
മാനന്തവാടി: പോളിംഗ് ബൂത്തിൽ വോട്ടർ കുഴഞ്ഞുവീണ് മരിച്ചു. വയനാട് മാനന്തവാടിയിലാണ് സംഭവം. തൃശിലേരി വരിനിലം കോളനിയിലെ ദേവി എന്ന അമ്പത്തിനാലുകാരിയാണ് മരിച്ചത്. വോട്ടുചെയ്തശേഷം പുറത്തിറങ്ങിയ ദേവിക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ഉടൻ കുഴഞ്ഞുവീഴുകയുമായിരുന്നു. സ്ഥലത്തുണ്ടായിരുന്നവർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
ആദ്യഘട്ടത്തിലെന്നപോലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലും ശക്തമായ പോളിംഗാണ് നടക്കുന്നത്. രാവിലെ തന്നെ ബൂത്തുകളുടെ മുന്നിൽ വോട്ടർമാരുടെ നീണ്ടനിരയാണ്. തുടക്കത്തിൽ ചിലയിടങ്ങളിൽ വോട്ടിംഗ് മെഷീൻ തകരാറിലായത് പോളിംഗ് അല്പ സമയത്തേക്ക് തടസപ്പെടുത്തി. ഔദ്യോഗിക കണക്ക് പ്രകാരം പോളിംഗ് പത്ത് ശതമാനം കടന്നു. ഒടുവിലത്തെ കണക്കനുസരിച്ച് ഏറ്റവും കൂടുതൽ പോളിംഗ് നടന്നത് വയനാട്ടിലാണെന്നാണ് റിപ്പോർട്ട്. കോട്ടയം, എറണാകുളം, വയനാട്, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.