attack

കൊൽക്കത്ത: രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബംഗാളിലെത്തിയ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. ഇന്നലെ ഉച്ചയോടെ സൗത്ത് 24 പാർഗനാസ് ജില്ലയിലെ ഡയമണ്ട് ഹാർബറിലേക്കുള്ള യാത്രയ്ക്കിടയിടെ റോഡിന്റെ ഇരുവശവും തടിച്ചുകൂടിയ ആളുകളിൽ ചിലർ നദ്ദ ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ സഞ്ചരിച്ച വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയായിരുന്നു.

ആക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാനത്തെ ക്രമസമാധാനനില സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഗവർണറോടും മന്ത്രി ആവശ്യപ്പെട്ടു.

സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടെന്നും തൃണമൂൽ കോൺഗ്രസ് ആസൂത്രണം ചെയ്ത ആക്രമണമാണിതെന്നും ബി.ജെ.പി നേതാക്കൾ ആരോപിച്ചു.

എന്നാൽ ഇത് തൃണമൂൽ കോൺഗ്രസ് നിഷേധിച്ചു. ബി.ജെ.പിയുടെ ഗുണ്ടകളാണ് അക്രമണത്തിന് പിന്നിലെന്നും പാർട്ടിക്ക് പങ്കില്ലെന്നും ടി.എം.സി നേതാവ് മദൻ മിത്ര വ്യക്തമാക്കി.

കല്ലുകളും ഇഷ്ടികകളും കൊണ്ടുള്ള ആക്രമണത്തിൽ സംസ്ഥാന ബി.ജെ.പി നേതാക്കന്മാരായ മുകുൾ റോയിക്കും കൈലാഷ് വിജയ്‌വർഗീയയ്ക്കും അടക്കം പരിക്കേറ്റിട്ടുണ്ടെന്ന് നദ്ദ പറഞ്ഞു. അക്രമികൾ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങൾ വിജയ് വർഗീയ ട്വീറ്റ് ചെയ്തു. ചില മാദ്ധ്യമ വാഹനങ്ങൾക്ക് നേരെയും കല്ലേറുണ്ടായി. മുഖ്യമന്ത്രി മമതാ ബാനർജിയുടെ അനന്തരവനും തൃണമൂൽ എം.പിയുമായ അഭിഷേക് ബാനർജിയുടെ മണ്ഡലമാണ് ഡയമണ്ട് ഹാർബർ.

റോഡ് തടഞ്ഞ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നദ്ദയുടെയും മറ്റ് അകമ്പടി വാഹനങ്ങൾക്ക് നേരെയും കല്ലെറിഞ്ഞതായി ബി.ജെ.പി ബംഗാൾ അദ്ധ്യക്ഷൻ ദിലീപ് ഘോഷ് ആരോപിച്ചു .നദ്ദയുടെ സന്ദർശനത്തിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ഘോഷ് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ തന്നെ കേന്ദ്രം രണ്ട് തവണ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടിയിരുന്നു.

ദുർഗാദേവിയുടെ കൃപയാണ് എന്നെ രക്ഷിച്ചത്. ഈ ആക്രമണം ജനാധിപത്യത്തിന് തന്നെ നാണക്കേടാണ്. ബുള്ളറ്റ് പ്രൂഫ് കാറിൽ സഞ്ചരിച്ചതിനാലാണ് എനിക്ക് പരിക്കേൽക്കാത്തത്. അസഹിഷ്ണുതയും അധാർമ്മികതയും നിറഞ്ഞ ഒരു സംസ്ഥാനമായി ബംഗാളിനെ മമത സർക്കാർ മാറ്റിയെന്ന് ഈ സംഭവത്തിലൂടെ വ്യക്തമായി. മമത സർക്കാരിന് അധികകാലം നിലനില്പില്ല. ഗുണ്ടാരാജ് അവസാനിപ്പിക്കും.

- ജെ.പി. നദ്ദ

 സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ബിജെപിയുടെ നാടകമാണിതെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. ഇസഡ് കാറ്റഗറി സുരക്ഷയുള്ള നദ്ദയ്ക്ക് സംസ്ഥാന സർക്കാരിന്റെ സുരക്ഷ ബി.ജെ.പി ആവശ്യപ്പെട്ടിരുന്നില്ല. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും പൊലീസ് അന്വേഷണം നടക്കുമെന്നും മമത വ്യക്തമാക്കി.