natarajan

ഒന്നര മാസത്തിന് മുമ്പ് ആസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിക്കുമ്പോൾ നെറ്റ്സിൽ പന്തെറിഞ്ഞുകൊടുക്കാനായി കൊണ്ടുപോകാറുള്ള പരിശീലന സഹായി മാത്രമായിരുന്നു തങ്കരശ് നടരാജൻ എന്ന 29കാരൻ പേസ് ബൗളർ. എന്നാൽ കംഗാരുക്കളുടെ നാട്ടിൽ ഏകദിന,ട്വന്റി-20 പരമ്പരകൾ കഴിഞ്ഞപ്പോൾ ആരാധകലോകം വാഴ്ത്തുന്നത് നടരാജന്റെ പേരാണ്.കഴിഞ്ഞകുറച്ചുനാളായി നടക്കുന്നത് എല്ലാം സത്യമാണെന്ന് വിശ്വസിക്കാൻ തനിക്കുപോലും കഴിയില്ലെന്ന് നടരാജൻ പോലും പറയുന്നു.

തമിഴ്നാട്ടിലെ സേലത്തുനിന്ന് 36 കിലോമീറ്റർ അകലെയുള്ള ചിന്നപ്പൂവെട്ടി എന്ന കുഗ്രാമത്തിൽ നിന്ന് ക്രിക്കറ്റിന്റെ തലപ്പത്തേക്കുള്ള നടരാജന്റെ നടനം ശരിക്കുമൊരു അത്ഭുതകഥയാണ്.20 വയസുവരെ ശരിക്കുള്ള ക്രിക്കറ്റ് പന്തിൽ കളിച്ചിട്ടില്ലാത്ത നടരാജൻ ദാരിദ്ര്യത്തിന്റെ ബൗൺസറുകൾ നേരിട്ടാണ് വളർന്നത്. അച്ഛൻ തങ്കരശ് നെയ്ത്തുകാരൻ.അമ്മ റോഡരികിൽ ഒരു കോഴിക്കട നടത്തുന്നു. മൂന്ന് സഹോദരിമാരും ഒരുസഹോദരനും.പഠനം സർക്കാർ സ്കൂളിലാണെങ്കിലും പുസ്തകവും ബുക്കും വാങ്ങാനുള്ള പണം പോലും പലപ്പോഴും തികയാറില്ലായിരുന്നു. അഞ്ചാം ക്ളാസുമുതൽ റബർ ബാളും ടെന്നിസ് ബാളും കൊണ്ട് ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയിരുന്നു.

ജെ.പി നടരാജൻ

പട്ടിണിയും പരിവട്ടവുമായി കിടന്ന ചുറ്റുപാടിൽനിന്ന് നടരാജനെ ക്രിക്കറ്റിന്റെ ലോകത്തേക്ക് ചുവടുവയ്ക്കാൻ പ്രേരിപ്പിച്ചത് ജെ.പി എന്ന ജയപ്രകാശാണ്. ഗ്രാമത്തിലെ ഒരു ക്രിക്കറ്റ് ടൂർണമെന്റിലെ നടരാജന്റെ ബൗളിംഗ് കണ്ട് അമ്പരന്ന് പിന്നാലെ വന്നതാണ് ജെ.പി.നടരാജന്റെ വീട്ടിലെത്തി ക്രിക്കറ്റ് ഗൗരവമായി എടുക്കണമെന്ന് ഉപദേശിക്കാനെത്തിയ ജെ.പിയോട് തങ്കരശ് തന്റെ സാമ്പത്തിക പരിമിതികൾ അറിയിച്ചു. തന്നാൽ കഴിയും വിധം നടരാജനെ സഹായിക്കാമെന്ന് വാക്കുനൽകിയ ജെ.പി പിന്നീട് നടരാജന്റെ എല്ലാമെല്ലാമായി മാറി.വലിയ പണക്കാരനായിരുന്നില്ല ജെ.പി.എങ്കിലും നടരാജന് ആവശ്യമായ ക്രിക്കറ്റ് കിറ്റും പഠനസഹായവുമെല്ലാം എത്തിച്ചുകൊടുത്തു. തന്റെ ചുറ്റുപാടുകളെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്ന നടരാജൻ ചുരുങ്ങിയത് ഒരു വർഷമെങ്കിലും ഒരു ഷൂ ഉപയോഗിക്കാൻ ശ്രമിച്ചിരുന്നു.

