sp

തിരുവനന്തപുരം:സ്പീക്കർക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. സ്പീക്കറോ നിയമസഭാ സെക്രട്ടേറിയറ്റോ മറ്റേതെങ്കിലും ഭരണഘടനാ പദവിയോ വിമർശനവിധേയമാകാൻ പാടില്ലാത്ത വിശുദ്ധ പശുവാണ് എന്ന മനോഭാവമില്ലെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

'ചെന്നിത്തലയുടെ ആരോപണങ്ങൾ നിർഭാഗ്യകരമാണ്. ഊഹാപോഹങ്ങൾ വച്ച് ഭരണഘടനാസ്ഥാപനങ്ങളെ കടന്നാക്രമിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല.മികച്ച പ്രവർത്തനങ്ങൾക്ക് കേരളനിമയസഭയ്ക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.കടലാസ് രഹിത പദ്ധതി ഏകപക്ഷീയമായി നടപ്പാക്കിയതല്ല. പ്രതിപക്ഷത്തിന്റെ നിർദ്ദേശവും കൂടിപരിഗണിച്ചാണ് എല്ലാം ചെയ്തത്. സാങ്കേതിക സമിതിയുടെ അംഗീകാരത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മുപ്പതുശതമാനം തുക മൊബിലൈസേഷൻ അഡ്വാൻസ് നൽകാൻ സമിതികൾ ആലോചിച്ചാണ് തീരുമാനമെടുത്തത്. കടലാസ് രഹിത പദ്ധതിയായ ഇ വിധാൻ സഭ നടപ്പാക്കുന്നതിലൂടെ പ്രതി വർഷം 40 കോടിരൂപ ലാഭം ഉണ്ടാകും'-സ്പീക്കർ വ്യക്തമാക്കി.

'ശങ്കരനാരായണൻ തമ്പി ഹാളിന്റെ നവീകരണം പ്രതിപക്ഷ അംഗങ്ങൾ പോലും അഭിനന്ദിച്ചതാണ്. ഹാൾ പുതുക്കിപണിതത് ലോക കേരള സഭയുടെ അന്തസ് ഉറപ്പാക്കാൻ വേണ്ടിയാണ്. അത് സഭക്ക് പുറത്തുള്ള പരിപാടിക്കും ഉപയോഗിക്കാം. 16 കോടി 65 ലക്ഷം രൂപക്കായിരുന്നു ഭരണാനുമതി. പണി തീർന്നപ്പോൾ ചെലവ് 9.17 കോടിമാത്രമാണ് ആയത്. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് ചരിത്രമുണ്ട്. അത് ആദരവോടെയാണ് കാണുന്നത്. ചിട്ടയായ പ്രവർത്തനങ്ങളിലുടെ സത്യസന്ധമായി പണികൾ ചെയ്ത് തീർക്കുന്ന സ്ഥാപനമാണത്. പണം അധികമായി കിട്ടിയാൽ തിരിച്ചടയ്ക്കുന്ന ലോകത്തെ ആദ്യ സ്ഥാപനം ആയിരിക്കും ഊരാളുങ്കൽ. നിശ്ചിത സമയത്ത് പണി പൂർത്തിയാക്കുന്ന അവരുടെ ചരിത്രം കൂടി പരിശോധിച്ചാണ് പണി ഏൽപ്പിച്ചത്. സഭാ ടി വി മാതൃകാപരമാണ്. ജനങ്ങളും സഭയുമായി ബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് തുടങ്ങിയത്. ധൂർത്താണ് ലക്ഷ്യമെങ്കിൽ സ്വന്തമായി ടി വി ചാനൽ തുടങ്ങാമായിരുന്നു. സഭാ ടി വിയിൽ ആർക്കും സ്ഥിര നിയമനമില്ല.എല്ലാ കാര്യങ്ങളും നിയമ സഭാ സമിതിയെക്കൊണ്ട് പരിശോധിപ്പിക്കാൻ പ്രതിപക്ഷ നേതാവിന് ആവശ്യപ്പെടാം. ' -ശ്രീരാമകൃഷ്ണൻ പറഞ്ഞു.

