sensex

കൊച്ചി: ബുധനാഴ്‌ച ചരിത്രത്തിൽ ആദ്യമായി 46,000 പോയിന്റുകൾ ഭേദിച്ച സെൻസെക്‌സ് ഇന്നലെ ആ നേട്ടം കൈവിട്ടു. 143 പോയിന്റുകൾ താഴ്‌ന്ന് 45,959ലാണ് സെൻസെക്‌സ് വ്യാപാരം പൂർത്തിയാക്കിയത്. ബുധനാഴ്‌ച 13,500 പോയിന്റുകൾ കടന്ന നിഫ്‌റ്റി ഇന്നലെ വ്യാപാരാന്ത്യമുള്ളത് 50 പോയിന്റ് നഷ്‌ടവുമായി 13,478ൽ.

എച്ച്.ഡി.എഫ്.സി., എച്ച്.ഡി.എഫ്.സി ബാങ്ക്, റിലയൻസ് ഇൻഡസ്‌ട്രീസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, അൾട്രടെക് സിമന്റ്, ആക്‌സിസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയാണ് സെൻസെക്‌സിൽ നഷ്‌ടം കുറിച്ച മുൻനിര ഓഹരികൾ.

തുടർച്ചയായ അഞ്ചുദിവസത്തെ നേട്ടത്തിന്റെ പിൻബലത്തിൽ നിക്ഷേപകർ ഇന്നലെ വൻതോതിൽ ലാഭമെടുപ്പ് നടത്തിയതാണ് സൂചികകൾക്ക് തിരിച്ചടിയായത്. അമേരിക്കയിൽ ഫെഡറൽ റിസർവിന്റെ പുതിയ ഉത്തേജക പാക്കേജ് വൈകുമെന്ന ആശങ്കയും ബ്രെക്‌സിറ്റ് ചർച്ചയിൽ ഇനിയും തീരുമാനമാകാത്തതും ആഗോള ഓഹരികളെ ചാ‌ഞ്ചാട്ടത്തിലേക്ക് നയിച്ചിരുന്നു. ഇതും, ഇന്ത്യയിലെ നിക്ഷേപകരെ ഓഹരികൾ വിറ്റൊഴിഞ്ഞ് ലാഭമെടുക്കാൻ പ്രേരിപ്പിച്ചു.