
ന്യൂഡൽഹി : ലോകപൊലീസ് എന്ന പട്ടം ചാർത്തി നൽകിയിട്ടുള്ള അമേരിക്ക ആ പദവിക്ക് അർഹമാവുന്നത് കരുത്തുറ്റ സൈനിക ശേഷി സ്വന്തമാക്കിയിട്ടാണ്. ഭൂമിശാസ്ത്രപരമായി സുരക്ഷിതമായ സ്ഥാനത്താണെങ്കിലും ലോകം മുഴുവൻ ആക്രമണം നടത്തുവാനുള്ള ശേഷി അമേരിക്കയ്ക്കുണ്ടെന്നത് തർക്കരഹിതമായ വസ്തുതയാണ്. അമേരിക്ക വികസിപ്പിച്ച ആയുധങ്ങൾ സ്വന്തമാക്കാൻ രാജ്യങ്ങൾ കൊതിക്കുന്നതും അതുകൊണ്ടു തന്നെയാണ്. ഇന്ത്യയിൽ മോദി സർക്കാർ അധികാരത്തിൽ വന്നശേഷം അമേരിക്കയുമായുള്ള സൈനിക സഹകരണവും വളരെ അധികം വർദ്ധിച്ചിട്ടുണ്ട്.
ഇന്നലെ പുറത്ത് വന്ന ഒരു റിപ്പോർട്ട് പ്രകാരം യു എസിൽ നിന്നുള്ള ഇന്ത്യയുടെ ആയുധശേഖരണത്തിൽ വൻ വർദ്ധനയാണുള്ളത്. 2020ൽ 25,031കോടി രൂപയുടെ ആയുധങ്ങൾ ഇന്ത്യ യു.എസിൽനിന്നു സ്വന്തമാക്കിയതായി പ്രതിരോധ സുരക്ഷാ സഹകരണ ഏജൻസിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞവർഷം കേവലം 45കോടി രൂപയുടെ ആയുധങ്ങളുടെ ഇടപാടുകൾ മാത്രമാണ് ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 2017ൽ 5554കോടി രൂപയുടെയും 2018ൽ 2076കോടി രൂപയുടെയും ആയുധങ്ങളാണ് ഇന്ത്യ യു.എസിൽനിന്നും വാങ്ങിയത്. ഏറെക്കാലം റഷ്യയുടെ യുദ്ധവിമാനങ്ങളും മറ്റായുധങ്ങളുമായിരുന്നു ഇന്ത്യൻ പ്രതിരോധത്തിന്റെ കുന്തമുന. എന്നാൽ ഇപ്പോൾ ഈ നയം മാറ്റി വിവിധ രാജ്യങ്ങളിൽ നിന്നും ആയുധങ്ങൾ വാങ്ങുകയും, അതിനൊപ്പം സ്വന്തമായി ആയുധങ്ങൾ വികസിപ്പിക്കുക എന്ന നയത്തിലേക്ക് മാറിയിരിക്കുകയാണ് ഇന്ത്യ. റഷ്യ, അമേരിക്ക, ഫ്രാൻസ്, ഇസ്രായേൽ തുടങ്ങിയ രാഷ്ട്രങ്ങളെയാണ് ഇതിനായി നമ്മൾ ഇപ്പോൾ ആശ്രയിക്കുന്നത്.
യു എസിൽ നിന്നുള്ള ഇന്ത്യയുടെ ആയുധ ഇറക്കുമതിയിൽ വൻ വർദ്ധന ഉണ്ടായി എന്ന റിപ്പോർട്ട് പുറത്ത് വന്ന ദിവസം മറ്റൊരു റിപ്പോർട്ടും പ്രതിരോധ വിദഗ്ദ്ധരുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അമേരിക്കയ്ക്ക് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് വിമാനം വിൽക്കാനുള്ള ഇന്ത്യയുടെ താത്പര്യമാണ് അത്. യുഎസ് നേവിയോടാണ് ഇന്ത്യ ഓഫർ മുന്നോട്ട് വച്ചിട്ടുള്ളത്. അമേരിക്കൻ വൈമാനികർക്ക് യുദ്ധക്കപ്പലുകളിൽ നിന്നും വിമാനം പറപ്പിക്കുന്നതിനുള്ള പരിശീലനത്തിന് ഉപയോഗിക്കുവാനായിട്ടാണ് തേജസ് നൽകാമെന്ന് ഓഫർ ഇന്ത്യ മുന്നോട്ട് വച്ചിട്ടുള്ളത്.

ലോകത്ത് ഇന്ന് ലഭ്യമായിട്ടുള്ളതിൽ വച്ച് ഏറ്റവും കരുത്തേറിയ ലൈറ്റ് കോംപാറ്റ് എയർക്രാഫ്റ്റിന്റെ (എൽസിഎ) നേവി വേരിയന്റാണ് ഇന്ത്യ വികസിപ്പിച്ച തേജസ്. ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലായ വിക്രമാദിത്യയിൽ വിജയകരമായി ലാൻഡ് ചെയ്ത് നിരവധി പരീക്ഷണങ്ങൾ തേജസ് പൂർത്തീകരിച്ചിട്ടുണ്ട്. റഷ്യ, അമേരിക്ക, ഫ്രാൻസ്, യുകെ, ചൈന എന്നിവയ്ക്ക് ശേഷം ഒരു വിമാനവാഹിനിക്കപ്പലിൽ വിമാനം ലാൻഡ് ചെയ്യാനുള്ള ശേഷി തദ്ദേശീയമായി നേടിയ ആറാമത്തെ രാജ്യമാണ് ഇന്ത്യ.
യുഎസ് നാവികസേന ഇന്ത്യയുടെ ഓഫർ സ്വീകരിച്ച് മുന്നോട്ട് പോയി ലിസ്റ്റിൽ ഇടം പിടിച്ചാൽ അടുത്ത ഘട്ടത്തിൽ ഒരു ഡെമോൺസ്‌ട്രേറ്ററെ അടക്കം വിമാനവുമായി കാര്യങ്ങൾ അവതരിപ്പിക്കാൻ തയാറെടുക്കുകയാണ് ഇന്ത്യ. ഈ ഘട്ടത്തിലേക്ക് തേജസിനെ അമേരിക്കൻ നേവി ഉൾപ്പെടുത്തിയാൽ പോലും അത് തേജസിന് കിട്ടുന്ന വലിയൊരു അംഗീകാരമാവും.