
വാഷിംഗ്ടൺ: ലോകത്തിലെ ആദ്യ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്റെ റോക്കറ്റ് പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു. ചൊവ്വാ ദൗത്യങ്ങൾ മുന്നിൽക്കണ്ട് കമ്പനി വികസിപ്പിച്ചെടുത്ത ആളില്ലാ പരീക്ഷണ റോക്കറ്റായ സ്റ്റാർഷിപ്പ് എഫ് എൻ 8 ആണ് പൊട്ടിത്തെറിച്ചത്. വിജയകരമായി വിക്ഷേപിച്ച റോക്കറ്റ് നിശ്ചിത ഭൂരം പോയശേഷം മുൻകൂട്ടി നിശ്ചിച്ച പ്രകാരം തിരിച്ചിറങ്ങുന്നതിനിടെയായിരുന്നു പൊട്ടിത്തെറി ഉണ്ടായത്.. വിക്ഷേപണസ്ഥലത്തുനിന്ന് എട്ടുമൈൽ ഉയരത്തിലെത്തിയശേഷമാണ് റോക്കറ്റ് തിരിച്ചിറങ്ങിയത്.16 നില കെട്ടിടത്തിന്റെ ഉയരമുണ്ടായിരുന്നു റോക്കറ്റിന്.
തിരിച്ചിറങ്ങുന്നതിന്റെ വേഗത കൂടിയതും അധിക സമമർദ്ദവുമാണ് പൊട്ടിത്തെറിക്ക് ഇടയാക്കിതെന്നാണ് ഔദ്യോഗിക വിശദീകരണം. റോക്കറ്റ് നഷ്ടപ്പെട്ടെങ്കിലും ദൗത്യം വിജയമായിരുന്നു എന്നും സ്പേസ് എക്സ് അവകാശപ്പെട്ടു. ഞങ്ങൾക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ലഭിച്ചു. അഭിനന്ദനങ്ങൾ സ്പേസ് എക്സ് ടീം എന്നായിരുന്നു കമ്പനി ഉടമ എലോൺ മസ്കിന്റെ ട്വീറ്റ്.
പുനരുപയോഗം സാദ്ധ്യമാക്കുന്ന റോക്കറ്റിലൂടെ മനുഷ്യനെ ചന്ദ്രനിലേക്കും തുടർന്ന് ചൊവ്വയിലേക്കും എത്തിക്കുകയാണ് സ്പേസ് എക്സിന്റെ പ്രധാന ലക്ഷ്യം. റോക്കറ്റ് പുനരുപയോഗിക്കുന്നതിലൂടെ ചെലവ് കാര്യമായി കുറയ്ക്കാനാവുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇതിനുളള സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനായുളള പരീക്ഷണ നിരീക്ഷണത്തിലാണ് സ്പേസ് എക്സ് ഇപ്പോൾ.
നേരത്തേ, നാല് ബഹിരാകാശ ശാസ്ത്രജ്ഞരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിച്ച് സ്‌പേസ് എക്‌സ് ചരിത്രം കുറിച്ചിരുന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള ബഹിരാകാശ വാഹനം ഉപയോഗിച്ച് ശാസ്ത്രജ്ഞരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിക്കുന്ന ആദ്യ സമ്പൂർണ ദൗത്യമായിരുന്നു ഇത്. സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ റോക്കറ്റാണ് ശാസ്ത്രജ്ഞരെ വഹിക്കുന്ന ക്രൂ വൺ പേടകവുമായി കുതിച്ചുയർന്നത്.