spacex-starship

വാഷിംഗ്ടൺ: ചൊവ്വാ ദൗത്യങ്ങൾക്കായി സ്പേസ് എക്സ് വികസിപ്പിക്കുന്ന മാർസ് റോക്കറ്റ് സ്റ്റാർഷിപ്പ് പ്രോട്ടോടൈപ്പ് പരീക്ഷണ വേളയിൽ ടെക്സാസിൽ പൊട്ടിത്തെറിച്ചു. ഡിസംബർ 9നാണ് സംഭവം നടന്നത്.ചൊവ്വാ ദൗത്യത്തിനായി വികസിപ്പിച്ചെടുക്കുന്ന റോക്കറ്റിന്റെ അവസാന പതിപ്പാണ് പരീക്ഷണവിധേയമായത്. ടേക്ക് ഓഫ് മികച്ചതായിരുന്നെങ്കിലും ലാൻഡിംഗിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. എന്നാൽ, പരീക്ഷണത്തെക്കുറിച്ച് സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക് ആവേശഭരിതനായാണ് ട്വീറ്റ് ചെയ്തത്. ചൊവ്വാ, ഇതാ ഞങ്ങൾ വരുന്നു, എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

അതിവേഗത്തിലുള്ള തിരിച്ചിറക്കമാണ് ലാൻഡിംഗ് അവതാളത്തിലാക്കിയതെന്ന് മസ്ക് പറഞ്ഞു. ലാൻഡിംഗ് ബേൺ സമയത്ത് ഇന്ധന ഹെഡർ ടാങ്കിന്റെ മർദ്ദം കുറവായിരുന്നു, പക്ഷേ ഞങ്ങൾക്ക് ആവശ്യമായ എല്ലാ ഡേറ്റയും ലഭിച്ചു എന്നും മസ്ക് ട്വീറ്റ് ചെയ്തു. സ്‌പേസ് എക്‌സ് ടീമിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

അതേസമയം, ആറ് മിനിറ്റ് 42 സെക്കൻഡാണ് പേടകം സഞ്ചരിച്ചത്.ഇത് ആദ്യമായാണ് സ്റ്റാർഷിപ്പ് പേടകം ഇത്രയും സമയം സഞ്ചരിക്കുന്നത്.

എസ്‌.എൻ‌ 8 ന്റെ (സ്റ്റാർ‌ഷിപ്പ് നമ്പർ 8) വലിയ മെറ്റൽ ബോഡിയും പുതിയ മൂന്ന് എൻജിനുകളും പരിശോധിക്കുന്നതിനാണ് ടെസ്റ്റ് ഫ്ലൈറ്റ് നടപ്പിലാക്കിയത്. പേടകം ഭൂമിയിലേക്ക് മടങ്ങുമ്പോൾ ലംബമായി തന്നെ വരുന്നുണ്ട്. എന്നാൽ, അവസാന നിമിഷം പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌പേസ് എക്‌സിന്റെ മുൻ‌നിര ഫാൽക്കൺ 9 റോക്കറ്റിന്റെ അതേ ടെക്നോളജി തന്നെയാണ് ഇതിലും ഉപയോഗിക്കുന്നത്.