co

ഈ കൊവിഡ് കാലഘട്ടത്തിൽ ഇന്ത്യ വാക്സിനായി കാത്തിരിക്കുമ്പോൾ പേപ്പട്ടി വിഷത്തിനും വസൂരിക്കും കോളറയ്‌ക്കുമുള്ള വാക്സിൻ നിർമ്മിച്ച് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ തിരുവിതാംകൂർ കൊച്ചി നാട്ടുരാജ്യങ്ങൾക്ക് മാത്രമല്ല, ഇന്ത്യയിലെ മറ്റ് പ്രദേശങ്ങൾക്കും നൽകിയ ഒരാൾ. മഹാപ്രതിഭയായ ഡോ.സി.ഒ.കരുണാകരൻ വിടപറഞ്ഞിട്ട് കഴിഞ്ഞ മാസം 30 ന് അരനൂറ്റാണ്ട് പിന്നിട്ടു.

കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.ബി.ഇക്ബാലിന്റെ അഭിപ്രായത്തിൽ ആരും അനുസ്മരിക്കാതെ ആ ദിനം കടന്നുപോയത് വലിയ വീഴ്ചയായിരുന്നു. കാലം എന്നും ഓർക്കേണ്ട ഒരാൾ. എന്നാൽ ഡോ.കരുണാകരൻ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. തിരുവനന്തപുരത്ത് പബ്ളിക് ഹെൽത്ത് ലാബറട്ടറി സ്ഥാപിച്ചതും, തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ സ്ഥാപക പ്രിൻസിപ്പലും ഡോ.കരുണാകരൻ ആയിരുന്നു . സമൂഹത്തെ സേവിക്കാനായി ജീവിതം സമർപ്പിച്ച കർമ്മയോഗിയായിരുന്നു അദ്ദേഹം.

പ്രമുഖ ഈഴവ തറവാടുകളായ ആലുമ്മൂട്ടിൽ പടീറ്റയിൽ ഉമ്മിണി ചാന്നാരുടെയും കോമത്ത് കുഞ്ഞിഅമ്മയുടെയും മകനായി മാവേലിക്കരക്കു സമീപം മുട്ടത്ത് 1893 ലാണ് ഡോ കരുണാകരന്റെ ജനനം. എന്നിട്ടും പഠനവേളയിൽ ജാതി വിവേചനത്തിന്റെ തീഷ്ണമായ അവഗണന അനുഭവിക്കേണ്ടി വന്നു. പക്ഷേ അദ്ദേഹം പോരാടി. വീടിനടുത്ത് മാവേലിക്കരയും ഹരിപ്പാടും ഇംഗ്ളീഷ് മീഡിയം സ്കൂൾ ഉണ്ടായിരുന്നിട്ടും ആലപ്പുഴയിൽ പോയി പഠിക്കേണ്ടിവന്നു. മെട്രിക്കുലേഷൻ തിരുവനന്തപുരത്തും ഇന്റർമീഡിയറ്റ് എറണാകുളത്തുമായിരുന്നു.മദ്രാസ് മെഡിക്കൽ കോളേജിൽ പഠിച്ചപ്പോഴാണ് വിദ്യാർത്ഥി ജീവിതം ആസ്വദിക്കാനായതെന്ന് ഡോ.കരുണാകരൻ എഴുതിയിട്ടുണ്ട്. 1921 ൽ റാങ്കോടെ എം.ബി.ബി.എസ് പാസായ ശേഷം 22 മുതൽ 1929 വരെ മലയായിലെ ഒരു പ്ളാന്റേഷനിൽ ചീഫ് മെഡിക്കൽ ഓഫീസറായി പ്രവർത്തിച്ചു. ഇവിടെ നിന്നും സമ്പാദിക്കുന്ന ധനം നാട്ടിൽ സൗജന്യ സേവനത്തിനായി വിനിയോഗിക്കുകയായിരുന്നു ലക്ഷ്യം. തുടർന്ന് കേംബ്രിഡ്ജ്, ലണ്ടൻ സർവകലാശാലകളിൽ നിന്ന് ഉയർന്ന ബിരുദങ്ങൾ നേടി.1932 ലാണ് തിരുവിതാംകൂറിൽ പ്രവർത്തനമാരംഭിച്ചത്. കൂനൂരിൽ പോയി പരിശീലനം നേടിയാണ് പേപ്പട്ടി വിഷത്തിനുള്ള വാക്സിൻ നിർമ്മിച്ചത്. അപാരമായ കഴിവുകളുള്ളതിനാൽ തിരുവിതാംകൂർ രാജകുടുംബത്തിന്റെ പിന്തുണ ഡോ.കരുണാകരന് ലഭിച്ചു. റോക്ഫെല്ലർ ഫെല്ലോഷിപ്പ് നേടി അമേരിക്കയിൽ പോയ ഡോ.കരുണാകരൻ ഹാർവാഡ്, ജോൺ ഹോപ്കിൻസ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും പരിശീലനം കരസ്ഥമാക്കി. കരുണാകരന്റെ സഹോദരൻ സി.ഒ.മാധവൻ തിരുവിതാംകൂറിൽ ചീഫ് സെക്രട്ടറിയായും തിരുവനന്തപുരം മേയറായും പ്രവർത്തിച്ചിട്ടുണ്ട്.

