
കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി പൂർണ ആത്മവിശ്വാസത്തിലാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ നാട്ടിൽ അതിശക്തമായ ജനവികാരമാണുളളത്. ആറുകൊല്ലമായ മോദിയുടെ ഭരണത്തിനും അഞ്ച് കൊല്ലമായ പിണറായിവിജയന്റെ ഭരണത്തിനുമെതിരെ ജനവികാരമുണ്ടെന്നും പുതുപ്പളളിയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ ഭരണം അവർക്ക് എന്തുമാകാം എന്ന നിലയിലുളളതാണ്. രാജ്യത്ത് ഇന്ധനവില കുത്തനെ കൂടുകയാണ്.അന്താരാഷ്‌ട്ര മാർക്കറ്റിൽ ക്രൂഡോയിൽ വില കുറഞ്ഞിരിക്കുന്ന സമയത്തും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നികുതി കൂട്ടുകയാണ്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ഏഴ് തവണ എണ്ണവില വർദ്ധനവിൽ നിന്നുളള അധിക നികുതി വരുമാനം വേണ്ടെന്ന് വച്ചു. ഇങ്ങനെ വേണ്ടെന്ന് വച്ചത് 700 കോടിയോളം രൂപയാണ്. യു.ഡി.എഫ് ഭരണത്തിൽ വന്നാൽ ഇനിയും അത് വേണ്ടെന്ന് വയ്‌ക്കും. നികുതി വർദ്ധന വേണ്ടെന്ന് വയ്ക്കാനുളള തന്റേടം എൽ.ഡി.എഫ് സർക്കാരിനില്ല. ആ മണ്ടത്തരത്തിന് താനില്ലെന്നാണ് ധനമന്ത്രി തോമസ് ഐസക് പറഞ്ഞത്. ഈ സർക്കാരുകൾക്കെതിരെ വികാരം തിരഞ്ഞെടുപ്പിൽ പ്രകടമാകുമെന്നും ഉമ്മൻചാണ്ടി അവകാശപ്പെട്ടു.
എൽ.ഡി.എഫിൽ ചേരാനുളള ജോസ് കെ മാണിയുടെ പാർട്ടി തീരുമാനം ആ പാർട്ടിയുടെ രാഷ്‌ട്രീയ വികാരത്തിന് എതിരാണ്. മാണിസാർ യുഡിഎഫിന് ഒരു വികാരമാണ്, മാണിസാറിനെ അപമാനിക്കുന്നവർക്കൊപ്പം ചേരാനുളള ജോസിന്റെ തീരുമാനം ആ വികാരമുളളവരെ ഞെട്ടിച്ചിരിക്കുകയാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.