vaccine

ലണ്ടൻ:ബ്രിട്ടനിൽ ഫൈസർ - ബയോൺടെക് കൊവിഡ് വാക്സിൻ കുത്തിവച്ച രണ്ട് ആരോഗ്യ പ്രവർത്തകർക്ക് അലർജി ഗുരുതരമാവുകയും അമേരിക്കയിൽ ഇതേ വാക്‌സിന്റെ ക്ലിനിക്കൽ ട്രയലിൽ നാല് പേർക്ക് മുഖപേശികൾ താത്കാലികമായി മരവിക്കുന്ന ബെൽസ് പാൾസി എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്‌തതോടെ വാക്സിനേഷനിൽ കൂടുതൽ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി.

ഭക്ഷണം,​ മരുന്ന് തുടങ്ങി എന്തിനോടെങ്കിലും സാരമായ അലർജി ഉള്ളവർ ഫൈസർ വാക്സിൻ ഉപയോഗിക്കരുതെന്നാണ് ബ്രിട്ടീഷ് അധികൃതരുടെ നിർദ്ദേശം. അലർജിയുള്ള രണ്ട് ആരോഗ്യ പ്രവർത്തകർക്ക് വാക്സിൻ സ്വീകരിച്ച ശേഷം ശ്വാസംമുട്ടലും ത്വക്കിൽ അസ്വാസ്ഥ്യവും ഓക്കാനവും ഛർദ്ദിയും ഉണ്ടായി. ചികിത്സ നൽകിയതോടെ ഇരുവർക്കും സുഖമായി. എങ്കിലും ഈ കേസുകൾ ശാസ്‌ത്രജ്ഞർ വിശദമായി പഠിക്കും.

ഇനി വാക്സിൻ കുത്തിവയ്ക്കുംമുമ്പ് അലർജി ഉണ്ടോയെന്ന് പരിശോധിക്കണമെന്നും വാക്സിനേഷൻ കേന്ദ്രത്തിൽ പുനരുജ്ജീവന ഉപകരണങ്ങൾ ഉണ്ടായിരിക്കണമെന്നും ബ്രിട്ടീഷ് അധികൃതർ നിർദ്ദേശിച്ചു. ഇതിൽ പൊതുജനങ്ങൾക്ക് പരിഭ്രാന്തി വേണ്ടെന്നും ഏത് വാക്സിനും അലർജി പ്രശ്നങ്ങൾ ഉണ്ടെന്നും ലണ്ടൻ സ്‌കൂൾ ഒഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ വിദഗ്ദ്ധർ പറഞ്ഞു.

ബ്രിട്ടനിൽ ചൊവ്വാഴ്‌ചയാണ് വാക്സിനേഷൻ ആരംഭിച്ചത്. വൃദ്ധജനങ്ങളുൾപ്പെടെ

ആയിരക്കണക്കിന് ആളുകൾക്ക് വാക്സിൻ കുത്തിവച്ചു.

ഫൈസർ വാക്സിൻ നിർണായകമായ മൂന്നാം ക്ലിനിക്കൽ ട്രയലിൽ സുരക്ഷിതവും രോഗപ്രതിരോധത്തിന് വളരെ ഫലപ്രദവും ആയിരുന്നു എന്നാണ് ബ്രിട്ടീഷ് അധികൃതർ റിപ്പോർട്ട് ചെയ്‌തത്. 44,​000 വോളന്റിയർമാരിൽ 42,​000 ലേറെപേർക്കും രണ്ടാം ഡോസ് നൽകിയിരുന്നു. ട്രയലിൽ പങ്കെടുത്തവരിൽ 0.6ശതമാനം പേർക്ക് മാത്രമാണ് അലർജി ഉണ്ടായത്.

സുരക്ഷിതമെന്ന് അമേരിക്ക

അമേരിക്കയിൽ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് ബെൽസ് പാൾസി റിപ്പോർട്ട് ചെയ്‌തത്. മുഖത്തിന്റെ ഒരു വശത്തെ പേശികൾ താത്കാലികമായി തളരുകയോ മരവിക്കുകയോ ചെയ്യുന്ന അവസ്ഥയാണിത്. മുഖപേശികളെ നിയന്ത്രിക്കുന്ന നാഡി ഞെരുങ്ങുകയോ നീരുവന്ന് വീർക്കുകയോ നാഡിയിൽ അണുബാധ ഉണ്ടാവുകയോ ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. എങ്കിലും ഫൈസർ വാക്സിൻ സുരക്ഷിതമാണെന്നും കൊവിഡിനെതിരെ ഫലപ്രദമാണെന്നുമാണ് അമേരിക്കൻ ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ റിപ്പോർട്ട്.