
ന്യൂയോർക്ക് : ഫേസ്ബുക്കിനെതിരെ കേസെടുത്ത് യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷൻ (എഫ്ടിസി). 48 സംസ്ഥാനങ്ങളിൽ നിന്നുള്ള അറ്റോർണി ജനറൽമാർ ആണ് ഒരേസമയം എഫ്ടിസിയുമായി ചേർന്ന് കമ്പനിക്കെതിരെ കേസെടുത്തിരിക്കുന്നത്.
എതിരാളി കമ്പനികളെ ഫേസ്ബുക്ക് വാങ്ങിയിരിക്കുന്നത് ആന്റിട്രസ്റ്റ് ലംഘനമായിട്ട് കണക്കിലെടുത്താണ് എഫ്ടിസി കേസെടുത്തിരിക്കുന്നത്.എതിരാളികളെ നിയന്ത്രിക്കാനുള്ള തന്ത്രം ഫേസ്ബുക്ക് സ്വീകരിച്ചതായാണ് വിലയിരുത്തൽ. കേസിൽ ഫേസ്ബുക്ക് പരാജയപ്പെട്ടാൻ വാട്സ്ആപ്പും ഇൻസ്റ്റഗ്രാമും വിൽക്കാൻ കമ്പനി നിർബന്ധിതരായേക്കാവുന്ന തരത്തിൽ കാര്യങ്ങൾ നീങ്ങും.
ഇന്‍സ്റ്റാഗ്രാമിനെ 2012ൽ ഒരു ബില്യൺ ഡോളറിനും 2014 ൽ 19 ബില്യൺ ഡോളറിന് വാട്‌സ്ആപ്പിനെയും ഫേസ്ബുക്ക് വാങ്ങുകയായിരുന്നു. ഏറ്റവും ജനപ്രിയവും ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ് ചെയ്യുന്നതുമായ ഈ ആപ്പുകൾ ഇപ്പോൾ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലാണ്.
വിപണിയിൽ നിന്നുള്ള മത്സരം ഇല്ലാതാക്കുന്നതിനായി ഫേസ്ബുക്ക് വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം പോലുള്ള കമ്പനികളെ ഏറ്റെടുത്തെന്നത് ചൂണ്ടിക്കാട്ടിയാണ് കേസ്. ചെറിയ എതിരാളികളെ തകർത്ത് മത്സരം നിയന്ത്രണത്തിലാക്കാൻ ഫേസ്ബുക്ക് തങ്ങളുടെ ആധിപത്യവും കുത്തക ശക്തിയും ഉപയോഗിക്കുന്നുവെന്നും എതിരാളികളെ സ്വന്തമാക്കാൻ ഫേസ്ബുക്ക് ധാരാളം പണം ചെലവഴിച്ചെന്നും അറ്റോർണി ജനറൽമാർ പറയുന്നു.