
ന്യൂഡൽഹി: രാജ്യത്ത് ഇ-വിദ്യാഭ്യാസം ശക്തമാക്കാൻ കൂടുതൽ ടാബ്‌ലറ്റുകൾ സർക്കാർ വിതരണം ചെയ്യേണ്ടതുണ്ടെന്ന് കേന്ദ്ര മന്ത്രിമാരുടെ പാനൽ സർക്കാരിനോട് അറിയിച്ചു. ഇ-വിദ്യാഭ്യാസത്തിൽ വരുത്തേണ്ട മാറ്റങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച പാനലാണ് ഈ ആവശ്യം മുന്നോട്ട് വച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ നേതൃത്വത്തിലുളളതാണ് പാനൽ.
ഡിജിറ്റൽ വിദ്യാഭ്യാസ സൗകര്യങ്ങൾ സർക്കാർ, മുനിസിപ്പൽ സ്കൂളുകളിൽ മുൻഗണന നൽകി ലഭ്യമാക്കും. ഒന്ന്-രണ്ട് മണിക്കൂറുകൾ നീളുന്ന പാഠ്യവിഷയങ്ങൾ അടങ്ങിയ പരിപാടികൾ ഗ്രാമങ്ങളിലെ സ്‌കൂളുകളിലും മറ്റ് സർക്കാർ സ്‌കൂളുകളിലും കുട്ടികൾക്കായി പ്രദർശിപ്പിക്കും. വിദ്യാർത്ഥികൾക്ക് സർക്കാർ തന്നെ ടാബുകൾ വിതരണം ചെയ്യുന്നതും ആലോചിക്കും. കൊവിഡ് കാലത്ത് ഗ്രാമീണ മേഖലകളിലുൾപ്പടെ പാവപ്പെട്ട കുട്ടികൾക്ക് ഇ-വിദ്യാഭ്യാസ സൗകര്യം ലഭ്യമാകാത്തതിനെ സർക്കാർ ഗൗരവമായി കാണുന്നു. അനാവശ്യമായ ദൃശ്യങ്ങൾ കുട്ടികൾക്ക് ലഭ്യമാകുന്നില്ലെന്നും അവ കാണുന്നില്ലെന്നും സർക്കാർ ഉറപ്പുവരുത്തണം. രാജ്യത്തെ അച്ഛനമ്മമാർക്ക് അത്തരമൊരു ആശങ്കയുണ്ട്. വിദ്യാഭ്യാസത്തിനായി നൽകുന്ന ഉപകരണങ്ങളിൽ അത്തരം ദൃശ്യങ്ങൾ ലഭ്യമാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും പാനൽ സർക്കാരിനോട് ആവശ്യപ്പെട്ടു.
കളിയിലൂടെയും രസകരമായ അവതരണത്തിലൂടെയും പഠനം എളുപ്പമാക്കാനും വിവിധ മേഖലയിൽ ശ്രദ്ധേയരായവരെ ഇതിനായി ഉപയോഗിക്കാനും കഴിയണം. പ്രാദേശിക ഭാഷകളുടെ പഠനവും അത്തരത്തിൽ നടത്താനാകണം. എന്നാൽ ഇതുകൊണ്ട് സാധാരണ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കുറവുണ്ടാകാതെ നോക്കണമെന്നും മന്ത്രിമാർ അഭിപ്രായപ്പെട്ടു. കുട്ടികൾ ഇ-വിദ്യാഭ്യാസത്തിൽ കൂടുതൽ ഇടപെടുന്നുണ്ടോ എന്നറിയാൻ ഫേസ് റെക്കഗ്‌നീഷൻ സാങ്കേതിക വിദ്യയും കണ്ണുകളുടെ ചലനം നിരീക്ഷിക്കുന്ന സംവിധാനവും കൊണ്ടുവരണമെന്നും മന്ത്രി സമിതി ആവശ്യപ്പെടുന്നു.
ധർമ്മേന്ദ്ര പ്രധാന് പുറമേ അർജുൻ റാം മേഘ്‌വാൾ, റാവു ഇന്ദർജിത്ത് സിംഗ്,സഞ്ജയ് ധോത്രെ എന്നിവരാണ് മന്ത്രി സമിതിയിലെ അംഗങ്ങൾ.