
തിരുവനന്തപുരം: വിമാനത്താവളത്തിലെ വാഹന ഗതാഗതവും പാർക്കിംഗും സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ വാഹന പാർക്കിംഗ് സംവിധാനത്തിന് തുടക്കമായി. ഇനി മുതൽ വാഹനം പ്രവേശിക്കുന്ന ഗേറ്റിൽ ടോക്കൺ നൽകി പാർക്ക് ചെയ്യുന്ന സംവിധാനം ഉണ്ടാകില്ല. ഇതിന് പകരമുള്ള സംവിധാനമാണ് എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യ കൊണ്ടുവന്നിരിക്കുന്നത്. ഇതിലൂടെ വിമാനത്താവള ടെർമിനലിന്റെ സമീപത്തുള്ള റോഡുകളിലെ വാഹന ബാഹുല്യം കുറയ്ക്കാനാകുമെന്ന് എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യ പറയുന്നു. മാത്രമല്ല റോഡുകളിലെ അനധികൃത വാഹന പാർക്കിംഗിന് അറുതി വരുത്താമെന്നും അവർ കരുതുന്നു.
നിശ്ചിത സമയവും മുൻകൂർ ഫീസുമില്ല
പുതിയ സംവിധാനം അനുസരിച്ച് വിമാനത്താവള കെട്ടിടത്തിന് മുന്നിലുള്ള പാർക്കിംഗ് ബേയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനാകും. ഇതുവരെ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന ഗേറ്റിലാണ് ടോൾ ബൂത്ത് സ്ഥാപിച്ചിരുന്നത്. എന്നാൽ, ഈ ടോൾ ബൂത്തിനെ പാർക്കിംഗ് ബേയിലേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ നിന്ന് വാഹനത്തിന്റെ നമ്പറും പ്രവേശന സമയവും തീയതിയും അടങ്ങിയ ടോക്കൺ വാങ്ങാം. ആവശ്യം കഴിഞ്ഞ ശേഷം വിമാനത്താവളത്തിൽ നിന്ന് മടങ്ങുമ്പോൾ പുറത്തേക്കുള്ള ഗേറ്റിൽ പണം അടയ്ക്കണം. എത്ര സമയം പാർക്ക് ചെയ്തു എന്നത് കണക്കിലെടുത്താകും ഫീസ് നൽകേണ്ടത്. പുറത്തെ റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് അവസാനിപ്പിക്കുന്നതിനും വിമാനത്താവളത്തിൽ പാർക്കിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യ പാർക്കിംഗ് ഫീസ് കുറച്ചിട്ടുണ്ട്. വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരെ കൊണ്ടുപോകാൻ പുറത്ത് നിന്നു വരുന്ന സ്വകാര്യ വാഹനങ്ങളിൽ നിന്നോ എയർപോർട്ട് ടാക്സികളിൽ നിന്നോ ഒരു തരത്തിലുള്ള ചാർജും ഇടാക്കില്ല.
ലോക്ക് ഡൗണിനെ തുടർന്ന് വിമാനങ്ങൾ സർവീസ് നിറുത്തിയതോടെ എയർപോർട്ട് അതോറിട്ടിയുടെ പ്രധാന വരുമാന മാർഗമായ പാർക്കിംഗ് ഫീസ് ഇല്ലാതെ കടുത്ത പ്രതിസന്ധി ഉണ്ടായിരുന്നു. ഇതേതുടർന്ന് പാർക്കിംഗ് കരാറുകൾ ഏറ്റെടുക്കാനും ആളിനെ കിട്ടാതായിരുന്നു.
കെക്‌സ്കോണിന് ചുമതല
പുതിയ പാർക്കിംഗ് സംവിധാനത്തിന്റെ ചുമതല കേരള സ്റ്റേറ്റ് എക്‌സ് സർവീസ് മെൻ ഡെവലപ്മെന്റ് ആൻഡ് റീഹാബിലിറ്റേഷൻ കോർപ്പറേഷനെ (കെക്‌സ്കോൺ) ആണ് എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യ ഏൽപിച്ചിരിക്കുന്നത്. ജീവനക്കാർക്ക് ശമ്പളം നൽകുന്നത് എയർപോർട്ട് അതോറിട്ടി തന്നെയാണ്.