rape-case

റാഞ്ചി: ജാർഖണ്ഡിലെ ധുംകയിൽ, ഭർത്താവിനെ ആക്രമിച്ച് ബന്ദിയാക്കിയ ശേഷം 35കാരിയെ 17പേർ ചേർന്ന് മാനഭംഗം ചെയ്തു. ചൊവ്വാഴ്ച രാത്രി എട്ടോടെ മാർക്കറ്റിൽ നിന്ന് ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങവേയാണ് യുവതി കൂട്ട മാനഭംഗത്തിനിരയായത്.

ഇവർ ദമ്പതികളെ തടഞ്ഞുവയ്ക്കുകയും ഭർത്താവിനെ കീഴ്പ്പെടുത്തി കെട്ടിയിട്ടശേഷം യുവതിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയുമായിരുന്നു. അക്രമികളിലൊരാളെ യുവതി തിരിച്ചറിഞ്ഞിട്ടുണ്ട്. എല്ലാവരും മദ്യപിച്ചിരുന്നതായും യുവതി മൊഴി നൽകി. ദമ്പതികൾക്ക് അഞ്ചു മക്കളുണ്ട്.

പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തതായും ബാക്കി 16 പേർക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം ശക്തമായി. ജെ.എം.എം- കോൺഗ്രസ് സഖ്യ സർക്കാരിന് കീഴിൽ ക്രമസമാധാനനില തകർന്നിരിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. കുറ്റക്കാരെ പിടികൂടി അതിവേഗ കോടതിയിൽ വിചാരണ നടത്തി പരമാവധി ശിക്ഷ ഉറപ്പുവരുത്തണമെന്ന് ബി.ജെ.പി വക്താവ് പ്രതുൽ ഷാഹ്ദോ ആവശ്യപ്പെട്ടു. ദേശീയ വനിതാകമ്മിഷൻ സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടിട്ടുണ്ട്.