
തിരുവനന്തപുരം: ലോക ജനതയെ വരിഞ്ഞ് മുറുക്കിക്കൊണ്ടിരിക്കുന്ന കൊവിഡ് 19 എന്ന സൂക്ഷമാണുവിനെ തുരത്താനുള്ള കഠിനമായ പരിശ്രമത്തിലാണ് ലോകരാജ്യങ്ങൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വികസിപ്പിച്ചെടുത്ത വാക്സിനുകൾ ഫലം കണ്ടുതുടങ്ങിയതിന്റെ പ്രതീക്ഷയിലാണ് ലോകം. എന്നാൽ, ഇപ്പോഴും ജനങ്ങൾക്ക് വാക്സിനെക്കുറിച്ചുള്ള ആശങ്കകൾ അവസാനിക്കുന്നില്ലെന്നതാണ് സത്യം. കോവിഡ് 19 പ്രതിരോധ വാക്സിൻ വിതരണം ചെയ്യാൻ തയ്യാറെടുക്കുകയാണ് രാജ്യം. വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഫൈസറും അസ്ട്ര സെനക്കയും ഡ്രഗ് കൺട്രോളർ ജനറലിന് സമർപ്പിച്ച അപേക്ഷയ്ക്ക് പച്ചക്കൊടി ലഭിച്ചാൽ മാത്രമേ പ്രാരംഭഘട്ട നടപടികൾ ആരംഭിക്കാൻ കഴിയുകയുള്ളു.
ആദ്യഘട്ടത്തിൽ 30 കോടി വാക്സിൻ
മുൻഗണന അനുസരിച്ച് ആദ്യ ഘട്ടത്തിൽ 30 കോടി വാക്സിനുകൾ ലഭ്യമാക്കുമെന്നാണ് ആരോഗ്യ മന്ത്റാലയം വ്യക്തമാക്കിയത്. ആരോഗ്യപ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ, സായുധസേനാംഗങ്ങൾ, ഹോം ഗാർഡ്സ്, മുനിസിപ്പൽ തൊഴിലാളികൾ, അമ്പത് വയസിന് മുകളിലുള്ളവർ, രോഗികൾ തുടങ്ങിയവർക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ ലഭ്യമാക്കുന്നത്.
അതേസമയം, കൊവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടിക്കൊണ്ടുള്ള ഭാരത് ബയോടെക്കിന്റെയും സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും അപേക്ഷകൾ തള്ളിയെന്ന വാർത്ത വ്യാജമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്റാലയം അറിയിച്ചു. മതിയായ സുരക്ഷയും അവശ്യ തെളിവുകളുമില്ലാത്തതിനാലാണ് അപേക്ഷകൾ തള്ളിയതെന്നാണ് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ആദ്യ ഘട്ടത്തിൽ 22 കോടി ജനങ്ങൾക്കായി നാല് കോടി ഡോസ് മരുന്നാണ് അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്.
28, 947കോൾഡ് ചെയിൻ പോയിന്റുകൾ
വാക്സിൻ ശേഖരിച്ച് സൂക്ഷിക്കുന്നതിനായി രാജ്യത്ത് 28,947 കോൾഡ് ചെയിൻ പോയിന്റുകളാണുള്ളത്.
ഒമ്പതോളം വാക്സിനുകളാണ് ഇന്ത്യയിൽ വിതരണത്തിനായി ഒരുങ്ങുന്നത്. ഇതിൽ ഫൈസറും കോവിഷീൽഡും കോവാക്സിനും അടിയന്തര ഉപയോഗത്തിനായി അനുമതി തേടിയിട്ടുണ്ട്. റഷ്യൻ വാക്സിനായ സ്പുട്നിക് ഫൈവ് ഇന്ത്യയിൽ അടുത്തയാഴ്ച മൂന്നാം ഘട്ട ട്രയൽ ആരംഭിക്കും. സെറം ഇൻസ്റ്റിറ്റ്യൂട്ട് നോവാവാക്സിന്റെ പങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന എൻ.വി.എക്സ് കോവ് 2373 മൂന്നാംഘട്ട പരീക്ഷണത്തിനുളള തയ്യാറെടുപ്പിലാണ്. കാഡില ഹെൽത്ത് കെയറിന്റെ ZYCovD ട്രയലിന്റെ രണ്ടാം ഘട്ടത്തിലും ഹൈദരാബാദിലെ ബയോളജിക്കൽ ഇ ലിമിറ്റഡിന്റെ വാക്സിൻ രണ്ടാം ഘട്ട പരീക്ഷണത്തിലുമാണ്. ജെന്നോവയുടെ തോമസ് ജെഫേഴ്സണിന്റെ പങ്കാളിത്തതോടെ വികസിപ്പിക്കുന്ന എച്ച്.ജി.സി.ഒ 19 വാക്സിന്റെ രണ്ടാം ഘട്ട ട്രയലുകൾ ആരംഭിക്കാനിരിക്കുകയാണ്.
