facebook

ന്യൂയോർക്ക്: സോഷ്യൽ നെറ്റ്‌വർക്കിംഗ് ആപ്ളിക്കേഷനായ ഫേസ്‌ബുക്കിനെതിരെ 'കുത്തക മേധാവിത്ത" ആരോപണവുമായി അമേരിക്കയിലെ വ്യാപാര നിയന്ത്രകരായ യു.എസ് ഫെഡറൽ ട്രേഡ് കമ്മിഷൻ. ഫോട്ടോ, വീഡിയോ ഷെയറിംഗ് ആപ്ളിക്കേഷനായ ഇൻസ്‌റ്റഗ്രാമിനെയും ചാറ്റിംഗ് ആപ്ളിക്കേഷനായ വാട്‌സ്ആപ്പിനെയും ഫേസ്ബുക്ക് ഏറ്റെടുത്തിരുന്നു.

നിലവിൽ, ഫേസ്ബുക്കിന്റെ പ്രവർത്തനം സോഷ്യൽ നെറ്റ്‌വർക്കിംഗ് രംഗത്ത് മത്സരമില്ലാതെ, കുത്തക മേധാവിത്തമായാണെന്നാണ് കമ്മിഷന്റെ ആരോപണം. ഇൻസ്‌റ്റഗ്രാമിലെയും വാട്‌സ്ആപ്പിലെയും ഓഹരി പങ്കാളിത്തം ഫേസ്ബുക്ക് ഒഴിയണമെന്നാണ് കമ്മിഷന്റെ നിലപാട്.

2012ലാണ് 71.5 കോടി ഡോളറിന് ഇൻസ്‌റ്റഗ്രാമിനെ ഫേസ്ബുക്ക് വാങ്ങിയത്. 2014ൽ 2,200 കോടി ഡോളറിന് വാട്‌സ്ആപ്പിനെയും ഏറ്റെടുത്തു. നിലവിൽ, ഒട്ടുമിക്ക രാജ്യങ്ങളിലും ഫേസ്‌ബുക്കിനേക്കാൾ പ്രീതി ഇൻസ്‌റ്റഗ്രാമിനുണ്ട്. ജപ്പാനിൽ ഇൻസ്‌റ്റഗ്രാമിന് ഫേസ്ബുക്കിനേക്കാൾ 70 ശതമാനം അധികമാണ് ഉപഭോക്താക്കൾ.

ഭാവിയിലെ പ്രധാന വരുമാന സ്രോതസുകൾ ഇൻസ്‌റ്റഗ്രാമും വാട്‌സ്ആപ്പും ആയിരിക്കുമെന്ന് ഫേസ്‌ബുക്ക് തന്നെ വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ, ഇവയിൽ നിന്ന് ഓഹരി പങ്കാളിത്തം ഒഴിയേണ്ടി വന്നാൽ അത് ഫേസ്‌ബുക്കിനെ കനത്ത വരുമാനത്തകർച്ചയിലേക്ക് നയിക്കും.

വരുമാനത്തിൽ

ആശങ്ക!

2019ൽ 2,000 കോടി ഡോളറിന്റെ വരുമാനം ഇൻസ്‌റ്റഗ്രാമിലൂടെ ഫേസ്‌ബുക്ക് നേടിയെന്നാണ് റിപ്പോർട്ടുകൾ. ഇത്, ഫേസ്‌ബുക്കിന്റെ മൊത്തം വരുമാനത്തിന്റെ 29 ശതമാനമാണ്. 2020ൽ വരുമാനം 2,800 കോടി ഡോളർ കടന്നേക്കും. ഇത്, ഫേസ്ബുക്കിന്റെ ആകെ വരുമാനത്തിന്റെ 37 ശതമാനമായിരിക്കും.

വാട്‌സ്ആപ്പിലൂടെ നിലവിൽ വരുമാനമില്ല. എന്നാൽ, ഇന്ത്യയിലടക്കം ഇ-കൊമേഴ്‌സുമായി ബന്ധപ്പെടുത്തി വാട്‌സ്ആപ്പിനെയും വരുമാന സ്രോതസായി മാറ്റാൻ ശ്രമം നടക്കുന്നു. ഇതിനിടെയാണ്, തിരിച്ചടിയായി യു.എസ് ട്രേഡ് കമ്മിഷന്റെ പരാതി.

ഇന്ത്യയിലെ

ലാഭം ഇരട്ടിച്ചു

2019-20ൽ ഫേസ്ബുക്കിന്റെ ഇന്ത്യയിലെ ലാഭം മുൻവർഷത്തെ 65.31 കോടി രൂപയിൽ നിന്നുയർന്ന് 136 കോടി രൂപയിലെത്തി. വരുമാനം 893 കോടി രൂപയിൽ നിന്ന് 43 ശതമാനം വർദ്ധിച്ച് 1,277 കോടി രൂപയായെന്ന് ഗവേഷണ സ്ഥാപനമായ ടോഫ്ളർ പറയുന്നു.

''ഇൻസ്‌റ്റഗ്രാമിനും വാട്‌സ്ആപ്പിനും ഇന്ന് കാണുന്ന ജനപ്രീതി ലഭിച്ചതും സാങ്കേതികമായും സേവനമികവിലും അവ മെച്ചപ്പെട്ടതും ഫേസ്ബുക്ക് ഏറ്റെടുത്തതിന് ശേഷമാണ്"",

മാർക്ക് സുക്കർബർഗ്,

സി.ഇ.ഒ., ഫേസ്ബുക്ക്

(ജീവനക്കാർക്ക് അയച്ച കത്തിൽ നിന്ന്)