scorpion

കെയ്‌റോ : പുരാവസ്തുശാസ്ത്രത്തിൽ ബിരുദത്തിന് പഠിച്ചുകൊണ്ടിരുന്ന ഈജിപ്ഷ്യൻ യുവാവ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് മരുഭൂമികളിൽ വസിക്കുന്ന തേളുകളെ തേടി ഇറങ്ങി. ഇന്ന് 25 കാരനായ മുഹമ്മദ് ഹംദി ബോഷ്ത കോടീശ്വരനാണ് നന്ദി പറയേണ്ടത് തേളുകളോടും. വിഷകാരികളായ തേളുകളുടെ കൊടും വിഷമാണ് യുവാവ് ബിസിനസ് ചെയ്യാനായി ഉപയോഗിച്ചത്. ഇപ്പോൾ ഉദ്ദേശം എൺപതിനായിരത്തോളം തേളുകളാണ് ഇയാളുടെ കൈവശമുള്ളത്. കെയ്‌റോ വെനം കമ്പനി സ്ഥാപനവും ഇയാൾ ഇതിനായി ആരംഭിച്ചിരുന്നു.

scorpion

ആന്റിവെനം നിർമ്മിക്കുന്ന മരുന്നു ഫാക്ടറികളിലേക്കാണ് കെയ്‌റോ വെനം കമ്പനി തേളുകളുടെ വിഷം കയറ്റുമതി ചെയ്യുന്നത്. പ്രധാനമായും അമേരിക്ക യൂറോപ്പ് തുടങ്ങിയ ഇടങ്ങളിലേക്കാണ് കയറ്റുമതി. ഒരു ഗ്രാം തേൾവിഷത്തിന്റെ വില കേട്ടാൽ ആരും ഞെട്ടും ഉദ്ദേശം 10,000 ഡോളറോളം വരുമത്. മരുന്ന് കമ്പനികൾക്ക് ഒരു ഗ്രാം തേളിന്റെ വിഷം കൊണ്ട് 20,000 മുതൽ 50,000 ഡോസ് ആന്റിവെനം വരെ നിർമ്മിക്കാനാവും. ചെറിയ വൈദ്യുത പ്രവാഹത്തിന് വിധേയമാക്കിയാണ് തേളുകളിൽ നിന്നും കമ്പനി വിഷം എടുക്കുന്നത്. പ്രധാനമായും വിഷ ചികിത്സയ്ക്കാണ് ഇത് ഉപയോഗിക്കുന്നത്. രക്തസമ്മർദ്ദം ഉൾപ്പടെയുള്ള രോഗങ്ങൾക്കും ഇതിൽ നിന്നും മരുന്നുണ്ടാക്കുന്നുണ്ട്. വിഷകച്ചവടം കൂടിയതോടെ ഉദ്ദേശം എൺപതിനായിരത്തിനടുത്ത് തേളുകളെയാണ് നിരവധി ഫാമുകളിൽ കെയ്‌റോ വെനം കമ്പനി വളർത്തുന്നത്. തേളുകൾക്ക് പുറമേ വിഷമെടുക്കാനായി പാമ്പുകളെയും ഇപ്പോൾ വളർത്താൻ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്.