ramesh

കോഴിക്കോട്: നിയമസഭാ സ്‌പീക്ക‌ർ പി. ശ്രീരാമകൃഷ്‌ണനെതിരെ ഗുരുതര അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. നിയമസഭയിൽ സ്‌പീക്കറുടെ നേതൃത്വത്തിൽ അടിമുടി ധൂർത്താണ് നടന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ലോക കേരള സഭയുടെ പേരിൽ നിയമസഭ നവീകരിക്കുന്നതിന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് ടെൻഡറില്ലാതെ 1.84 കോടിയുടെ കരാർ നൽകിയെന്ന് ചെന്നിത്തല ആരോപിച്ചു.

ആകെ രണ്ടേ രണ്ട് ദിവസം മാത്രമാണ് ഈ ഹാളിൽ സമ്മേളനം ചേർന്നത്. 2020ൽ രണ്ടാം ലോക കേരള സഭ നടന്നപ്പോൾ 1.84 കോടി രൂപ മുടക്കി നവീകരിച്ച ഈ ഇരിപ്പിടങ്ങൾ പൊളിച്ചു മാറ്റി. മാത്രമല്ല ഹാൾ മൊത്തമായി 16.65 കോടി രൂപ എസ്റ്റിമേറ്റിട്ട് നവീകരിച്ചു. ശങ്കരനാരായണൻ തമ്പി ഹാളിൽ വിദേശത്ത് നിന്ന് കൊണ്ടുവന്ന് തൂക്കിയിരുന്ന കമനീയമായ ശരറാന്തൽ വിളക്കുകളും മറ്റ് അലങ്കാരങ്ങളും ചുമന്നു മാറ്റിയായിരുന്നു നവീകരണം. ഊരാളുങ്കൽ സൊസൈറ്റിക്ക് തന്നെയാണ് വീണ്ടും കരാർ നൽകിയത്. മത്സരക്കരാർ ക്ഷണിച്ചിരുന്നില്ല.

ആകെ ഒന്നര ദിവസം മാത്രമാണ് ഈ നവീകരിച്ച ഹാളിൽ സമ്മേളനം നടന്നത്. അത് കഴിഞ്ഞ് ഹാൾ ഇപ്പോൾ അച്ചിട്ടിരിക്കുന്നു. എന്തിന് വേണ്ടിയായിരുന്നു ഈ ധൂർത്ത്? എസ്റ്റിമേറ്റിന്റെ അത്രയും തുക വേണ്ടി വന്നിട്ടില്ലെന്നും പകുതിയേ ചെലവായിട്ടിള്ളൂ എന്നുമാണ് അന്ന് സ്പീക്കർ വിശദീകരിച്ചത്. എന്നാൽ, ഇതിന്റെ ബില്ലിൽ ഇതിനകം 12 കോടി രൂപ ഊരാളുങ്കലിന് നൽകിയിട്ടുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച സാമ്പത്തിക നിയന്ത്രണത്തിന് പ്രത്യേക ഇളവ് നൽകിയാണ് ഈ തുക ഊരാളുങ്കലിന് നൽകിയത്.

നിയമസഭാ സമുച്ചയത്തിൽ ആവശ്യത്തിലേറെ മുറികളും അതിഥി മന്ദിരങ്ങളുമുണ്ടെങ്കിലും പുതിയ ഒരു അതിഥി മന്ദിരം നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി താത്പര്യ പത്രം ക്ഷണിച്ചിരുന്നു. പ്രീഫാബ്രിക്കേറ്റഡ് ഗസ്റ്റ് ഹൗസാണ് നിർമ്മിക്കുന്നത്. തുക എത്രയെന്ന് വ്യക്തമല്ല. നിയമസഭയിലെ ചെലവുകൾ സഭയിൽ ചർച്ച ചെയ്യാറില്ല. ഈ പഴുത് ഉപയോഗിച്ചാണ് ഇത്രയേറെ ധൂർത്തും അഴിമതിയും നടത്തുന്നത്. നിയമസഭാ മന്ദിരത്തിന്റെ മൊത്തം നിർമമാണ ചെലവ് 76 കോടി രൂപയോളമാണ്. എന്നാൽ, കഴിഞ്ഞ നാലര വർഷത്തിനിടയിൽ സ്‌‌പീക്കർ 100 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങളും ആഘോഷങ്ങളും നടത്തിയിട്ടുണ്ടെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.