farm-bill-protest

ലണ്ടൻ: ഇന്ത്യയിലെ കർഷക സമരത്തെക്കുറിച്ചുള്ള ചോദ്യത്തിന് വിചിത്ര മറുപടി നൽകി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ബ്രിട്ടീഷ് പാർലമെന്റിലെ ഹൗസ് ഒഫ് കോമൺസിൽ ചോദ്യോത്തരവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ കർഷകസമരത്തെ നരേന്ദ്ര മോദി സർക്കാർ അടിച്ചമർത്തുകയാണ്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം കർഷകർക്കുണ്ട്. ഇക്കാര്യത്തിൽ തങ്ങൾക്കുള്ള ആധി, ഇന്ത്യൻ പ്രധാനമന്ത്രിയോട് അറിയിക്കാൻ കഴിയില്ലേ എന്ന് ലേബർ പാർട്ടി എം.പിയും സിക്ക് വംശജനുമായ തൻമൻജീത് സിംഗ് ദേവസിയാണ് ചോദിച്ചത്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തിൽ കാര്യമായ ഉത്ക്കണ്ഠ ബ്രിട്ടനുമുണ്ട്. പക്ഷേ, ഇത് പ്രധാനമായും ആ രണ്ട് സർക്കാരുകൾ തമ്മിലാണ് പരിഹരിക്കേണ്ടത്. എം.പി ഇത് മനസിലാക്കുമെന്നാണ് കരുതുന്നത് - ചോദ്യത്തിനുത്തരമായി ജോൺസൻ പറഞ്ഞു.

വിഷയം ജോൺസൻ തെറ്റായി മനസിലാക്കിയതാണെന്നാണ് പൊതുവ്യാഖ്യാനം. അതേസമയം, കാർഷിക സമരത്തെ ചൈനയും പാകിസ്ഥാനും ചേർന്നാണ് പിന്തുണയ്‍ക്കുന്നതെന്ന് ബി.ജെ.പി അനുകൂലികൾ കഴിഞ്ഞദിവസം തന്നെ ആരോപിച്ചിരുന്നു.