jayaram-

മിമിക്രി വേദിയില്‍ നിന്ന് സിനിമാ ലോകത്തെത്തിയ അഭിനേതാക്കളിലൊരാളാണ് ജയറാം. മലയാളത്തിലും തമിഴിലും ഒരു പോലെ തിളങ്ങിയ ജയറാമിന്റെ പിറന്നാള്‍ ദിനത്തില്‍ ആദ്യ വീഡിയോ അഭിമുഖം പങ്കുവച്ചിരിക്കുകയാണ് എ വി എം ഉണ്ണി.1988ല്‍ കലാഭവന്‍ ട്രൂപ്പിനൊപ്പം ഖത്തറിലെത്തിയ ജയറാമുമായി ഏ.വി.എം ഉണ്ണി നടത്തിയതാണ് അഭിമുഖം. സിനിമയിലേക്ക് കടക്കാനുള്ള ആഗ്രഹത്തെക്കുറിച്ചും, മിമിക്രിയിലെ പുതിയ ട്രെന്‍ഡുകളെക്കുറിച്ചും അഭിനയ മോഹത്തെക്കുറിച്ചും ജയറാം അഭിമുഖത്തില്‍ പറയുന്നുണ്ട്.

സിനിമാ ഓഫറുകള്‍ കിട്ടിയോ

‘സ്‌റ്റേജിലാണെങ്കിലും പുറത്താണെങ്കിലും ഏതൊരു കലാകാരന്റെയും അവസാനത്തെ ലക്ഷ്യം സിനിമയായിരിക്കും. എല്ലാവരുടെയും മനസില്‍ ആഗ്രഹമുണ്ടാകും, നടക്കണമെന്നില്ല. ട്രൈ ചെയ്യണമെന്നുണ്ട്. സിനിമാ ഫീല്‍ഡ് ആയത് കൊണ്ട് ഒന്നും പറയാനാകില്ല. ഇന്ന് ചാന്‍സ് തരാം എന്നുപറയും, നാളെ ചെന്നുകഴിയുമ്പോള്‍ ‘ഏത് ജയറാം അറിയില്ല’ എന്നു പറയും. അത് കൊണ്ട് ഇപ്പോള്‍ ഞാന്‍ എനിക്കൊരു ചാന്‍സ് കിട്ടി എന്ന് പറഞ്ഞുനടക്കുന്നതിനെക്കാള്‍ കിട്ടിക്കഴിഞ്ഞാല്‍ പറയാം.’–ജയറാം പറഞ്ഞു.

മിമിക്രി രംഗത്തെ അറിയപ്പെടുന്ന കലാകാരന്‍മാരെക്കുറിച്ചുള്ള ചോദ്യത്തിന് കൊച്ചിന്‍ ഹനീഫ, സംവിധായകന്‍ ഫാസില്‍, നെടുമുടി വേണു, ആലപ്പി അഷ്റഫ് എന്നിവരുടെ പേരുകള്‍ ജയറാം പറയുന്നുണ്ട്. നാല് വയസ് മുതലൊക്കെ ബന്ധുക്കളെയൊക്കെ അനുകരിച്ച് കാണിക്കുമായിരുന്നു. അമ്മയെ ഒക്കെ അനുകരിക്കുമായിരുന്നു. അവിടെയാണ് മിമിക്രിയുടെ തുടക്കമെന്നും ജയറാം പറഞ്ഞു. ജയറാമിന്റെ അന്നത്തെ ഗെറ്റപ്പ് മകനും നടനുമായ കാളിദാസുമായി സാമ്യമുള്ളതെന്ന രീതിയിലും വീഡിയോക്ക് കമന്റ് ലഭിക്കുന്നുണ്ട്.