election

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാലര മണിക്കൂർ പിന്നിടുമ്പോൾ പോളിംഗ് മുപ്പത്തിയഞ്ച് ശതമാനം പിന്നിട്ടു. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് , വയനാട് ജില്ലകളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. ആദ്യ ഘട്ട തിരഞ്ഞെടുപ്പിലേതിന് സമാനമായി ഇന്നും അതിരാവിലെ വോട്ടർമാരുടെ നീണ്ട ക്യൂവാണ് ബൂത്തുകൾക്ക് മുന്നിൽ കണ്ടത്. എല്ലാ ജില്ലകളിലും സ്ഥിതി സമാനമായിരുന്നു. 37 ശതമാനം പിന്നിട്ട വയനാടാണ് ഏറ്റവും കൂടുതൽ പോളിംഗ്.

കോട്ടയം മുണ്ടക്കയം കുട്ടിക്കലിൽ രാവിലെ ആറ് മണിയ്‌ക്ക് വോട്ടെടുപ്പ് തുടങ്ങിയത് വിവാദമായി. കൂട്ടിക്കൽ പഞ്ചായത്തിലെ ഇളങ്കാട്ടിലാണ് രാവിലെ ആറ് മണിയ്‌ക്ക് വോട്ടെടുപ്പ് തുടങ്ങിയത്. സംഭവം വിവാദമായതോടെ 17 പേർ വോട്ട് ചെയ്‌ത ശേഷം വോട്ടെടുപ്പ് നിർത്തിവച്ചു. തുടർന്ന് കളക്‌ടറുടെ നിർദേശ പ്രകാരം രാവിലെ ഏഴിന് മുമ്പ് പോൾ ചെയ്‌ത വോട്ടുകൾ റദ്ദ് ചെയ്‌തു. അവരെ തിരികെ വിളിച്ച് വോട്ട് ചെയ്യിപ്പിക്കാനുളള ശ്രമം തുടരുകയാണ്.

പലയിടത്തും വോട്ടിംഗ് മെഷീനുകൾ പണിമുടക്കി. പാലക്കാട് സെന്റ് സെബാസ്റ്റ്യൻ സ്‌കൂളിൽ യന്ത്രത്തകരാർ മൂലം പോളിംഗ് മുടങ്ങി. ഇത് പരിഹരിക്കാനായി രണ്ടാമതെത്തിച്ച വോട്ടിംഗ് യന്ത്രവും തകരാറിലായി. ഇതോടെ മൂന്നാമത് മറ്റൊരു വോട്ടിംഗ് യന്ത്രം എത്തിച്ചെങ്കിലും അതും തകരാറിലായി. പിന്നാലെ വോട്ടർമാർ പ്രതിഷേധവുമായി രംഗത്തെത്തി. പിന്നീട് സാങ്കേതിക വിദഗ്ദ്ധരെത്തിയാണ് യന്ത്രത്തകരാർ പരിഹരിച്ച് വോട്ടിംഗ് പുനരാരംഭിച്ചത്. രണ്ട് മണിക്കൂറോളമാണ് ഇവിടെ പോളിംഗ് മുടങ്ങിയത്.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രിമാരായ എ സി മൊയ്‌തീൻ, സുനിൽ കുമാർ, സി രവീന്ദ്രനാഥ്, സിനിമാ താരങ്ങളായ ഇന്നസെന്റ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, സംവിധായകൻ സത്യൻ അന്തിക്കാട് തുടങ്ങിയവരും രാവിലെ തന്നെ തങ്ങളുടെ സമ്മതിദാനം രേഖപ്പെടുത്തി. യാക്കോബായ സഭാദ്ധ്യക്ഷൻ തോമസ് പ്രഥമൻ ബാബയും എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും വോട്ട് രേഖപ്പെടുത്തി.