election

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ് ആറ് മണിക്കൂർ പിന്നിടുമ്പോൾ അഞ്ച് ജില്ലകളിലും കനത്ത പോളിംഗ്. രാവിലെ മുതൽ എല്ലാ ജില്ലകളിലും ഭൂരിപക്ഷം ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര അനുഭവപ്പെട്ടു. ഒരു മണി വരെയുളള കണക്കുകൾ അനുസരിച്ച് പോളിംഗ് അമ്പത് ശതമാനത്തിലേക്ക് അടുക്കുകയാണ്. വയനാട് ജില്ലയിലാണ് ഏറ്റവും ഉയർന്ന പോളിംഗ്.

ചെറിയ സ്ഥലത്ത് താങ്ങാവുന്നതിലേറെ ആളുകൾ വോട്ട് ചെയ്യാനെത്തിയത് മന്ത്രി എ കെ ബാലന്റെ ബൂത്തിൽ പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചു. പാലക്കാട് നഗരസഭയുടെ ഭാഗമായ പറക്കുന്നം എൽ ഡി പി എസിന് മുന്നിലാണ് ബഹളം നടന്നത്. തിരക്കിനെ ചൊല്ലിയുളള തർക്കം യു ഡി എഫ് - എൽ ഡി എഫ് പ്രവർത്തകർ തമ്മിലെ വാക്കേറ്റത്തിൽ വരെയെത്തി. മന്ത്രി ബാലൻ വോട്ട് ചെയ്യാൻ എത്തിയപ്പോഴായിരുന്നു സംഭവം.

സാമൂഹിക അകലമില്ലാത്തത് അപകടം ചെയ്യുമെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. മന്ത്രി അറിയിച്ചതനുസരിച്ച് കൂടുതൽ പൊലീസ് സ്ഥലത്തെത്തി. ഇവർ തിരക്ക് നിയന്ത്രിച്ചു. 45 മിനിറ്റോളം കാത്തുനിന്നാണ് മന്ത്രി വോട്ട് രേഖപ്പെടുത്തിയത്.

457 തദ്ദേശ സ്ഥാപനങ്ങളിലെ 8,116 വാർഡുകളിലേക്കാണ് രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. വൈകുന്നേരം ആറ് വരെയാണ് പോളിംഗ്. ഇന്നലെ മൂന്ന് മണിക്ക് ശേഷം കൊവിഡ് സ്ഥിരീകരിച്ചവർക്ക് പി പി ഇ കിറ്റണിഞ്ഞ് പോളിംഗിന്റെ അവസാന മണിക്കൂറിൽ വോട്ട് ചെയ്യാം.

കോട്ടയം മുണ്ടക്കയം കുട്ടിക്കലിൽ രാവിലെ ആറ് മണിയ്‌ക്ക് വോട്ടെടുപ്പ് തുടങ്ങിയത് വിവാദമായി. കുട്ടിക്കൽ പഞ്ചായത്തിലെ ഇളങ്കാട്ടിലാണ് രാവിലെ ആറ് മണിയ്‌ക്ക് വോട്ടെടുപ്പ് തുടങ്ങിയത്. സംഭവം വിവാദമായതോടെ 17 പേർ വോട്ട് ചെയ്‌ത ശേഷം വോട്ടെടുപ്പ് നിർത്തിവച്ചു. തുടർന്ന് കളക്‌ടറുടെ നിർദേശ പ്രകാരം രാവിലെ ഏഴിന് മുമ്പ് പോൾ ചെയ്‌ത വോട്ടുകൾ റദ്ദ് ചെയ്‌തു. അവരെ തിരികെ വിളിച്ച് വോട്ട് ചെയ്യിപ്പിക്കാനുളള ശ്രമം തുടരുകയാണ്.