chennithala

തിരുവനന്തപുരം: സ്‌പീക്കർക്കെതിരെയുള‌ള അഴിമതി ആരോപണങ്ങൾക്ക് അദ്ദേഹം നൽകിയ മറുപടി വിടവാങ്ങൽ പ്രസംഗം പോലെയാണെന്ന് തോന്നിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തന്നെ വ്യക്തിഹത്യ നടത്തുകയാണെന്ന സ്‌പീക്കറുടെ പരാതിയ്‌ക്ക് എൻഫോഴ്‌സ്‌മെന്റ് മറുപടി പറയും. സ്‌പീക്കർ നടത്തിയ വാർത്താസമ്മേളനത്തിന് വിശദമറുപടി നാളെ നൽകുമെന്ന് ചെന്നിത്തല പറഞ്ഞു.

സ്വർണക്കടത്ത് കേസ് സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. സ്വപ്‌നയെ ജയിലിൽ ഭീഷണിപ്പെടുത്തിയത് ഇതിന് തെളിവാണ്. ജയിൽ വകുപ്പിന്റെ ചുമതയുള‌ള മുഖ്യമന്ത്രി ഇതിന് പ്രതികരിക്കാത്ത് എന്താണ്? മുഖ്യമന്ത്രി ഇതിന് വിശദീകരണം നൽകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇ.ഡിയുടെ ചോദ്യം ചെയ്യലിൽ നിന്ന് സി.എം രവീന്ദ്രൻ ഒഴിഞ്ഞുമാറുന്നത് സംശയം ജനിപ്പിക്കുന്നുണ്ട്.

ഈ തദ്ദേശ തിരഞ്ഞെടുപ്പോടെ ഇടതുമുന്നണിയുടെ തകർച്ച പൂർത്തിയാകും. ശബരിമലയിൽ വിശ്വാസ സംരക്ഷണത്തിന് യു.ഡി.എഫ് അധികാരത്തിലേറിയാൽ നിയമനിർമ്മാണം നടത്തുമെന്നും ചെന്നിത്തല അറിയിച്ചു.