ആ വാർത്ത എത്തിയത്.

സ്ഥാനാർത്ഥി കാമുകനൊപ്പം ഒളിച്ചോടി

മാലൂർ പഞ്ചായത്തിലാണ് സംഭവം. ഇവിടെ ഒരു വാർഡിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുന്ന 'ഭർത്തൃമതി'യാണ് കഴിഞ്ഞ ദിവസം രാത്രി കാസർകോട് ബേഡഡുക്ക സ്വദേശിയായ കാമുകനൊപ്പം മുങ്ങിയത്. പ്രചാരണ തിരക്കുകൾക്കിടയിലാണ് ഭർത്താവും കുട്ടിയുമുളള സ്ഥാനാർത്ഥി പേരാവൂർ സ്റ്റേഷൻ പരിധിയിലുളള സ്വന്തം വീട്ടിലേക്ക് വന്നത്. ചില രേഖകൾ എടുക്കാൻ വീട്ടിൽ പോകുന്നുവെന്നാണ് ഭർത്താവിനോടും പ്രവർത്തരോടും പറഞ്ഞത്.

സ്ഥാനാർത്ഥി പിന്നെ തിരിച്ചെത്തിയില്ല. വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കാമുകനൊപ്പം മുങ്ങിയ വിവരം അറിഞ്ഞത്. വിവാഹത്തിന് മുൻപേ സ്ഥാനാർത്ഥിക്ക് ഇയാളുമായി ബന്ധമുണ്ടായിരുന്നു. ഗൾഫിലായിരുന്ന കാമുകൻ കഴിഞ്ഞ ദിവസം നാട്ടിലെത്തിയതോടെ ഇരുവരും വീണ്ടും അടുത്തു. തുടർന്ന് ഒളിച്ചോടാൻ തീരുമാനിക്കുകയായിരുന്നു.

യുവതിയുടെ പിതാവിന്റെ പരാതിയിൽ പേരാവൂർ പൊലീസ് കേസെടുത്തു. സ്ഥാനാർത്ഥി മുങ്ങിയതോടെ നാട്ടുകാരോട് മറുപടി പറയാനാവാത്ത അവസ്ഥയിലാണ് വാർഡിലെ ബി.ജെ.പി പ്രവർത്തകർ.