ഓവർസീസ് റൈറ്റിന് 56 കോടി കേരള റൈറ്റിന് 8 കോടി

master

ഒൻപത് മാസത്തോളമായി അടഞ്ഞുകിടക്കുന്ന സംസ്ഥാനത്തെ സിനിമാ തിയേറ്ററുകൾ ജനുവരിയിൽ തുറക്കാൻ നീക്കം. വിജയ് നായകനാകുന്ന മാസ്റ്റർ പൊങ്കലിനോടനുബന്ധിച്ച് ജനുവരി രണ്ടാം വാരം റിലീസ് ചെയ്യാനിരിക്കവേയാണ് തിയേറ്ററുകൾ തുറക്കണമെന്ന ആവശ്യം തിയേറ്ററുടമകളുടേതടക്കം വിവിധ സംഘടനകൾ ഉന്നയിക്കുന്നത്.

സൂപ്പർ ഹിറ്റായ കൈദിക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിൽ വിജയ്‌യുടെ പ്രതിനായകനാകുന്നത് വിജയ് സേതുപതിയാണ്. മാളവിക മോഹനാണ് നായിക.അമ്പത്തിയാറ് കോടി രൂപയ്ക്കാണ് മാസ്റ്ററിന്റെ ഓവർസീസ് റൈറ്റ്വിറ്റുപോയിരിക്കുന്നത്. ചിത്രത്തിന്റെ മുടക്ക് മുതലിന്റെ അറുപത് ശതമാനവും വിദേശത്ത് നിന്നാണ് കളക്ട് ചെയ്യേണ്ടത്. ബാക്കി നാല്പത് ശതമാനം മാത്രമാണ് ഇന്ത്യയിൽ നിന്ന് വരുന്ന കളക്ഷൻ. കൊവിഡ് സാഹചര്യം നിലനില്ക്കുന്നതിനാൽ വിദേശ രാജ്യങ്ങളിൽ ചിത്രത്തിന്റെ ജനുവരി റിലീസ് സാദ്ധ്യമാകുമോയെന്ന കാര്യത്തിൽ സംശയമുണ്ട്. ലോകവ്യാപകമായി റിലീസ് ചെയ്തില്ലെങ്കിൽ ചിത്രത്തിന്റെ കളക്ഷനെ അത് സാരമായി ബാധിക്കും. റിലീസാകാത്തയിടങ്ങളിൽ ചിത്രത്തിന്റെ വ്യാജൻ പ്രചരിക്കാനുള്ള സാദ്ധ്യതയുമുണ്ട്. അങ്ങനെയെങ്കിൽ ലോകമെമ്പാടും ചിത്രം ഒരുമിച്ച് റിലീസ് ചെയ്താൽ മതിയെന്ന തീരുമാനം നിർമ്മാതാക്കൾ കൈക്കൊള്ളാനിടയുണ്ട്.എന്നാൽ പൊങ്കലിന് മാസ്റ്ററെ വരവേല്ക്കാൻ തമിഴ്നാട്ടിലെ തിയേറ്ററുടമകൾ ആവേശപൂർവം കാത്തിരിക്കുകയാണ്. മാസ്റ്റർ റിലീസ് ചെയ്യുന്ന സമയത്ത് ഒപ്പം മറ്റ് ചിത്രങ്ങളൊന്നും റിലീസ് ചെയ്യേണ്ടന്ന തീരുമാനത്തിലാണ് തമിഴ്‌നാട്ടിലെ തിയേറ്ററുടമകൾ.

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക്ക് ഫ്രെയിംസും ഐ.എം.പി ഫിലിംസും ചേർന്നാണ് മാസ്റ്റർ കേരളത്തിലെത്തിക്കുന്നത്. ചിത്രത്തിന്റെ ട്രാവൻകൂർ മേഖലയിലെ വിതരണാവകാശമാണ് ലിസ്റ്റിൻ നേടിയത്. കൊച്ചിൻ മലബാർ അവകാശമാണ് ഐ.എം.പി ഫിലിംസിന്. എട്ട് കോടി രൂപയ്ക്കാണ് മാസ്റ്ററിന്റെ കേരള റൈറ്റ് വിറ്റുപോയതത്രെ.മാസ്റ്ററിന്റെ പൊങ്കൽ റിലീസിൽ മാറ്റം വന്നാൽ കേരളത്തിലെ വിതരണക്കാരുൾപ്പെടെ വിതരണാവകാശത്തുകയിൽ മാറ്റം വരുത്താൻ ആവശ്യപ്പെടാനും സാദ്ധ്യതയുണ്ട്.ഒ.ടി.ടി പ്ളാറ്റ്‌ഫോമുകൾ മോഹവില നൽകാൻ തയ്യാറായിട്ടും മാസ്റ്റർ തിയേറ്ററുകളിൽത്തന്നെ റിലീസ് ചെയ്താൽ മതിയെന്ന തീരുമാനമെടുത്തത് വിജയ് ആണ്.എന്നാൽ കേരളത്തിൽ തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ അന്തിമ തീരുമാനമറിയിച്ചിട്ടില്ല.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്ക്കുന്നതിനാൽ ഡിസംബർ പതിനാറിന് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ശേഷമേ ഇനി സിനിമാ സംഘടനാ പ്രതിനിധികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് തയ്യാറാകൂ. തങ്ങളുടെ ആവശ്യങ്ങൾ മുഖ്യമന്ത്രി അനുഭാവപൂർവം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്കി (ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഒഫ് കേരള) ന്റെ ജനറൽ സെക്രട്ടറി എം.സി. ബോബി പറഞ്ഞു.

എന്റർടെയ്‌ൻമെന്റ് ടാക്സ് ഒഴിവാക്കണം, തിയേറ്ററുകൾ അടഞ്ഞുകിടന്ന സമയത്തെ ഇലക്ട്രിസിറ്റി ഫിക്സഡ് ചാർജ് ഒഴിവാക്കണം, കെ.എസ്.എഫ്.ഡി.സി, ചലച്ചിത്ര അക്കാദമി എന്നിവർക്ക് നൽകാനുള്ള വിഹിതം ഒരു വർഷത്തേക്ക് ഒഴിവാക്കണം, തിയേറ്ററുകൾ തുറക്കുന്ന സമയത്ത് ലൈസൻസ് തീയതി തീർന്നിരിക്കുന്നതിനാൽ തുടർന്ന് പ്രദർശനം നടത്താനുള്ള സാഹചര്യമുണ്ടാക്കുക, കെട്ടിട നികുതി ഒരു വർഷത്തേക്ക് ഒഴിവാക്കുക, കെ.എസ്.എഫ്.ഇയിൽ നിന്നും മറ്റ് ബാങ്കുകളിൽ നിന്നും ലോൺ എടുത്തിരിക്കുന്ന തിയേറ്ററുകൾക്ക് പലിശ കുറച്ച് തരിക ഒന്നിൽ കൂടുതൽ സ്ക്രീനുകളുള്ള തിയേറ്ററുകളിൽ ലൈസൻസുള്ള ഒറ്റ ഓപ്പറേറ്ററെയാക്കി നിജപ്പെടുത്തുക എന്നീ ആവശ്യങ്ങൾ അംഗീകരിക്കുന്ന പാക്കേജ് തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുന്നതിനൊപ്പം സർക്കാർ പ്രഖ്യാപിക്കുന്ന പ്രതീക്ഷയിലാണ് തിയേറ്ററുടമകൾ.