
തിരുവനന്തപുരം : പത്രത്താളുകളിൽ പലവിധത്തിലുള്ള വാർത്തകളാണ് നാം വായിക്കാറുള്ളത്. സന്തോഷവും സങ്കടവും വായനക്കാർക്ക് നൽകുന്ന ചുറ്റിലും സംഭവിക്കുന്ന വാർത്തകളാണ് അവ. എന്നാൽ ഒരു മനുഷ്യാവകാശ പ്രവർത്തകനെ സംബന്ധിച്ചിടത്തോളം പല വാർത്തകളും പുതിയ പോരാട്ടങ്ങളുടെ തുടക്കമാവും. അത്തരമൊരു പോരാട്ടത്തിനുള്ള ഊർജ്ജമായിരുന്നു ആലപ്പുഴ സ്വദേശിയായ ഒരു സിആർപിഎഫ് ജവാന്റെ മരണവാർത്ത തിരുവനന്തപുരം സ്വദേശിയായ ഹരികുമാറിന് നൽകിയത്. ഛത്തീസ്ഗഡിൽ വച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട ആ സൈനികന്റെ മൃതദേഹത്തിനോട് അധികാരികൾ കാണിച്ച അനാദരവായിരുന്നു ഹരികുമാറിനെ ഉണർത്തിയത്.
പ്ലാസ്റ്റിക് കവറിൽ അഴുകിയ നിലയിലാണ് മലയാളിയായ അനിലിന്റെ ഭൗതികദേഹം നാട്ടിലെത്തിച്ചത്. കിണറ്റിൽ വീണു മരിച്ചു എന്നായിരുന്നു റിപ്പോർട്ടിലുണ്ടായിരുന്നത്.
സൈനികന്റെ മൃതദേഹത്തിനോട് കാണിച്ച അനാദരവിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷനെ ഹരികുമാർ സമീപിച്ചു. വാട്ടർടാങ്കിൽ വീണുമരിക്കാനിടയായ സാഹചര്യം, മൃതദേഹം അഴുകാനുണ്ടായ സാഹചര്യം എന്നിവയിൽ വിശദമായ അന്വേഷണം വേണമെന്ന് കാണിച്ചായിരുന്നു അപേക്ഷ.

പരാതി അടിയന്തരമായി പരിശോധിച്ച കമ്മിഷൻ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സിആർപിഎഫ് ഡയറക്ടർ എന്നിവർക്ക് കത്ത് നൽകി. മൃതദേഹം സൂക്ഷിക്കാനുള്ള ശീതികരണ സംവിധാനത്തിന്റെ അഭാവവും ഹെലികോപ്ടറിന്റെ ലഭ്യതക്കുറവുമാണ് കാരണമായി പറഞ്ഞത്. ഒടുവിൽ ഛത്തിസ്ഗഡ് ജില്ലാ മെഡിക്കൽ ഓഫീസറെ സസ്‌പെൻഡ് ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തി. തുടർന്ന് ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് ജവാന്റെ മരണത്തിനും, മൃതദേഹത്തിന്റെ അവസ്ഥയ്ക്കും കാരണമെന്ന് കണ്ടെത്തിയതോടെ സി ആർ പി എഫിന് എവിടെയെല്ലാം വാട്ടർ ടാങ്കുകളുണ്ടോ അവിടെയെല്ലാം അവ സുരക്ഷിതമായി മൂടിയിരിക്കണമെന്ന് സി ആർ പി എഫ് ഡയറക്ടർക്ക് കമ്മിഷൻ ഉത്തരവ് നൽകി. ഇതു പ്രകാരം ഗ്രൗണ്ട് ലെവലിൽ ടാങ്കുകൾ തുറന്നിടരുതെന്ന് സി ആർ പി എഫിന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ കർശന നിർദ്ദേശം നൽകി. രാജ്യത്തെ എല്ലാ സിആർപിഎഫ് ക്യാമ്പിലും ഈ മാറ്റം കൊണ്ടുവരാൻ ഒരു മലയാളി നിമിത്തമായി.
ഇന്ന് ലോക മനുഷ്യാവകാശ ദിനമാണ്. ഒരാൾക്ക് നിഷേധിക്കപ്പെടുന്ന അവകാശം പൊതുസമൂഹത്തിന്റെ കൂടി അവകാശങ്ങളുടെ ലംഘനമാണെന്ന് വിലയിരുത്തപ്പെടുന്നു. ആ വിശ്വാസത്തിലൂന്നിയ പ്രവർത്തനങ്ങളിലൂടെ മനുഷ്യാവകാശങ്ങളുടെ കാവലാളായി മാറിയ ജീവിതമാണ് ഹരികുമാറിന്റെത്. ഹരികുമാറിനെ പോലെ അവകാശങ്ങളുടെ കാവലാളാവാൻ, നിഷേധിക്കപ്പെടുന്ന നീതി നിയമ വഴികളിലൂടെ ചോദ്യം ചെയ്യാൻ കൂടുതൽ പേർ തയ്യാറാകേണ്ട സമയത്താണ് ഇപ്പോൾ നാം ജീവിക്കുന്നത്.