തന്നെ വളർത്തി വലുതാക്കിയ ജെ.പിയോടുള്ള കടപ്പാട് നടരാജന്റെ ഓരോ വാക്കിലുമുണ്ട്. ക്ലബ് തലത്തിൽ കളിക്കാനിറങ്ങുമ്പോൾ തന്റെ ജഴ്സിക്ക് പിന്നിൽ ജെ.പി നടരാജൻ എന്ന് എഴുതാനാണ് നടരാജന് ഇഷ്ടം.

തമിഴ്നാട് പ്രിമിയർ ലീഗ്

നാട്ടിൻപുറത്തെ ടൂർണമന്റുകളിൽ കളിച്ചുവളർന്ന നടരാജനെത്തേടി ചെന്നൈ ഉൾപ്പടെയുള്ള വലിയ നഗരങ്ങളിലെ ക്ളബുകളിൽ നിന്ന് അന്വേഷണമെത്തി.20-ാം വയസിലാണ് ആദ്യമായി ലെതർബാൾ കൊണ്ട് കളിക്കുന്നത്. ജെ.പി തന്നെയാണ് ഇവിടെയും സഹായമായത്.അദ്ദേഹത്തിന്റെ സുഹൃത്തുവഴി ചെന്നൈ ലീഗിലെ ഒരു ക്ളബിൽ ഇടംപിടിച്ചു.ലീഗിലെ മികച്ച പ്രകടനം തമിഴ്നാട് രഞ്ജി ടീമിലേക്കുള്ള വാതിലാണ് തുറന്നത്. മറ്റുകളിക്കാർ അണ്ടർ-14,17,19,23 എന്നിങ്ങനെ ഏജ് കാറ്റഗറി ടൂർണമെന്റുകൾ കളിച്ച് രഞ്ജി ടീമിലേക്ക് എത്തുമ്പോൾ നടരാജന്റേത് നേരിട്ടുള്ള രംഗപ്രവേശമായിരുന്നു.എന്നാൽ തന്റെ രഞ്ജി അരങ്ങേറ്റം നടരാജന് നൽകിയത് നിരാശയും സങ്കടവും ഒഴിച്ചുനിറുത്തലുമാണ്.

ആക്ഷനിലെ പിഴവ്

2015 ജനുവരിയിൽ വിഖ്യാതമായ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ ബംഗാളിനെതിരെയായിരുന്നു നടരാജന്റെ രഞ്ജി അരങ്ങേറ്റം.ടെലിവിഷനിൽ മാത്രം കണ്ടിരുന്നഈഡനിൽ ആദ്യ രഞ്ജി ട്രോഫി മത്സരത്തിൽ പന്തെറിയാനിറങ്ങിയ നടരാജന്റെ ബൗളിംഗ് ആക്ഷനിൽ അമ്പയർമാർ പിഴവ് കണ്ടെത്തി.സ്വപ്നാകാശത്തേക്കുള്ള യാത്രയുടെ തുടക്കത്തിൽതന്നെ തലയ്ക്കടിയേറ്റ് നിലത്തേക്കുപതിക്കുന്ന അവസ്ഥ. രഞ്ജി കളിക്കാൻ ആഘോഷമായി പറഞ്ഞുവിട്ട നാട്ടുകാർക്ക് മുന്നിലേക്ക് മാങ്ങായേറുകാരൻ എന്ന നാണക്കേടുമായുള്ള മടങ്ങിവരവ്.

