swapna-suresh-

കൊച്ചി : സ്വപ്ന സുരേഷും സംഘവും ഉൾപ്പെട്ട സ്വർണക്കടത്ത് കേസിൽ നിർണായക നീക്കവുമായി കസ്റ്റംസ്. സ്വർണക്കടത്തിൽ ഉൾപ്പെട്ടവരെയും പിന്നിൽ പ്രവർത്തിച്ചവരെയുമാണ് ഇതുവരെ കേസിൽ പ്രതി ചേർത്തതെങ്കിൽ ഈ സംഘത്തിൽ നിന്നും സ്വർണം വാങ്ങിയവരെ തേടി ഇറങ്ങിയിരിക്കുകയാണ് കസ്റ്റംസ് ഇപ്പോൾ. കേരളത്തിലെ സ്വർണക്കടത്ത് സംഘത്തിൽ നിന്നും മുപ്പത് കിലോയോളം സ്വർണം വാങ്ങി എന്ന കണ്ടെത്തലിന് പിന്നാലെ മംഗളൂരു സ്വദേശിയായ ജൂവലറി ഉടമയെ ഇരുപത്തിനാലാമത്തെ പ്രതിയാക്കി കസ്റ്റംസ് കേസ് രജിസ്റ്റർ ചെയ്തു. നേരത്തേ അറസ്റ്റിലായ കോഴിക്കോട് മലപ്പുറം സ്വദേശികളാണ് സ്വർണ വ്യാപാരിയായ രാജു പവാർ എന്നറിയപ്പെടുന്ന രാജേന്ദ്ര പ്രകാശ് പവാറിനെ കുറിച്ച് കസ്റ്റംസിന് വിവരം നൽകിയത്.

ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിരവധി തവണ കസ്റ്റംസ് ഇയാൾക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ തുടർച്ചയായി ഒഴിഞ്ഞുമാറിയ ഇയാൾ നിലവിൽ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം. ഇതേതുടർന്ന് ജാമ്യമില്ല വാറന്റ് പുറപ്പെടുവിക്കാൻ കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. കഴിഞ്ഞയാഴ്ച ഇയാളുടെ മംഗളൂരുവിലെ ഫ്ളാറ്റിൽ കേരളത്തിൽ നിന്നെത്തിയ കസ്റ്റംസ് സംഘം റെയിഡ് നടത്തിയിരുന്നു.

മംഗളൂരു കാർ സ്ട്രീറ്റിൽ സായ് ബില്യൺ എന്ന പേരിൽ ഒരു സ്വർണക്കടയുള്ള രാജേന്ദ്ര പ്രകാശ് മംഗലപുരം വിമാനത്താവളം വഴി കടത്തിക്കൊണ്ടുവരുന്ന സ്വർണം വാങ്ങിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ കുറ്റത്തിന് മാസങ്ങൾക്ക് മുമ്പ് മംഗളൂരു ഡി ആർ ഐയുടെ പിടിയിലായിട്ടുമുണ്ട്. തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ സ്വർണവും ഇയാളുടെ നേതൃത്വത്തിൽ വിറ്റെന്ന് കണ്ടെത്തിയതിനാലാണ് കസ്റ്റംസ് കേസിൽ പ്രതിയാക്കിയത്.