
കിളിമാനൂർ രമാകാന്തന്റെ സഹധർമ്മിണി കെ. ഇന്ദിര എഴുതിയ 'ഇരമ്പുന്ന ഓർമ്മക്കല്ലുകൾ" നവംബർ 30ന്റെ തീരാനഷ്ടത്തെ ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തി.
പ്രിയ പുത്രൻ ശിബിമോന്റെ ഓർമ്മയ്ക്കായി പിച്ചളപ്പറയിൽ കവി ഭദ്രമായി സൂക്ഷിച്ചിരുന്ന ചരൽക്കല്ലുകൾ പോലെ കവിയുടെ കരസ്പർശത്താൽ പവിത്രമായൊരു കത്ത് ഞാനും ഒരമൂല്യനിധിയായി സൂക്ഷിക്കുന്നുണ്ട്. കവിയുടെ 'ഗുരുപഥം" വായിച്ചതിലുള്ള സന്തോഷം ഒരു കത്തിലൂടെ ഞാൻ അദ്ദേഹത്തെ അറിയിച്ചിരുന്നു.
27-11-1999ൽ അദ്ദേഹത്തിന്റെ ലറ്റർപാഡിൽ വയലറ്റ് മഷിയിൽ മനോഹരമായ കൈയക്ഷരത്തിൽ എനിക്കു കിട്ടിയ മറുപടിക്കത്ത് ഇങ്ങനെയായിരുന്നു. ''നല്ല വാക്കുകൾ എപ്പോഴും അഴകും മണവുമുള്ള പൂക്കളെ പോലെയാണ്. അവ മനസിൽ സൗരഭ്യവും ആഹ്ളാദവും ഉളവാക്കും. കവിത ആസ്വദിക്കാൻ സഹൃദയത്വവും സത്യസന്ധതയും വേണം. ബാബുവിന്റെ വാക്കുകളിൽ ഞാൻ അതാണ് ദർശിക്കുന്നത്. അതിലുപരി മനുഷ്യസ്നേഹവും. എന്റെ വരകളും വാക്കുകളും കാണാനും കേൾക്കാനും അകലെയൊരനുജൻ കൂടി ഉണ്ടെന്നറിയുന്നതിൽ സന്തോഷമുണ്ട്. ബാബുവിന് സുഖമെന്ന് വിശ്വസിക്കുന്നു."
ഇരുപത്തൊന്നു വർഷങ്ങൾക്കുശേഷവും സ്നേഹത്തിന്റെ സുഗന്ധമുള്ള ആ കത്ത് പ്രിയ കവിയുടെ ഓർമ്മയ്ക്കായി നിധിപോലെ സൂക്ഷിക്കുന്നു.
ബാബുസേനൻ, ചെങ്ങന്നൂർ
സർക്കാരിനേറ്റ പ്രഹരം
വളരെ കോളിളക്കമുണ്ടാക്കിയ പെരിയ കൊലപാതകക്കേസിൽ സംസ്ഥാന പൊലീസിന്റെ അന്വേഷണം നിഷ്പക്ഷമല്ലെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ കേരളാ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞതിൽ പൊരുളുണ്ടെന്നു കണ്ടതിനാലാകാം, കേസ് കേന്ദ്ര ഏജൻസിയായ സി.ബി.ഐ അന്വേഷിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്. യഥാർത്ഥ കുറ്റവാളികളെ ശിക്ഷിപ്പിക്കുന്നതിന് ജാഗ്രത പുലർത്തേണ്ട ഭരണകൂടം അതിൽ വേവലാതിപ്പെടേണ്ടതില്ലായിരുന്നു. സുപ്രീംകോടതിയുടെ ഉത്തരവ് സർക്കാരിനേറ്റ പ്രഹരമാണെന്ന് മുഖപ്രസംഗത്തിലെഴുതിയ കൗമുദിയുടെ ധീരമായ നിലപാട് ശ്ളാഘനീയമാണ്.
എൻ. ഗോപിനാഥൻ, വടശേരിക്കോണം
കാമറ വയ്ക്കുമ്പോൾ ?
കസ്റ്റഡി പീഡനം തടയാൻ പൊലീസ് സ്റ്റേഷനുകളിൽ കാമറകൾ നിർബന്ധമാക്കണമെന്ന സുപ്രീംകോടതി ഉത്തരവ് കേരളകൗമുദിയിൽ വായിച്ചു.
ഈ ഉത്തരവ് ഏറെ പ്രശംസനീയമാണ്. എങ്കിലും കാമറകൾ അടിക്കടി ‘പ്രവർത്തനരഹിത"മാകാതിരിക്കാൻ ആരാണ് ശ്രദ്ധിക്കുക.
അബ്ദുൽ വാഹിദ്, കല്ലറ
ദേശീയ നഷ്ടം
സ്ത്രീ ശാക്തീകരണത്തിനു പ്രാധാന്യം കല്പിക്കുന്ന കാലമാണിത്. അതേസമയം പ്രൊഫഷണൽ വിദ്യാഭ്യാസം തുടങ്ങി പലതും പാസായ സ്ത്രീകൾ ജോലിക്കു പോകാതെ അറിവുകളും കഴിവുകളും പ്രകടിപ്പിക്കാതെ വെറുതെയിരിക്കുന്നുണ്ട്. പ്രത്യേകിച്ച് വിവാഹിതരായവർ. ഇതൊരു ദേശീയ നഷ്ടവും കൂടിയാണ്. ഇവർക്ക് വേണ്ടിയും രാജ്യം ധനം ചെലവഴിച്ചിട്ടുണ്ട്.
ഇങ്ങനെയുള്ള സ്ത്രീകളുടെ കഴിവുകളെ കാണാതിരിക്കാൻ പറ്റത്തില്ല. വികസന പ്രക്രിയയിൽ ഇതൊരു നഷ്ടവുമാണ്. ചിന്തിക്കേണ്ട കാര്യമാണിത്.
സി.എസ്. വർഗീസ്,
കോടുകുളഞ്ഞി കൊച്ചി