p-c-george

കോട്ടയം: സംസ്ഥാനത്ത് സർക്കാരിനെതിരെ ജനവികാരമില്ലെന്ന് പി സി ജോർജ്. സർക്കാരിനെതിരായ ജനവികാരമല്ല തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ ഉണ്ടാവുകയെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. വ്യക്തിപരമായ കഴിവിനാണ് വോട്ട്. എൽ ഡി എഫ് എന്നോ, യു ഡി എഫ് എന്നോ നോക്കിയല്ല ജനങ്ങൾ വോട്ട് ചെയ്യുന്നതെന്നും പി സി ജോർജ് അഭിപ്രായപ്പെട്ടു.

കോട്ടയം ജില്ലാ പഞ്ചായത്തിൽ ആര് ഭരിക്കണമെന്ന് ജനപക്ഷം തീരുമാനിക്കും. ജനാധിപത്യം സംരക്ഷിക്കാൻ എല്ലാവരും വോട്ട് ചെയ്യണം. വ്യക്തിപരമായ മാന്യത നോക്കി വേണം വോട്ട് ചെയ്യാനെന്നും അദ്ദേഹം പറഞ്ഞു. കുറ്റിപാറ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ രണ്ടാം നമ്പർ ബൂത്തിലായിരുന്നു പി സി ജോർജിന്റെ വോട്ട്. ഭാര്യ ഉഷ, മരുമകൾ പാർവതി എന്നിവർക്കൊപ്പമെത്തിയാണ് പി സി ജോർജ് വോട്ട് ചെയ്‌തത്.