
ന്യൂഡൽഹി: പകർച്ചവ്യാധികൾ, ജൈവ ഭീകരാക്രമണം തുടങ്ങിയ ഭീഷണികൾ സമർത്ഥമായി നേരിടാൻ ഒന്നിച്ചുനിന്ന് പോരാടണമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ആസിയാൻ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ യാേഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ചൈനയ്ക്കെതിരെ ഒന്നിച്ചുനിൽക്കണമെന്നാണ് പ്രതിരോധമന്ത്രി പ്രസംഗത്തിലൂടെ ആസിയാൻ രാജ്യങ്ങളോട് ആവശ്യപ്പെട്ടതെന്നാണ് കരുതുന്നത്. മഹാവ്യാധിയായ കൊവിഡ് ലോകത്ത് പടർന്നുപിടിക്കാൻ കാരണം ചൈനയാണെന്നാണ് അമേരിക്കയടക്കമുളള പ്രധാന ലോകരാജ്യങ്ങൾ പലതും കരുതുന്നത്. ലോകത്തിന് തങ്ങളുടെ ശക്തികാണിക്കാൻ ചൈന നടത്തിയ ജൈവ ഭീകരാക്രമണമാണ് കൊവിഡ് എന്നുപോലും പല രാജ്യങ്ങളും സംശയിക്കുന്നുണ്ട്.
ആവശ്യമില്ലാതെ അതിർത്തിയിൽ നിരന്തരം പ്രശ്നമുണ്ടാക്കുന്ന ചൈനയ്ക്ക് പ്രതിരോധ മന്ത്രി ശക്തമായ താക്കീതുനൽകുകയും ചെയ്തു.
പ്രശ്നമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കുകയും സ്വയം സംയമനം പാലിക്കുകയും സാഹചര്യങ്ങളെ കൂടുതൽ സങ്കീർണമാക്കുന്ന നടപടികൾ അവസാനിപ്പിക്കുകയും ചെയ്യുന്നത് മേഖലയിൽ സുസ്ഥിരമായ സമാധാനം കൈവരിക്കുന്നതിന് സഹായിക്കും എന്നാണ് അദ്ദേഹം പറഞ്ഞ്.
പ്രസംഗത്തിൽ ഭാരത സംസ്കാരത്തിന്റെ മഹത്വം എടുത്തുകാട്ടാനും അദ്ദേഹം ശ്രമിച്ചു. ലോകം മുഴുവൻ ഒരു കുടുംബമാണ്, ലോകത്തെ എല്ലാവരും സമാധാനത്തോടെയും സുഖത്തോടെയും കഴിയുക എന്നീ ആശയങ്ങൾ ഇന്ത്യൻ സംസ്കാരത്തിന്റെ കാതലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്തോ പസഫിക് മേഖലയിലെ ആസിയാൻ വീക്ഷണം തന്ത്രപരമായ വിശ്വാസം വളർത്തിയെടുക്കാൻ സഹായിച്ചിട്ടുണ്ടെന്നും പ്രതിരോധമന്ത്രി പറഞ്ഞു.