manju-warrior-

തൃശൂർ/കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ നടി മഞ്ജു വാര്യർ തിരിച്ചറിയൽ കാർഡ് മറന്നു. തൃശൂർ പുള്ള് എ.എൽ.പി സ്‌കൂളിൽ രാവിലെ അമ്മയ്ക്ക് ഒപ്പം എത്തി ബൂത്തിലേക്ക് കയറാൻ ഒരുങ്ങവെയാണ് കാർഡ് എടുത്തില്ലെന്ന കാര്യം ശ്രദ്ധയിൽപെട്ടത്. തുടർന്ന് മഞ്ജു മടങ്ങിപ്പോയി കാർഡ് എടുത്ത ശേഷം വോട്ട് ചെയ്യുകയായിരുന്നു.

അതേസമയം, വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ നടൻ മമ്മൂട്ടിക്ക് വോട്ട് ചെയ്യാനായില്ല.

പനമ്പിള്ളി നഗർ സ്‌കൂളിലാണ് മമ്മൂട്ടി സാധാരണ വോട്ട് ചെയ്യാറുള്ളത്. എന്നാൽ ലോക്ക് ഡൗൺ കാലത്ത് മമ്മൂട്ടി കടവന്ത്രയിലെ പുതിയ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ഇതോടെ മമ്മൂട്ടിയുടെ പേര് വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. പുതിയ വാർഡിൽ പേര് ചേർത്തതുമില്ല. ഇന്നലെ വോട്ടർ പട്ടിക പരിശോധിച്ചപ്പോഴാണ് പട്ടികയിൽ പേരില്ല എന്ന വിവരം അറിഞ്ഞത്. ഭാര്യ സുൽഫത്തും ദുൽഖറും ഭാര്യ അമാൽ സൂഫിയയും മകൾ മറിയവും ഇവിടെയാണ് ഇപ്പോൾ താമസം. ചെന്നൈയിൽ ആയതിനാൽ മകനും നടനുമായ ദുൽഖറും വോട്ട് ചെയ്തില്ല. എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസിനും പട്ടികയിൽ പേരില്ലാത്തതിനാൽ വോട്ട് ചെയ്യാനായില്ല.

സിനിമാ താരവും മുൻ എം.പിയുമായ ഇന്നസെന്റ് ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. ഹൈബി ഈഡൻ എം.പി കുടുംബസമേതം എറണാകുളം മാമംഗലം എസ്.എൻ.ഡി.പി ഹാളിൽ രാവിലെ 7.30 ന് വോട്ട് ചെയ്തു.

സി.പി.എം സെക്രട്ടറി എ.വിജയരാഘവൻ, മന്ത്രിമാരായ സി.രവീന്ദ്രനാഥ്, വി.എസ്. സുനിൽ കുമാർ എന്നിവരും രാവിലെ വോട്ട് ചെയ്തു. എ. വിജയരാഘവനും മന്ത്രി രവീന്ദ്രനാഥും ൻ തൃശൂർ കേരളവർമ്മ കോളേജിൽ വോട്ട് രേഖപ്പെടുത്തി. മന്ത്രി വി.എസ്. സുനിൽകുമാർ അന്തിക്കാട് ഗ്രാമപഞ്ചായത്തിലെ 11ാം വാർഡിലെ മുറ്റിച്ചൂർ എൽ.പി സ്‌കൂളിൽ വോട്ട് ചെയ്തു.

ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ.എസ്. രാധാകൃഷ്ണൻ ചിറ്റൂർ അനന്തമാർഗ് ഹൈസ്‌കൂളിലും ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ പറവൂർ മന്നം പാറപ്പുറം മദ്രസയിലും വോട്ട് ചെയ്തു. സി.പി.എം സംസ്ഥാന നേതാവ് പി. രാജീവ് കളമശേരി സെന്റ് പോൾസ് കോളേജിൽ വോട്ട് ചെയ്തു. എറണാകുളം സെന്റ് മേരീസ് സ്‌കൂളിലാണ് ക്രൈസ്തസഭാ തലവന്മാർ വോട്ട് ചെയ്തത്. സീറോ മലബാർ സഭാ തലവൻ കർദ്ദിനാൾ ജോർജ് ആലഞ്ചേരി, എറണാകുളം അങ്കമാലി മെത്രാപ്പോലീത്തൻ വികാരി ആന്റണി കരിയിൽ, വരാപ്പുഴ അതിരൂപതാ മെത്രാപ്പൊലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ എന്നിവർ സെന്റ് മേരീസിൽ വോട്ട് ചെയ്തു. കൊവിഡ് ബാധിതരായ മുൻകേന്ദ്രമന്ത്രി കെ.വി. തോമസും ബെന്നി ബഹനാൻ എം.പിയും തപാൽ വോട്ട് കഴിഞ്ഞ ദിവസം ചെയ്തിരുന്നു.