
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു. ഭൂമി പൂജയ്‌ക്ക് ശേഷമായിരുന്നു തറക്കല്ലിടൽ ചടങ്ങ്. കോൺഗ്രസ് ചടങ്ങിൽ നിന്ന് വിട്ടുനിന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് തുടങ്ങി പ്രമുഖ നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ചടങ്ങുകൾ നടന്നത്. പുതിയ പാർലമെന്റ് മന്ദിരം ത്രികോണാകൃതിയിൽ പണിയാനാണ് തീരുമാനം. എല്ലാ എം പിമാർക്കും പ്രത്യേക ഓഫീസ് മുറികൾ സജ്ജമാക്കും. കടലാസ് രഹിത പാർലമെന്റ് എന്ന ലക്ഷ്യത്തോടെ ആധുനിക ഡിജിറ്റൽ സംവിധാനങ്ങൾ ഒരുക്കാനും തീരുമാനമായിട്ടുണ്ട്.

971 കോടി രൂപ ചെലവിൽ 64,500 ചതുരശ്ര അടിയിലാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുക. 2022ഓടെ നിർമ്മാണം പൂർത്തിയാക്കാനാണ് ഉദേശിക്കുന്നത്. ടാറ്റാ പ്രോജക്ട്സ് ലിമിറ്റഡിനാണ് നിർമ്മാണ കരാർ.
സെൻട്രൽ വിസ്‌ത പദ്ധതി പ്രകാരം നിലവിലുളള പാർലമെന്റ് മന്ദിരത്തിന് സമീപത്ത് തന്നെയാണ് പുതിയതും നിർമ്മിക്കുന്നത്. തറക്കല്ലിടാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും പദ്ധതിയെ എതിർക്കുന്ന ഹർജികളിൽ തീർപ്പാകും വരെ നിലവിലുളള കെട്ടിടങ്ങൾ പൊളിക്കുകയോ, മരങ്ങൾ വെട്ടിമാറ്റുകയോ ചെയ്യരുതെന്ന് സുപ്രീംകോടതി കേന്ദ്രത്തിന് നിർദേശം നൽകിയിട്ടുണ്ട്.
#WATCH Prime Minister Narendra Modi lays foundation stone of New Parliament Building in Delhi pic.twitter.com/gF3w7ivTDe
ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യം ഉയർത്തിക്കാട്ടുന്ന രീതിയിലാണ് മന്ദിരം രൂപകൽപ്പന ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നത്. വിശാലമായ ഹാൾ, അംഗങ്ങൾക്കുവേണ്ടിയുളള ലോഞ്ച്, ലൈബ്രറി, വിവിധ മുറികൾ, ഡൈനിംഗ് ഹാളുകൾ,പാർക്കിംഗ് എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും ഒരുക്കും.