1948 ലാണ് മെഡിക്കൽ കോളേജ് രൂപീകരണത്തിനുള്ള സ്പെഷ്യൽ ഓഫീസറായി ഡോ.കരുണാകരൻ നിയമിതനാകുന്നത്. അന്ന് അദ്ദേഹത്തിന്റെ തിരുവനന്തപുരത്ത് പാറ്റൂരിലുള്ള വസതിയായ ലീലാവിലാസിലാണ് പ്രാരംഭ നടപടികൾക്കുള്ള ഓഫീസ് പ്രവർത്തിച്ചിരുന്നത്. 1951ൽ മെഡിക്കൽ കോളേജ് പ്രാവർത്തികമായതിന് പിന്നിൽ കരുണാകരന്റെ ബുദ്ധിയും ഇച്ഛാശക്തിയുമായിരുന്നു.

പെനിസിലിൻ കണ്ടുപിടിച്ചതിന് നോബൽ സമ്മാനം നേടിയ അലക്സാണ്ടർ ഫ്ളെമിംഗിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും പബ്ളിക് ഹെൽത്ത് ലാബറട്ടറിയിലും കരുണാകരൻ കൊണ്ടുവന്നു. സ്കോട്ടിഷ് മൈക്രോ ബയോളജിസ്റ്റായ ഡോ.ഫ്ളെമിംഗ് വന്നത് ഡോ.സി.ഒ.കരുണാകരനുമായുള്ള സൗഹൃദത്തിന്റെ ഭാഗമായിട്ടായിരുന്നു. ഫിസിഷ്യനും മൈക്രോ ബയോളജിസ്റ്റുമായിരുന്നു കോളേജിന്റെ ആദ്യ പ്രിൻസിപ്പലായ കരുണാകരൻ. ആ സന്ദർശനത്തിൽ മെഡിക്കൽ കോളേജിലെ ആദ്യ കോളേജ് യൂണിയന്റെ ഉദ്ഘാടനവും ഫ്ളെമിംഗ് നിർവഹിച്ചു.

കുടുംബാസൂത്രണത്തിന്റെ പ്രചാരകനായിരുന്ന ഡോ.കരുണാകരൻ സ്റ്റേറ്റ് ഫാമിലി ഫ്ലാനിംഗ് കമ്മ്യൂണിക്കേഷൻ റിസർച്ചിന്റെയും ഫാമിലി പ്ളാനിംഗ് ബോർഡിന്റെയും ഉപദേശകനായും പ്രവർത്തിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ആദ്യ മലയാളി പ്രസിഡന്റ് എന്ന നിലയിൽ ഐ.എം.എ യുടെ വളർച്ചയിലും വലിയ പങ്കുവഹിച്ചു.

പരേതയായ പാറുക്കുട്ടി അമ്മയാണ് ഡോ.കരുണാകരന്റെ ഭാര്യ. ആരോഗ്യവകുപ്പ് ഡയറക്ടറായി വിരമിച്ച ഡോ.കെ.ബാലരാമൻ, വാട്ടർ അതോറിട്ടി എൻജീനീയറായിരുന്ന കെ.രാമചന്ദ്രൻ ഐ.എ.എസ്, ലീലാ ശിവരാമൻ, ഡോ.സുശീല കരുണാകരൻ എന്നിവരാണ് ഈ ദമ്പതികളുടെ മക്കൾ. ഇവരിൽ മൂത്തമകൻ ബാലരാമൻ മാത്രമെ ഇപ്പോൾ ജീവിച്ചിരുപ്പുള്ളൂ.

" ആദർശശാലിയും അച്ചടക്ക ബോധവുമുള്ളയാളായിരുന്നു അച്ഛൻ. ഞങ്ങൾ മക്കളെയും തികഞ്ഞ ഡിസിപ്ളിനിലാണ് വളർത്തിയത്. " ഡോക്ടർ ബാലരാമൻ പറഞ്ഞു.

ഡോ.കരുണാകരന്റെ പേരക്കുട്ടി ( മകൾ ലീലയുടെ മകൾ ) ജയലക്ഷ്മിയെ വിവാഹം ചെയ്തത് ഡി.ജി.പി പരേതനായ രമേശ് ചന്ദ്രഭാനുവായിരുന്നു. " മുത്തച്ഛൻ പേരക്കുട്ടികളോട് വലിയ വാത്സല്യം കാട്ടി. എന്നാൽ കൊഞ്ചിക്കുകയൊന്നുമില്ലായിരുന്നു. യാത്ര പോയി വരുമ്പോൾ പുസ്തകങ്ങൾ വാങ്ങിക്കൊണ്ടു വരുമായിരുന്നു."ജയലക്ഷ്മി പറഞ്ഞു.

" അപ്പൂപ്പൻ ദൈവ വിശ്വാസിയായിരുന്നു. എന്നാൽ ആചാരങ്ങളിലൊന്നും വിശ്വസിച്ചിരുന്നില്ല. ശരിക്കും ഒരു കർമ്മയോഗിയായിരുന്നു. തനിക്ക് മെമ്മോറിയൽ ഒന്നും പണിയരുതെന്ന് വില്ലിൽ എഴുതി വച്ചിരുന്നു. അപ്പൂപ്പന് സ്മാരകം പണിയണമെന്ന് കുടുംബത്തിന് ആഗ്രഹമില്ല. അദ്ദേഹത്തിന്റെ സേവനാധിഷ്ഠിതമായ ജീവിതം തലമുറകൾ മാതൃകയാക്കുകയാണ് വേണ്ടത്. ഗ്രേറ്റ് ഗ്രാൻഡ് ഫാദറിനെക്കുറിച്ച് രമേശ് ചന്ദ്രഭാനുവിന്റെ മകൾ ദേവി പറയുന്നു.

മഹാനായ ഡോ.കരുണാകരന്റെ സ്മരണ നിലനിറുത്താൻ മെമ്മോറിയൽ ലക്ചറെങ്കിലും ആരോഗ്യവകുപ്പ് നടത്തേണ്ടതല്ലേ ?