insurance

ന്യൂഡൽഹി: രാജ്യത്തെ പകുതിയിലേറെ വാഹനങ്ങളും ഓടുന്നത് ഇൻഷ്വറൻസില്ലാതെയെന്ന് ഇൻഷ്വറൻസ് ഇൻഫർമേഷൻ ബ്യൂറോയുടെ റിപ്പോർട്ട്. കഴിഞ്ഞവർഷം മാർച്ചിലെ കണക്കുപ്രകാരം രാജ്യത്ത് നിരത്തിലുള്ളത് 23 കോടി വണ്ടികളാണ്. ഇവയിൽ 57 ശതമാനത്തിനും ഇൻഷ്വറൻസില്ല; അതായത് 13.2 കോടി വാഹനങ്ങൾ തേർഡ് - പാർട്ടി ഇൻഷ്വറൻസില്ലാതെയാണ് അവയുടെ ഉടമകൾ കൊണ്ടുനടക്കുന്നത്.

2017-18ൽ 54 ശതമാനം വാഹനങ്ങൾക്കും തേർഡ് പാർട്ടി ഇൻഷ്വറൻസ് ഇല്ലായിരുന്നു. അധികൃതരുടെ പരിശോധനക്കുറവാണ് ഉപഭോക്താക്കൾ ഇൻഷ്വറൻസ് പുതുക്കാത്തതിന് പ്രധാന കാരണമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ഇൻഷ്വറൻസ് പുതുക്കുന്നത് സംബന്ധിച്ച കൃത്യമായി അറിയിപ്പ് കമ്പനികളിൽ നിന്ന് ഉപഭോക്താക്കൾക്ക് കിട്ടുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്.

2017-18ൽ 21.1 കോടി വാഹനങ്ങളാണ് നിരത്തിലുണ്ടായിരുന്നത്. ഇതിന്റ 54 ശതമാനമായ 11.4 കോടി വാഹനങ്ങൾക്കും ആ വർഷം ഇൻഷ്വറൻസ് ഉണ്ടായിരുന്നില്ല. തൊട്ടടുത്തവർഷം മാത്രം ഇൻഷ്വറൻസില്ലാത്ത വാഹനങ്ങളിലുണ്ടായ വർദ്ധന രണ്ടു കോടിയാണ്. ഇൻഷ്വറൻസില്ലാത്തവയിൽ 66 ശതമാനവും ടൂവീലറുകളാണ്. ഇന്ത്യയിലെ മൊത്തം വാഹനങ്ങളിൽ 75 ശതമാനവും ടൂവീലറുകളാണ്.

ദക്ഷിണേന്ത്യയ്ക്കുണ്ട്

കരുതൽ

കേരളമടക്കം ദക്ഷിണേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും കൂടുതൽ ശതമാനം വാഹനങ്ങളും ഇൻഷ്വറൻസ് ഉള്ളവയാണ്. കേരളത്തിലും മറ്റും മോട്ടോർ വാഹന വകുപ്പിന്റെ കാര്യക്ഷമമായ പരിശോധനയും ബോധവത്കരണങ്ങളുമാണ് കാരണം. രാജ്യത്ത്, 15 സംസ്ഥാനങ്ങളിൽ 60 ശതമാനത്തിലേറെ വാഹനങ്ങൾക്കും ഇൻഷ്വറൻസില്ലെന്ന് ഇൻഷ്വറൻസ് ഇൻഫർമേഷൻ ബ്യൂറോ പറയുന്നു.

ഇൻഷ്വറൻസ്

ഇല്ലെങ്കിൽ...

2018-19ൽ വാഹനാപകടങ്ങളിലെ മരണങ്ങൾക്ക് ശരാശരി ക്ളെയിം ചെയ്യപ്പെട്ടത് ഒമ്പതുലക്ഷം രൂപയാണ്. പരിക്കിന് രണ്ടരലക്ഷം രൂപയും. തേർഡ് പാർട്ടി ഇൻഷ്വറൻസ് ഇല്ലെങ്കിൽ ഇത്തരം നഷ്‌ടപരിഹാരം കിട്ടില്ല. ഉയർന്ന തുക നഷ്‌ടപരിഹാരം ലഭ്യമാക്കാനുള്ള സാമ്പത്തികശേഷി വാഹന ഉടമകൾക്ക് ഉണ്ടാവണമെന്നുമില്ല.