
തിരുവനന്തപുരം: ഉന്നതർക്കെതിരെ മൊഴി നൽകാതിരിക്കാൻ ജയിലിൽ തന്നെ ചിലർ പലതവണ ഭീഷണിപ്പെടുത്തിയതായ സ്വപ്നയുടെ പരാതിയിൽ സംശയമുന ജയിൽ ജീവനക്കാരിലേക്ക്. പ്രവേശന കവാടത്തിൽ സി.സി ടി വി കാമറ ഉൾപ്പെടെയുള്ള അട്ടക്കുളങ്ങര വനിതാ ജയിലിൽ പുറത്തുനിന്നുള്ളവർക്കെത്തി ഭീഷണിപ്പെടുത്താനോ വിരട്ടാനോ കഴിയില്ലെന്നിരിക്കെ ജയിലിലെ ജീവനക്കാരാരെങ്കിലും സ്വപ്നയെ വിരട്ടുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. ഭരണാനുകൂല സംഘടനയിൽപ്പെട്ടവരാണ് ജയിൽ ജീവനക്കാരിലധികവും. സ്വപ്ന അട്ടക്കുളങ്ങര ജയിലിലെത്തിയശേഷം ചില ജയിൽ ജീവനക്കാർ ഇവിടേക്ക് ട്രാൻസ്ഫറായി എത്തിയതായും പറയപ്പെടുന്നുണ്ട്. സർക്കാരിന്റെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും പ്രതിച്ഛായ തകർത്ത സംഭവത്തിൽ കൂടുതൽ പേരിലേക്ക് അന്വേഷണം നീളാതിരിക്കാൻ ഒരു പക്ഷെ, സ്വപ്നയെ ജീവനക്കാരാരെങ്കിലും താക്കീത് ചെയ്യുകയോ വിരട്ടുകയോ ചെയ്തിട്ടുണ്ടാകാമെന്നാണ് നിയമവിദഗ്ദ്ധരായ ചിലർ ചൂണ്ടിക്കാട്ടുന്നത്.
സ്വർണക്കള്ളക്കടത്തിലും ലൈഫ് കോഴയിലും ഡോളർ കള്ളക്കടത്തിലുമെല്ലാം പ്രതിചേർക്കപ്പെടുകയും ജുഡിഷ്യൽ കസ്റ്റഡിയിലാകുകയും ചെയ്ത സ്വപ്നയ്ക്ക് അകാരണമായി ഇത്തരമൊരു ആരോപണം ഉന്നയിക്കേണ്ട സാഹചര്യം ഇല്ലെന്നാണ് പൊതുവേ കരുതപ്പെടുന്നത്. ജയിൽജീവനക്കാരുടെ ഭീഷണിയിൽ സഹികെട്ട് സ്വപ്ന ഇക്കാര്യം അഭിഭാഷകനെ അറിയിച്ചെങ്കിലും ജയിൽ ഡി.ഐ.ജി അന്വേഷിക്കാനെത്തിയപ്പോൾ സംഭവം നിഷേധിക്കുക കൂടി ചെയ്തത് ഭീഷണിക്ക് പിന്നിൽ ജയിൽ ജീവനക്കാരാകാമെന്ന സംശയത്തിനാണ് അടിവരയിടുന്നത്. അതേ ജയിലിൽ കഴിയവേ ജീവനക്കാർക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥനോട് യാതൊന്നും വെളിപ്പെടുത്താൻ സ്വപ്നയെന്നല്ല ആരും തയ്യാറാകില്ല. ജീവനക്കാരെ ഭയന്നാകാം ഡി.ഐ.ജിയോടും ഇക്കാര്യങ്ങൾ തുറന്ന് പറയാൻ സ്വപ്ന തയ്യാറാകാത്തത്.
പ്രതിരോധം ഒരു മുഴം മുമ്പോ?
ജയിലിൽ തന്റെ സുരക്ഷ വർദ്ധിപ്പിക്കാനോ ഭീഷണികൾ ഒഴിവാക്കാനോ ലക്ഷ്യമിട്ടാണോ അഭിഭാഷകൻ മുഖാന്തിരം കോടതി മുമ്പാകെ സ്വപ്ന ഭീഷണിയെപ്പറ്റി പറഞ്ഞതെന്ന മറ്റൊരു സംശയവും ഉടലെടുത്തിട്ടുണ്ട്. വിവാദമായ കേസുകളിൽ പ്രതിയാകുകയും അനുദിനം കൂടുതൽ ഉന്നതരിലേക്ക് അന്വേഷണങ്ങൾ നീളുകയും ചെയ്യുന്ന സാഹചര്യത്തിൽ തനിക്ക് ജയിലിൽ ഭീഷണിയുണ്ടായേക്കാമെന്ന് മുൻകൂട്ടി കണ്ട് അതിന് പ്രതിരോധം തീർക്കാൻ സ്വപ്നയുടെ ഉപായമാണോ ഇതെന്നും ചിലർ കരുതുന്നുണ്ട്.