സുനിലിന്റെ സഹായം

ഒന്നരവർഷത്തോളമാണ് നടരാജന് കളിക്കളത്തിൽ നിന്ന് മാറി പരിശീലനത്തിൽ കൂടുതൽ മുഴുകേണ്ടിവന്നത്. തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്റെ അക്കാഡമിയിലെ പരിശീലകനും സ്പിന്നറുമായ സുനിൽ സുബ്രഹ്മണ്യമാണ് ഇക്കാലത്ത് സഹായിച്ചത്. ബൗളിംഗ് ആക്ഷനെക്കാൾ ഉപരി തനിക്ക് ആദ്യം ശരിയാക്കാനുണ്ടായിരുന്നത് നടരാജന്റെ മനോധൈര്യമായിരുന്നുവെന്ന് സുനിൽ പറയുന്നു.നാലഞ്ചുമാസംകൊണ്ടാണ് നടരാജൻ ധൈര്യം വീണ്ടെടുത്തത്. പിന്നെ നെറ്റ്സിൽ കൈയുടെ ആക്ഷൻ പിഴവ് പരിഹരിക്കാനുള്ള കഠിനപ്രയത്നം. ഇക്കാലത്ത് 13000ത്തോളം പന്തുകളെങ്കിലും നടരാജൻ നെറ്റ്സിൽ എറിഞ്ഞിട്ടുണ്ടാകുമെന്ന് സുനിൽ പറയുന്നു.

ടി.എൻ.പി.എൽ

ഐ.പി.എൽ മാതൃകയിൽ 2016ൽ ആരംഭിച്ച തമിഴ്നാട് പ്രിമിയർ ലീഗിലൂടെയായിരുന്നു നടരാജന്റെ രണ്ടാം വരവ്. ദിണ്ടുഗൽ ഡ്രാഗൺസ്,ലെയ്ക്ക കോവൈ കിംഗ്സ് എന്നീ ടീമുകൾക്ക് വേണ്ടി കാഴ്ചവച്ച മികച്ച പ്രകടനം ഐ.പി.എൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ശ്രദ്ധയിലെത്തിച്ചു.അടിസ്ഥാനവിലയിൽ സൺറൈസേഴ്സിലെത്തിയ നടരാജന് അവിടെ സഹായകമായത് ഇതിഹാസ താരങ്ങളായ മുത്തയ്യ മുരളീധരന്റെയും വി.വി.എസ് ലക്ഷമണിന്റെയും പിന്തുണയാണ്.

യോർക്കർ നടരാജൻ

കൊവിഡ് കാരണം യു.എ.ഇയിലേക്ക് മാറ്റപ്പെട്ട ഐ.പി.എൽ 13-ാം സീസണാണ് നടരാജന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ഒരോവറിലെ ആറുപന്തുകളും യോർക്കർ എറിയാനുള്ള നടരാജന്റെ കഴിവ് ട്വന്റി-20 ഫോർമാറ്റിൽ വളരെയധികം പ്രയോജനപ്പെട്ടു.ആദ്യ അവസരങ്ങളിൽത്തന്നെ അത്ഭുതപ്പെടുത്തിയതോടെ സൺറൈസേഴ്സ് ടീമിലെ സ്ഥിരക്കാരനായി. 16 മത്സരങ്ങൾ കളിച്ച നടരാജൻ അത്രതന്നെ വിക്കറ്റുകളും സ്വന്തമാക്കി വിക്കറ്റ് വേട്ടയിൽ പത്താം സ്ഥാനക്കാരനായി.ഡെത്ത് ഓവറുകളിൽ കൃത്യതയോടെ പന്തെറിയാനാകുന്നു എന്നതാണ് നടരാജനെ ശ്രദ്ധേയനാക്കിയത്. 'യോർക്കർ നടരാജൻ' എന്ന് പേരുവീണതും ഈ ഐ.പി.എൽ കാലത്താണ്.

