ramesh-chennithala

തിരുവനന്തപുരം: സ്‌പീക്കർ ശ്രീരാമകൃഷ്‌ണനെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക കേരള സഭ ചേരുന്നതിനായി സംസ്ഥാന നിയമസഭയുടെ ശങ്കരനാരായണൻ തമ്പി ഹാളിന്റെ നവീകരണത്തിന്റെ പേരിൽ കോടികളുടെ അഴിമതിയാണ് നടന്നതെന്ന് ചെന്നിത്തല ആരോപിച്ചു. ഹാളിന്റെ നവീകരണത്തിനായി 1.84 കോടി രൂപ നേരത്തെ ചെലവാക്കിയിരുന്നു. ഊരാളുങ്കൽ സർവീസ് സൊസൈറ്റിയെ ആണ് ആ പ്രവർത്തി ഏൽപ്പിച്ചത്. ടെൻഡർ അടക്കമുളള നടപടിക്രമങ്ങൾ പാലിക്കാതെയായിരുന്നു നടപടിയെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

2020ൽ ലോക കേരള സഭ ചേർന്നപ്പോൾ വീണ്ടും 16.65 കോടി രൂപ ചെലവഴിച്ച് നവീകരിക്കാൻ നടപടി സ്വീകരിച്ചു. ഇതും ഊരാളുങ്കൽ സൊസൈറ്റിക്ക് തന്നെയാണ് ടെൻഡർ ഇല്ലാതെ നൽകിയത്. ഒന്നര ദിവസത്തെ ലോക കേരള സഭയ്‌ക്ക് വേണ്ടിയായിരുന്നു ഇത്. ഇപ്പോൾ ഈ ഹാൾ അടച്ചിട്ടിരിക്കുകയാണ്. ഇതുവരെ 12 കോടി രൂപയുടെ ബില്ല് ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകിയിട്ടുണ്ട്. കൊവിഡുമായി ബന്ധപ്പെട്ട സാമ്പത്തിക നിയന്ത്രണങ്ങളിൽ പ്രത്യേക ഇളവ് നൽകിയായിരുന്നു ഇതെന്നും ചെന്നിത്തല ആരോപിച്ചു.

ഫെസ്റ്റിവൽ ഓഫ് ഡെമോമോക്രസി എന്ന പരിപാടി അഴിമതിയുടെ ഉത്സവമായിരുന്നു. ആറു പരിപാടിക്ക് പദ്ധതിയിട്ടിരുന്നെങ്കിലും കൊവിഡ് കാരണം രണ്ടെണ്ണം മാത്രമേ നടത്തിയുളളൂ. ഇതിനു മാത്രം രണ്ടേകാൽ കോടി രൂപയാണ് ചെലവഴിച്ചത്. ഈ പരിപാടിക്ക് ഭക്ഷണ ചെലവുമാത്രം 68 ലക്ഷം രൂപയായി. യാത്രാ ചെലവ് 42 ലക്ഷം രൂപ. 31 ലക്ഷം രൂപയാണ് പരസ്യത്തിനായി ചെലവഴിച്ചത്. ഈ പരിപാടിക്കായി അഞ്ചു പേർക്ക് കരാർ നിയമനം നൽകി. പരിപാടി അവസാനിച്ചിട്ട് രണ്ട് വർഷമായിട്ടും ഈ ജീവനക്കാർ ഇപ്പോഴും പ്രതിമാസം 30000 രൂപ ശമ്പളം വാങ്ങുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു.

നിയമസഭയെ കടലാസ് രഹിതമാക്കുന്നതിന് വേണ്ടി 52.33 കോടി രൂപയുടെ പദ്ധതിയാണ് ഊരാളുങ്കൽ സൊസൈറ്റിയെ ഏൽപ്പിച്ചത്. 13.53 കോടി രൂപ മൊബിലൈസേഷൻ അഡ്വാൻസും നൽകി. ഇതിന്റെയൊന്നും പ്രയോജനം ആർക്കും ലഭിച്ചിട്ടില്ല. ഇതിൽ അഴിമതിയുണ്ട് എന്നത് വളരെ വ്യക്തമാണ്.

സഭാ ടി വിയുടെ പേരിലും വൻ ധൂർത്ത് നടത്തിയിട്ടുണ്ട്. എല്ലാ ധൂർത്തും അഴിമതിയും സ്‌പീക്കറുടെ നേതൃത്വത്തിലാണ് നടന്നത്. സ്‌പീക്കർക്ക് എതിരെ നടപടിയെടുക്കണമെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത് നൽകും. രേഖകളുടെ പിൻബലത്തിൽ മാത്രമാണ് താൻ സംസാരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.