എന്തായാലും ജയിൽ ഡി.ഐ.ജിയുടെ അന്വേഷണത്തിൽ തനിക്ക് ഭീഷണിയില്ലെന്ന് സ്വപ്ന വെളിപ്പെടുത്തിയതോടെ ഭീഷണി ആരോപണത്തെ തുടർന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങൾ പുതിയ വഴിത്തിരിവിലെത്തി. സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും പിടിച്ചുലച്ച കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിർണായക ഘട്ടത്തിലെത്തി നിൽക്കെ ഡോളർ കടത്ത് കേസിൽ മാപ്പ് സാക്ഷിയായി പരിഗണിക്കപ്പെടുന്ന സ്വപ്ന സുരേഷിന്റെ മൊഴികളിലെ മാറ്റം അവിശ്വാസത്തിനും അതിലേറെ ആശങ്കകൾക്കും ഇടയാക്കിയിരിക്കുകയാണ്. സ്വർണക്കടത്ത്, ലൈഫ് കോഴ തുടങ്ങിയ കേസുകളിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ പ്രതിചേർക്കുകയും കോഫെ പോസ തടവുകാരിയാക്കുകയും ചെയ്ത സ്വപ്നയ്ക്ക് ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ ജയിലിൽ ഭീഷണിയുണ്ടായെന്ന ഗൗരവമായ ആരോപണണാണ് കോടതിയിൽ കഴിഞ്ഞദിവസം ഉന്നയിക്കപ്പെട്ടത്.
പുകമറയെന്ന് ഭരണാനുകൂല സംഘടനകൾ
മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യാനിരിക്കെ അന്വേഷണ ഏജൻസികളിലും ജനങ്ങളിലും പുകമറ സൃഷ്ടിക്കാൻ പടച്ചുവിടുന്ന ആരോപണങ്ങളാണ് ഇവയെന്ന പ്രചാരണവുമായി ഭരണാനുകൂല സംഘടനകളും രംഗത്തെത്തിക്കഴിഞ്ഞു. സ്വർണക്കടത്ത് കേസിൽ ഉന്നതർക്കെതിരെ രഹസ്യമൊഴി നൽകിയതിനാൽ തന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് സ്വപ്ന സുരേഷ് കോടതിയെ അറിയിച്ചത്.
മൊഴി നൽകാതിരിക്കാൻ നവംബർ 25വരെ ജയിലിലെത്തി ചില ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, ആരോപണങ്ങൾ തെളിയിക്കുന്നതൊന്നും ഇതുവരെ ജയിൽ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്നാണ് ജയിൽ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. ഒക്ടോബർ 14ന് സ്വപ്നയെ ജയിലിൽ എത്തിച്ചത് മുതലുള്ള സി.സി ടിവി ദൃശ്യങ്ങൾ ജയിൽ ഡി.ഐ.ജി അജയ് കുമാർ പരിശോധിച്ചു. സന്ദർശക രജിസ്റ്ററും പരിശോധിച്ചു. കേന്ദ്ര അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥരും വിജിലൻസ് ഉദ്യോഗസ്ഥരും അഞ്ച് ബന്ധുക്കളുമാണ് സ്വപ്നയെ ജയിലിൽ കണ്ടിരിക്കുന്നതെന്നാണ് ജയിൽ ഉദ്യോഗസ്ഥർ പറയുന്നത്.
ചോദ്യം ചെയ്യലും കൂടിക്കാഴ്ചയുമെല്ലാം ജയിൽ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരുന്നുവെന്നാണ് സൂപ്രണ്ടിന്റെ വെളിപ്പെടുത്തൽ. അഭിഭാഷകൻ എഴുതി തയ്യാറാക്കിയ അപേക്ഷയിൽ ഒപ്പിടുക മാത്രമേ ചെയ്തുള്ളൂവെന്നും ജയിലിൽ ഭീഷണിയില്ലെന്നും സ്വപ്ന ഡി.ഐ.ജിക്ക് മൊഴി നൽകിയെന്നാണ് സൂചന. ഈ മൊഴി ഡി.ഐ.ജി ജയിൽ മേധാവിക്ക് നൽകുന്ന റിപ്പോർട്ടിൽ ഉണ്ടാകുമോയെന്നാണ് ഇനി അറിയേണ്ടത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ അന്വേഷണ ഏജൻസികൾ നിർബന്ധിക്കുന്നുവെന്ന സ്വപ്നയുടെ ശബ്ദരേഖ ചോർന്നതിനെക്കുറിച്ചും ജയിൽ വകുപ്പ് അന്വേഷണം നടത്തിയിരുന്നു. ശബ്ദരേഖ ചോർന്നത് ജയിലിൽ നിന്നല്ലെന്നും വിശദമായ അന്വേഷണം വേണമെന്നുള്ള ജയിൽ വകുപ്പിന്റെയും ഇ.ഡിയുടെയും ആവശ്യം പൊലീസിന് മുന്നിലുണ്ടെങ്കിലും ഇതുവരെയും തുടർ നടപടി ഉണ്ടായിട്ടില്ല. കോടതി നിർദ്ദേശത്തെ തുടർന്ന് സ്വപ്നക്ക് അട്ടക്കുളങ്ങര ജയിലുള്ള സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.