
കാസർകോട്: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സി എം രവീന്ദ്രൻ എന്നാൽ സി എമ്മിന്റെ രവീന്ദ്രൻ ആണെന്നും സുരേന്ദ്രൻ പരിഹസിച്ചു. മൂന്ന് പതിറ്റാണ്ടുകളായി സി എമ്മിന്റെ രവീന്ദ്രനാണ് അദ്ദേഹം. സി എം രവീന്ദ്രന്റെ കൈയിലെ തെളിവുകൾ പുറത്ത് വന്നാൽ സാക്ഷാൽ സി എമ്മും കടകംപളളി സുരേന്ദ്രനും കുടുങ്ങുമെന്നും സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സി എം രവീന്ദ്രനുമായുളള പല ബിനാമി ഇടപാടുകളിലും കടകംപളളി സുരേന്ദ്രന്റെ പേര് വന്നിട്ടുണ്ട്. ശരിയായ അന്വേഷണം നടക്കണം. പിണറായി വിജയനെ ഈ തിരഞ്ഞെടുപ്പിൽ നേരിടുന്നത് എൻ ഡി എ ആയിരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിമാരും സ്‌പീക്കറും സ്വർണക്കടത്തിനായി ധാരാളം സഹായങ്ങൾ നൽകിയിട്ടുണ്ടെന്ന് സുരേന്ദ്രൻ ആവർത്തിച്ചു. അധോലോക സംഘങ്ങളെ സഹായിക്കാൻ നേതാക്കൾ പദവികൾ ദുരുപയോഗം ചെയ്‌തത് ഞെട്ടിക്കുകയാണ്. സ്‌പീക്കറുടെ വിദേശ യാത്രകൾ പലതും ദുരൂഹമാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
യു ഡി എഫിനെ മുസ്ലീം ലീഗിന്റെ അപ്രമാദിത്വമാണ് നയിക്കുന്നത്. ലീഗ് എന്ന് പറയുന്നത് വെൽഫയർ പാർട്ടിയും ലീഗുമാണ്. ലീഗിന്റെ അടിമകളാണ് കോൺഗ്രസെന്നും സുരേന്ദ്രൻ ആരോപിച്ചു.