അലർജിയുള്ളവർക്ക് മുന്നറിയിപ്പ്
ഭാരത് ബയോടെക്കും തോമസ് ജെഫേഴ്സൺ സർവ്വകലാശാലയും ചേർന്ന് വികസിപ്പിക്കുന്ന വാക്സിനും പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ്. അരബിന്ദോ ഫാർമയുടെ കീഴിൽ വികസിപ്പിക്കുന്ന വാക്സിനും ക്ലിനിക്കൽ ട്രയലിന്റെ ആദ്യഘട്ടത്തിലാണ്. ലോകത്താദ്യമായി പൊതുജനങ്ങൾക്ക് വാക്സിൻ നൽകുന്ന രാജ്യം ബ്രിട്ടനാണ്. അമേരിക്കൻ കമ്പനിയായ ഫൈസർ ജർമ്മൻ മരുന്ന് കമ്പനിയായ എന്റെക്കുമായി ചേർന്ന് നിർമ്മിച്ച ഫൈസർ ബയോ എന്റെക് വാക്സിനാണ് ബ്രിട്ടണിൽ പൊതുജനങ്ങൾക്ക് നൽകുന്നത്. വാക്സിൻ നൽകിയ 95 ശതമാനം പേരിലും അത് ഫലപ്രദമാണെന്ന് കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രോഡക്ട്സ് റെഗുലേറ്ററി ഏജൻസിയാണ് വാക്സിൻ പൊതുജനങ്ങൾക്ക് നൽകാൻ അനുമതി നൽകിയത്. എന്നാൽ, അലർജിയുളളവർ ഫൈസർ ബയോൺടെക്കിന്റെ കോവിഡ് 19 പ്രതിരോധ വാക്സിൻ സ്വീകരിക്കരുതെന്ന് ബ്രിട്ടനിലെ മെഡിസിൻ റെഗുലേറ്റർ നിർദ്ദേശം നൽകിയിട്ടുണ്ട്. ആദ്യദിവസം വാക്സിൻ സ്വീകരിച്ച രണ്ടുപേർക്ക് കുത്തിവയ്പ്പിനെ തുടർന്ന് പ്രതികൂലഫലങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഫൈസറിന് അനുമതി
ഫൈസർ കൊവിഡ് വാക്സിന് അമേരിക്കയും അനുമതി നൽകിയേക്കും. ഫൈസറിന് അടിയന്തര അനുമതി നൽകാൻ യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഫൈസർ നിർമ്മിച്ച കൊവിഡ് വാക്സിന് ബഹ്റൈൻ അനുമതി നൽകിയത് ഈയിടെയാണ്. ആരോഗ്യപ്രവർത്തകർ, കൊവിഡ് ബാധിക്കാൻ സാദ്ധ്യത കൂടുതലുള്ള മറ്റുവിഭാഗങ്ങൾ എന്നിവർക്കാണ് ആദ്യം പരിഗണന നൽകുന്നത്. ഇതോടെ ഫൈസറിന്റെ കൊവിഡ് വാക്സിന് അനുമതി നൽകുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമായി ബഹ്‌റൈൻ മാറി. ബ്രിട്ടൻ, കാനഡ, സൗദി അറേബ്യ എന്നീ രാജ്യങ്ങളും നിലവിൽ വാക്സിന് അനുമതി നൽകിയിട്ടുണ്ട്.