
സിഡ്നി:ഡിസംബർ ഒൻപതിന് ജനിച്ച കുട്ടികൾക്ക് ഒരു കിടിലൻ ക്രിസ്മസ് സമ്മാനവുമായി എത്തിയിരിക്കുകയാണ് പിസ ഭീമന്മാരായ ഡോമിനോസ്. ആസ്ട്രേലിയക്കാർക്കാണ് ഈ സുവർണാവസരം. അന്നേ ദിവസം ജനിച്ച  കുട്ടികൾക്ക് 60 വർഷത്തേയ്ക്ക് സൗജന്യമായി കൊതിയൂറും പിസ കഴിയ്ക്കാം. തങ്ങളുടെ 60ാം വാർഷികത്തോടനുബന്ധിച്ചുള്ള ഡോമിനോസിന്റെ ഓഫറാണിത്. എന്നാൽ, ഇതിന് ചില നിബന്ധനകൾ ബാധകമാണ്.
ഓഫർ നേടാൻ താത്പര്യമുള്ളവർ ഡിസംബർ ഒമ്പതിന് പിറന്ന ശിശുവിന് ഡോമിനോസ് നിർദ്ദേശിക്കുന്ന പേര് നൽകണം. ഡൊമിനിക് (Dominic), ഡൊമിനിക്വെ (Dominique) എന്നീ പേരുകളിൽ ഏതെങ്കിലും ഒന്നാണ് നൽകേണ്ടത്.
എല്ലാ മാസവും 14 ഡോളറിന് തുല്യമായ (ഏകദേശം ആയിരത്തോളം രൂപ) പിസ ആയിരിക്കും നൽകുക. 10, 080 ഡോളർ വിലയുടെ പിസ അറുപതു വർഷം കൊണ്ട് ലഭിക്കും. ഇതനുസരിച്ച് 2080 പിസ വരെ കഴിയ്ക്കാം.യോഗ്യരായ മാതാപിതാക്കൾക്ക് dombaby@dominos.com.au എന്ന വിലാസത്തിൽ വിശദാംശങ്ങൾ അയക്കാം കുഞ്ഞ് ജനിച്ചത് ഡിസംബർ ഒമ്പതിന് ആണെന്നും കമ്പനി നിർദ്ദേശിച്ച പേരുകൾ നൽകിയെന്നും തെളിയിക്കുന്ന രേഖകളും അയക്കണം. വിവിധ സ്ഥലങ്ങളിൽ നിന്നും ലഭിച്ച കുട്ടികളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിജയികളെ പ്രഖ്യാപിക്കും.