സ്വപ്നയെ അറിയാം,ഒരു സഹായവും ചെയ്തിട്ടില്ല

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചു. ആരോപണങ്ങളെല്ലാം തെറ്റാണ്. സ്വപ്ന ഒരു സഹായവും ചോദിച്ചിട്ടില്ല. സ്വപ്നയെ പരിചയമില്ല എന്നുപറഞ്ഞിട്ടില്ല. സ്വപ്നയ്ക്കൊപ്പം വിദേശയാത്ര നടത്തിയിട്ടില്ല. സ്വപ്നയെ വിദേശത്തുവച്ച് കണ്ടിട്ടില്ല. ഒരു തരത്തിലുള്ള സഹായവും സ്വർണക്കടത്ത് കേസ് പ്രതികളിൽ നിന്ന് ഉണ്ടായിട്ടില്ല.സ്വപ്നയുമായി പരിചയമുണ്ട്. അവർ യു എ ഇ കോൺസുലേറ്റ് പ്രതിനിധിയെന്ന നിലയിൽ പരിചിത മുഖമാണ്. പശ്ചാത്തലം സംബന്ധിച്ച് അറിവു കിട്ടിയ ശേഷം ഒരുതരത്തിനും ബന്ധപ്പെട്ടിട്ടില്ല. ആരോപണങ്ങൾ ഉന്നയിച്ച കെ സുരേന്ദ്രൻ അടക്കമുള്ളവർക്കെതിരെ നിയമ നടപടി ആലോചിക്കേണ്ടിവരും. ഒരു ഏജൻസി അന്വേഷണം നടത്തുന്നതിനാൽ അതിനെക്കുറിച്ച് ആലോചിച്ച് തീരുമാനം എടുക്കും. തെറ്റുചെയ്യാത്തതിനാൽ രാജിവയ്ക്കേണ്ട ആവശ്യമില്ലെന്നും പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.

ഇന്നാണ് സ്പീക്കർക്കതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയത്. ലോക കേരള സഭ ചേരുന്നതിനായി സംസ്ഥാന നിയമസഭയുടെ ശങ്കരനാരായണൻ തമ്പി ഹാളിന്റെ നവീകരണത്തിന്റെ പേരിൽ കോടികളുടെ അഴിമതിയാണ് നടന്നതെന്നായിരുന്നു ചെന്നിത്തലയുടെ പ്രധാന ആരോപണം. 2020ൽ ലോക കേരള സഭ ചേർന്നപ്പോൾ വീണ്ടും 16.65 കോടി രൂപ ചെലവഴിച്ച് നവീകരിക്കാൻ നടപടി സ്വീകരിച്ചു. ഇതും ഊരാളുങ്കൽ സൊസൈറ്റിക്ക് തന്നെയാണ് ടെൻഡർ ഇല്ലാതെ നൽകിയത്. ഒന്നര ദിവസത്തെ ലോക കേരള സഭയ്‌ക്ക് വേണ്ടിയായിരുന്നു ഇത്. ഇപ്പോൾ ഈ ഹാൾ അടച്ചിട്ടിരിക്കുകയാണ്. ഇതുവരെ 12 കോടി രൂപയുടെ ബില്ല് ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകിയിട്ടുണ്ട്. കൊവിഡുമായി ബന്ധപ്പെട്ട സാമ്പത്തിക നിയന്ത്രണങ്ങളിൽ പ്രത്യേക ഇളവ് നൽകിയായിരുന്നു ഇതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

നിയമസഭയെ കടലാസ് രഹിതമാക്കുന്നതിന് വേണ്ടി 52.33 കോടി രൂപയുടെ പദ്ധതിയാണ് ഊരാളുങ്കൽ സൊസൈറ്റിയെ ഏൽപ്പിച്ചത്. 13.53 കോടി രൂപ മൊബിലൈസേഷൻ അഡ്വാൻസും നൽകി. ഇതിന്റെയൊന്നും പ്രയോജനം ആർക്കും ലഭിച്ചിട്ടില്ല. ഇതിൽ അഴിമതിയുണ്ട് എന്നത് വളരെ വ്യക്തമാണ്.സഭാ ടി വിയുടെ പേരിലും വൻ ധൂർത്ത് നടത്തിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.