begger

ഗ്വാളിയോർ : മദ്ധ്യപ്രദേശിലെ ഗ്വാളിയോർ തെരുവിൽ വൃദ്ധൻ ഭിക്ഷയാചിക്കുന്നത് നല്ല ഒഴുക്കോടെയുള്ള ഇംഗ്ലീഷിൽ. ആശ്രമ സ്വാർഗ് സദാൻ (എ.എസ്.എസ്) എന്ന സംഘടന നടത്തിയ അന്വേഷണത്തിൽ ഭിക്ഷക്കാരന്റെ വിദ്യാഭ്യാസ യോഗ്യത കണ്ട് ഞെട്ടി. ഐ ഐ ടി കാൺപൂരിൽ നിന്നും പഠിച്ചിറങ്ങിയ സുരേന്ദ്ര വസിഷ്ഠ് ആണ് ഭിക്ഷയാചിക്കുന്നതെന്ന് അന്വേഷണത്തിൽ മനസിലായി. തൊണ്ണൂറുകാരനായ ഈ മെക്കാനിക്കൽ എഞ്ചിനീയർ 1969 ൽ ഐഐടികാൺപൂരിൽ നിന്നും ഡിഗ്രി കരസ്ഥമാക്കിയതിന് പിന്നാലെ 1972 ൽ ലഖ്നൗവിൽ നിന്ന് എൽ എൽ എമ്മും പൂർത്തിയാക്കിയിട്ടുണ്ട്.

കഴിഞ്ഞമാസം പതിനൊന്നിന് ഗ്വാളിയോറിലെ ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നുമാണ് വളരെ ദയനീയമായ അവസ്ഥയിൽ സുരേന്ദ്ര വസിഷ്ഠിനെ സംഘടന കണ്ടെത്തിയത്. നിലവിൽ സംഘടനയുടെ ആശ്രമത്തിലാണ് ഇദ്ദേഹമുള്ളത്. ബന്ധുക്കളുമായി ബന്ധപ്പെടാനുള്ള ശ്രമം നടക്കുകയാണ് ഇപ്പോൾ.

ഷാർപ്പ് ഷൂട്ടറെ രക്ഷപ്പെടുത്തിയതും ആശ്രമ സ്വാർഗ് സദാൻ

സുരേന്ദ്ര വസിഷ്ഠിനെ തെരുവിൽ നിന്നും രക്ഷപ്പെടുത്തിയ ആശ്രമ സ്വാർഗ് സദാനാണ് രണ്ടാഴ്ചയ്ക്ക് മുൻപ് ഷാർപ്പ് ഷൂട്ടറും, എൻകൗണ്ടർ സ്‌പെഷലിസ്റ്റുമായ മനീഷ് മിശ്രയെന്ന മുൻ പൊലീസ് ഉദ്യോഗസ്ഥനെയും രക്ഷപ്പെടുത്തിയത്. തെരുവിൽ ഭിക്ഷക്കാരനായി അലയുകയായിരുന്നു ഇയാൾ. മാനസികാരോഗ്യം നഷ്ടപ്പെട്ട് തെരുവുകളിൽ അലഞ്ഞ ഇദ്ദേഹത്തെ മുൻ സഹപ്രവർത്തകരാണ് തിരിച്ചറിഞ്ഞത്. ഡ്യൂട്ടിക്ക് സ്ഥിരമായി ഹാജരാകാതിരുന്നതിനെ തുടർന്ന് 2006ലാണ് ഇയാളെ സർവീസിൽ നിന്നും പിരിച്ചു വിട്ടത്. ഇയാൾ ഇപ്പോൾ ആശ്രമ സ്വാർഗ് സദാന്റെ സംരക്ഷണയിലാണുള്ളത്. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ചികിത്സയിലാണ് മനീഷ് മിശ്ര ഇപ്പോൾ.