വിധിയെ തടുക്കാൻ

സെലക്ടർക്കുമാവില്ല

ഐ.പി.എല്ലിലെ പ്രകടനം പക്ഷേ സുനിൽ ജോഷിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം സെലക്ടർമാരുടെ കണ്ണുതുറപ്പിക്കാൻ പര്യാപ്തമായിരുന്നില്ല. നെറ്റ്സിൽ കൊഹ്‌ലിക്കും കൂട്ടുകാർക്കും പന്തെറിഞ്ഞുകൊടുക്കാനുള്ള ബൗളറായി മാത്രമാണ് അവർ നടരാജനെ ആസ്ട്രേലിയയിലേക്ക് അയച്ചത്. എന്നാൽ നടരാജനെ ഇന്ത്യൻ കുപ്പായത്തിൽ കളിപ്പിക്കാൻ വിധി തയ്യാറായി ഇരിക്കുമ്പോൾ സെലക്ടർമാരുടെ കണക്കുകൂട്ടലുകളിൽ എന്ത് കാര്യമാണുള്ളത്?.

വരുൺ ചക്രവർത്തിക്ക് പരിക്കേറ്റതോടെ നടരാജനെ ഏകദിന ടീമിൽ ഉൾപ്പെടുത്തേണ്ടിവന്നു. ആസ്ട്രേലിയയിൽ ചെന്ന് ആദ്യ രണ്ട് ഏകദിനങ്ങളിലും കളിക്കാൻ അവസരം ലഭിച്ചില്ല. മൂന്നാം ഏകദിനത്തിന് മുമ്പ് നവ്ദീപ് സെയ്നിക്ക് പരിക്കേറ്റപ്പോൾ നടരാജന് വഴിതുറന്നു. ആ മത്സരത്തിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയ പ്രകടനം ട്വന്റി-20 പരമ്പരയിലും കളിപ്പിക്കാൻ പ്രേരകമായി.ഈ ഓസീസ് പര്യടനത്തിലെ ഏകദിന,ട്വന്റി-20 പരമ്പരകൾ അവസാനിക്കുമ്പോൾ അടുത്തവർഷം ഇന്ത്യയിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിലേക്കുള്ള തന്റെ സ്ഥാനം കൂടി ഉറപ്പിച്ചിരിക്കുകയാണ് നടരാജൻ.

നടരാജൻസ് അക്കാഡമി

ഇന്ത്യൻ ടീമിൽ കളിക്കുകയെന്നത് സ്വപ്നം കാണാൻ പോലും കഴിയാതിരുന്ന തന്നെ ഈ നിലയിലെത്തിച്ചത് പലരുടെയും സഹായമാണെന്ന തിരിച്ചറിവിൽ തന്നെക്കൊണ്ടാവുന്നത് സമൂഹത്തിന് തിരിച്ചുനൽകാനാണ് നടരാജനും ജെ.പിയും ചേർന്ന് സേലത്ത് ക്രിക്കറ്റ് അക്കാഡമി തുടങ്ങിയത്. നിരവധി പ്രതിഭകളാണ് ഈ അക്കാഡമിയിലൂടെ കളി പഠിച്ച് കഴിവുതെളിയിക്കുന്നതെന്ന് നടരാജൻ പറയുന്നു.

ഒരു സ്വപ്നം പോലെയുള്ള ജീവിതമാണെങ്കിലും ചെറിയ ചെറിയ മോഹങ്ങളേ നടരാജനുള്ളൂ. രണ്ട് സഹോദരിമാരെ നല്ല രീതിയിൽ വിവാഹം ചെയ്തയക്കണം. അനിയനെ നന്നായി പഠിപ്പിക്കണം.സാമ്പത്തികപ്രയാസമുള്ള ക്രിക്കറ്റ് പ്രതിഭകളെ സഹായിക്കണം...എന്നിങ്ങനെ പോകുന്നു നടരാജസ്വപ്നങ്ങൾ.

ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് ഞാൻ സ്വപ്നത്തിൽപോലും കരുതിയിട്ടില്ല. തമിഴ്നാടിനായി രഞ്ജിട്രോഫിയിൽ കളിക്കണമെന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹം. അതിനായാണ് പരിശ്രമിച്ചത്. കഠിനാദ്ധ്വാനവും അർപ്പണബോധവും കൊണ്ടാണ് ഇതുവരെ എത്താനായത്. ഒരു ലക്ഷ്യം നേടാനായി നമ്മൾ കഠിനമായി പരിശ്രമിക്കുകയാണെങ്കിൽ അതിലും വലിയ നേട്ടം നമ്മളെത്തേടിയെത്തും എന്നതാണ് എന്റെ അനുഭവം എന്നെ പഠിപ്പിക്കുന്നത്.

-ടി. നടരാജൻ.

ഈ പരമ്പരകളിൽ പ്രത്യേകം പറയേണ്ടത് നടരാജനെക്കുറിച്ചാണ്. ഷമിയും ബുംറയും ഇല്ലാത്ത സാഹചര്യത്തിന്റെ സമ്മർദ്ദങ്ങളെ അതിജീവിച്ചതാണ് നടരാജന്റെ മിടുക്ക്. സമചിത്തതയും ശാന്തതയുമുള്ള കഠിനാദ്ധാനിയാണ് നടരാജൻ. ട്വന്റി-20 ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന് മുതൽക്കൂട്ടാണ് നടരാജന്റെ സാന്നിദ്ധ്യം.

- വിരാട് കൊഹ്‌ലി

മാച്ച് റഫറി ട്വന്റി-20 പരമ്പരയിലെ മാൻ ഒഫ് സിരീസ് പുരസ്കാരം എനിക്കാണ് നൽകിയതെങ്കിലും നടരാജനാണ് അതിന് അവകാശിയെന്ന് ഞാൻ കരുതുന്നു. ആദ്യ പരമ്പരയിൽത്തന്നെ അത്ര മികവാണ് നടരാജൻ കാഴ്ചവച്ചത്.

- ഹാർദിക്ക് പാണ്ഡ്യ

ഓസീസിലെ നടരാജൻ

1. മൂന്നാം ഏകദിനത്തിൽ അരങ്ങേറ്റം.ആദ്യ സ്പെല്ലിൽത്തന്നെ ലബുഷാനെയുടെ വിക്കറ്റ്.അവസാനസ്പെല്ലിൽ ആഷ്ടൺ ആഗറിനെപുറത്താക്കി ഓസീസിന്റെ ചേസിംഗിന്റെ മുന ഒടിച്ചു. പത്തോവറിൽ 70 റൺസ് വഴങ്ങിയെങ്കിലും നിർണായക സമയത്ത് പിടിവിട്ടുപോകാതിരുന്ന ബൗളിംഗ് ശ്രദ്ധേയമായി.

2.162 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ഓസീസിനെ 150/7ലൊതുക്കിയത് നടരാജന്റെ ബൗളിംഗാണ്. നാലോവറിൽ 30 റൺസ് വഴങ്ങി വീഴ്ത്തിയത് മൂന്ന് വിക്കറ്റുകൾ.ഡ്ആർസി ഷോർട്ട്,മാക്സ്‌വെൽ,മിച്ചൽ സ്റ്റാർക്ക് എന്നിവരെയാണ് പുറത്താക്കിയത്.

3.നാലോവറിൽ 20 റൺസ് മാത്രം വഴങ്ങി ഷോർട്ടിനെയും ഹെൻട്രിക്കസിനെയും പുറത്താക്കി.

4.നാലോവറിൽ 33 റൺസ് വഴങ്ങി ഒരു വിക്കറ്റ്. പുറത്താക്കിയത് അർദ്ധസെഞ്ച്വറി നേടിയ മാക്സ്‌വെല്ലിനെ.