air-india

ന്യൂഡൽഹി: ഇന്ത്യയും നേപ്പാളും തമ്മിലുളള വിമാനസർവീസുകൾ പുനരാരംഭിക്കാൻ ധാരണയായി. കൊവിഡിനെ തുടർന്ന് നിറുത്തിവച്ചിരിക്കുന്ന സർവീസുകളാണ് വീണ്ടും തുടങ്ങുന്നത്. തുടക്കത്തിൽ ദിവസേന ന്യൂഡൽഹിക്കും കാഠ്മണ്ഡുവിനും ഇടയിൽ ഒരു സർവീസായിരിക്കും ഉണ്ടായിരിക്കുക എന്നാണ് റിപ്പോർട്ട്. എയർ ബബിൾ സംവിധാനം വഴിയാണ് സർവീസുകൾ പുനരാരംഭിക്കുന്നത്. (കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്രാ സർവീസുകൾ നത്തുന്ന വിമാനങ്ങൾ താൽക്കാലികമായി നിറുത്തിവയ്ക്കുമ്പോൾ വാണിജ്യ, യാത്രാ സേവനങ്ങൾ പുനരാംഭിക്കാൻ ലക്ഷ്യമിട്ട് രണ്ട് രാജ്യങ്ങൾ നടത്തുന്ന താൽക്കാലിക ക്രമീകരണങ്ങളാണ് എയർ ബബിൾ.) നി​ലവി​ൽ ഇന്ത്യ 22രാജ്യങ്ങളുമായി​ എയർബബി​ൾ സർവീസ് നടത്തുന്നുണ്ട്.

എല്ലാ മെഡിക്കൽ പ്രോട്ടോക്കാേളും പാലിച്ചുകൊണ്ടായിരിക്കും സർവീസുകൾ ആരംഭിക്കുക.ഇന്ത്യയും നേപ്പാളും തമ്മിൽ അടുത്തിടെ ഉണ്ടായ പ്രശ്നങ്ങൾ പൂർണമായും പരിഹരിച്ച് ബന്ധം സാധാരണ നിലയിലാകുന്നതിന് വിമാന സർവീസുകൾ ആരംഭിക്കുന്നതിലൂടെ കഴിയുമെന്നാണ് കണക്കാക്കുന്നത്.


ചൈനയുടെ പ്രലോഭനത്തിൽ വീണ നേപ്പാൾ അതിർത്തി പ്രദേശമായ കാലാപാനി തങ്ങളുടെ അധീനതയിലുള്ള പ്രദേശമാണെന്നും മേഖലയിൽ നിന്ന് ഇന്ത്യ എത്രയും വേഗം സൈന്യത്തെ പിൻവലിക്കണമെന്നുമാവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾതുടങ്ങിയത്.

നേപ്പാളിന്റെ ഒരു ഇഞ്ച് ഭൂമി പോലും കൈവശപ്പെടുത്താൻ ഇന്ത്യയെ അനുവദിക്കില്ലെന്ന് നേപ്പാൾ പ്രധാനമന്ത്രി​ കെ.പി. ശർമ ഒലി പറഞ്ഞതോടെ പ്രശ്നങ്ങൾ കൂടുതൽ വഷളായി​. ഇതി​നി​ടെ നേപ്പാളി​ന് അനുകൂല നി​ലപാടുമായി​ ചൈനയും രംഗത്തെത്തി​. ഇന്ത്യക്കെതി​രായ നീക്കം നടത്തിയതി​ന് രാജ്യത്തി​നുളളി​ൽ നി​ന്നും പാർട്ടി​ക്കുളളി​ൽ നി​ന്നും കെ.പി. ശർമ ഒലിക്കെതി​രെ വ്യാപക വി​മർശനമുയർന്നി​രുന്നു. ഇതോടെ തെറ്റുമനസി​ലാക്കി​യ നേപ്പാൾ ഇന്ത്യക്കെതി​രായ നീക്കങ്ങളി​ൽ നി​ന്ന് പി​ന്നാക്കംപോയി​. ഇതിനൊപ്പം രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ പിടിമുറുക്കാനുളള ചൈനയുടെ നീക്കവും ഇന്ത്യയോട് അടുക്കുന്നതിന് ഇടയാക്കി.

ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം സുഗമമാക്കുന്നതിന്റെ ഭാഗമായി അടുത്തിടെ റോ മേധാവി സമന്ത് ഗോയലും ഇന്ത്യൻ സൈനിക മേധാവി നരവാനെയും നേപ്പാൾ സന്ദർശിച്ചിരുന്നു. ഇന്ത്യയുമായുളള ദീർഘകാലബന്ധം കൂടുതൽ ശക്തമായി തുടരുമെന്ന് നരവാനെയുടെ സന്ദർശനവേളയിൽ നേപ്പാൾ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം കൂടുതൽ ഊഷ്മളമായത്.