afgan-journalist

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ടെലിവിഷൻ അവതാരകയും മാദ്ധ്യമപ്രവർത്തകയുമായ യുവതിയെ വെടിവെച്ചുകൊന്നു. നംഗർഹാർ പ്രവിശ്യയിൽ വ്യാഴാഴ്ചയാണ് സംഭവം. ജോലിക്കായി കാറിൽ പോകവെയാണ് മലാല മൈവാന്തിനു നേരെ അക്രമികൾ വെടിയുതിർത്തത്. സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തക കൂടിയാണ് മലാല. കൊലയാളിയെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

സംഭവത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനകളോ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളോ ഏറ്റെടുത്തിട്ടില്ല. അടുത്തയിടെ കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പൗരന്മാരെ കൊലപ്പെടുത്തിയ സംഭവത്തിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകര സംഘടനയായ ഐ എസ് രംഗത്തെത്തിയിരുന്നു.

അതേസമയം, നവംബറിൽ അഫ്ഗാനിസ്ഥാനിലെ മദ്ധ്യ ഗസ്നി പ്രവിശ്യയിൽ ക്രൈം ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥയായി ജോലി ചെയ്യുകയായിരുന്നു ഖതേര എന്ന യുവതിക്ക് വെടിയേറ്റിരുന്നു. ഇവരുടെ കാഴ്ച ശക്തി നഷ്ടമായി. വീട്ടുകാരുടെ എതിർപ്പ് വകവെയ്ക്കാതെ ജോലിക്ക് പോയതിന് താലിബാൻ ഖതേരയെ ആക്രമിച്ചുവെന്നാണ് പ്രദേശിക ഭരണകൂടം ആരോപിക്കുന്നത്. ഇസ്ലാമിക ആചാരങ്ങൾക്ക് വിരുദ്ധമായി വീടിനു പുറത്തുപോയി ജോലി ചെയ്യുന്ന സ്ത്രീകൾ കടുത്ത ആക്രമണമാണ് അഫ്ഗാനിൽ നേരിടുന്നത്. കഴിഞ്ഞ മാസം രണ്ട് മാദ്ധ്യമ പ്രവ‍ര്‍ത്തകരെ അഫ്ഗാനിൽ കൊലപ്പെടുത്തിയിരുന്നു.